ചെന്നൈ: ഇളയരാജയുടെ പുത്രൻ അബ്ദുൾ ഹാലിഖിനെ ''സ്വന്തം വീട്ടിലേ''ക്കു മടക്കിക്കൊണ്ടുവന്ന്, പഴയ യുവൻ ശങ്കർ രാജയാക്കാൻ വീണ്ടും കഴിയുമോ എന്ന ആലോചനയിലാണിപ്പോൾ ഘർ വാപസി സംഘാടകരും അച്ഛൻ ഇളയരാജയും.

പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയുടെ മകനും തമിഴ് സംഗീത സംവിധായകനുമായ യുവൻ ശങ്കർ രാജ ഇസ്ലാം മതം സ്വീകരിച്ചത് വിവാദമായിരുന്നില്ലെങ്കിലും മൂന്നാമത്തെ വിവാഹം കഴിഞ്ഞപ്പോഴാണ് സംഗതി അൽപം കുഴപ്പമാണെന്ന കാര്യം മനസിലായത്. പുതുവത്സരദിനത്തിൽ തമിഴ്‌നാട്ടിലെ രാമനാഥപുരത്തു വച്ചാണ് യുവൻ മൂന്നാമതും വിവാഹിതനായത്. മലേഷ്യയിൽ ഫാഷൻ ഡിസൈനറായ സഫ്രുനിസയായിരുന്നു വധു. വിവാഹത്തിൽ പിതാവ് ഇളയരാജ പങ്കെടുത്തിരുന്നില്ല. മുസ്ലിം മതാചാര പ്രകാരം നടന്ന വിവാഹത്തിൽ യുവന്റെ സഹോദരി ഭവതാരിണിയും ഭർത്താവ് ശബരിയും പങ്കെടുത്തു.

യുവന്റെ ആദ്യ രണ്ടു വിവാഹങ്ങളും വിവാഹമോചനത്തിൽ കലാശിക്കുകയായിരുന്നു. 2005 ൽ സുജയ ചന്ദ്രനെയാണ് യുവൻ ആദ്യം വിവാഹം ചെയ്തത് . ഈ ബന്ധം 2008 ൽ അവസാനിപ്പിച്ച യുവൻ പിന്നീട് തിരുപ്പതിയിൽ വച്ച് ശിൽപ മോഹനെ വിവാഹം ചെയ്തു. കഴിഞ്ഞ വർഷമാണ് ഇവർ വിവാഹമോചിതരായത്. മുസ്ലിം യുവതിയായ സഫ്രുനിസയുമായുള്ള വിവാഹത്തിനാണ് യുവൻ ഇസ്ലാം മതം സ്വീകരിച്ചതെന്ന വാർത്ത പ്രചരിച്ചതോടെ അബ്ദുൾ ഹാലിഖിനെ ഘർ വാപസി നടത്തി വീണ്ടും യുവൻ ശങ്കർ രാജയാക്കാനുള്ള ശ്രമത്തിലാണ് ഇളയരാജ.