ബെർലിൻ: വിദേശത്തു നിന്ന് കൂടുതൽ സ്‌കിൽഡ് വർക്കർമാരെ ആകർഷിക്കാനുള്ള പദ്ധതികളുമായി ജർമനി. ഇതിന്റെ ഭാഗമായി ഏതാനും യൂറോപ്യൻ രാജ്യങ്ങളിൽ നടത്തുന്നതു പോലെ പോയിന്റ് ബേസ്ഡ് ഇമിഗ്രേഷൻ സംവിധാനം ഉടൻ ജർമനിയും ആരംഭിക്കും. അഭയാർഥികളുടെ അനിയന്ത്രിതമായ ഒഴുക്കു മൂലം കഷ്ടപ്പെടുന്ന യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് ഘടനയായ ജർമനിക്ക് നിലവിൽ വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നാണ് പുറത്തു വന്നിരിക്കുന്ന റിപ്പോർട്ടുകൾ.

കാനഡ, ന്യൂസിലാൻഡ് ഇമിഗ്രേഷൻ സംവിധാനത്തിന് തുല്യമായ രീതിയിലാണ് ജർമനിയും ഇമിഗ്രേഷൻ സംവിധാനം മാറ്റുന്നത്. ഇതിന്റെ ഭാഗമായി സൗത്ത് വെസ്റ്റ് റീജനായ  Baden Wuerttemberg-ൽ ഇത് ആദ്യമായി നടപ്പാക്കുകത. നിരവധി വൻകിട ഓട്ടോമൊബൈൽ, മെഷിനറി സ്ഥാപനങ്ങളും ഇവിടെയാണ് ഉള്ളത്. ഈ ശരത് കാലം മുതൽ നോൺ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള ക്വാളിഫൈഡ് പ്രൊഫഷണലുകൾക്ക് മൂന്നു വർഷത്തേക്ക് വർക്ക് പെർമിറ്റ് നൽകുമെന്നാണ് ലേബർ മിനിസ്റ്റർ ആൻഡ്രിയ നേഹ്ൾസ് വ്യക്തമാക്കിയിരിക്കുന്നത്. Baden Wuerttemberg-ൽ ആയിരിക്കും ഇവർക്ക് തൊഴിൽ ലഭിക്കുക. അതേസമയം ജർമൻ ഭാഷാ സ്‌കിൽ വേണമെന്നുള്ളതാണ് ഏറ്റവും പ്രധാന ഘടകം.

നിലവിൽ യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് ജർമനിയിൽ വന്ന് തൊഴിൽ ചെയ്യുന്നതിന് തടസമൊന്നുമില്ലാത്തതിനാൽ ഇത്തരം ഇമിഗ്രേഷൻ കടമ്പകളൊന്നും ബാധകമല്ല. ജർമനിയിലെ ജനസംഖ്യയിൽ നല്ലൊരു ശതമാനവും പെട്ടെന്ന് പ്രായമായിക്കൊണ്ടിരിക്കുന്നവരാകയാൽ ചില ജർമൻ വ്യവസായ സ്ഥാപനങ്ങൾ മാൻപവർ കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടുന്നുണ്ടെന്നാണ് റിപ്പോർട്ട്. രാജ്യത്തിന്റെ സമ്പദ് ഘടനയ്ക്ക് ഈ വ്യവസായ സ്ഥാപനങ്ങൾ മികച്ച സംഭാവന നൽകുന്നതിനാൽ,  യൂറോപ്യൻ യൂണിയനു പുറത്തു നിന്നുള്ള സ്‌കിൽഡ് വർക്കർമാരെ ആകർഷിക്കുന്നതിന് രാജ്യത്തെ ഇമിഗ്രേഷൻ നിയമങ്ങളിൽ അഴിച്ചുപണി നടത്താൻ പോലും സർക്കാർ തയാറായത്.