തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്ക് എന്ന പേരിൽ നടക്കുന്ന തൊഴിൽ തട്ടിപ്പുകൾക്കെതിരെ വ്യാപകമായ ബോധവത്ക്കരണം സർക്കാർ തലത്തിൽ തന്നെ നടക്കുന്നുണ്ടെങ്കിലും ഇതൊന്നും താഴെത്തട്ടിലേക്ക് എത്തുന്നില്ല. ലക്ഷങ്ങൾ ആണ് ഇപ്പോഴും കേരളത്തിലെ ഉദ്യോഗാർഥികൾക്ക് വിദേശ തൊഴിൽ തട്ടിപ്പുകളിൽപ്പെട്ട് നഷ്ടമാകുന്നത്. വിദേശ ജോലി വാഗ്ദാനം ചെയ്ത് തൊഴിൽ തട്ടിപ്പുകൾ ഇപ്പോഴും കേരളത്തിൽ നിർബാധം നടക്കുകയാണെന്നാണ് ഗസ്സിയാബാദ് ഇസി എസ് ക ൺസൾറ്റൻസിയുടെ വലയിൽ കുടുങ്ങിയ മലയാളികളുടെ അനുഭവം വ്യക്തമാക്കുന്നത്.

ഉസ്‌ബെക്കിസ്ഥാനിലും ദുബായിലും ഓയിൽ കമ്പനികളിൽ ജോലി വാഗ്ദാനം ചെയ്ത് നോർത്തിന്ത്യൻ കമ്പനിയാണ് ഇപ്പോൾ കേരളത്തിലെ ഉദ്യോഗാർത്ഥികളിൽ നിന്നും ലക്ഷങ്ങൾ തട്ടിയിരിക്കുന്നത്. കമ്പനി ഗസ്സിയാബാദ് ആണെങ്കിലും ഇതുമായി ബന്ധമുള്ളവർ കേരളത്തിൽ സജീവമാണ് എന്നാണ് സൂചന. ഇവരാണ് കേരളത്തിലെ ഉദ്യോഗാർത്ഥികളെ ഗസ്സിയാബാദ് റാക്കറ്റുമായി ബന്ധിപ്പിക്കുന്നത്. ഉദ്യോഗാർത്ഥികൾ ഗസ്സിയാബാദ് റാക്കറ്റിൽ എത്തിക്കഴിഞ്ഞാൽ അവരെ ബന്ധിപ്പിക്കുന്ന മലയാളികൾ അപ്രത്യക്ഷമാകുന്ന അവസ്ഥയാണ്. തട്ടിപ്പിന്നിരയായവർ ഗസ്സിയാബാദിൽ നിന്ന് കബളിപ്പിക്കപ്പെട്ടപ്പോൾ അവരെ റാക്കറ്റുമായി ബന്ധപ്പെടുത്തിയവരെ കുറിച്ചും അന്വേഷിച്ചപ്പോൾ അവർക്കുറിച്ചും സൂചനകളില്ല. ഗസ്സിയാബാദ് ആസ്ഥാനമാക്കിയ ഇസിഎസ് കൺസൾട്ടൻസിയുടെ വലയിലാണ് മലയാളികൾ അടക്കമുള്ള ഒട്ടനവധി പേർ ഇപ്പോൾ കുടുങ്ങിയിരിക്കുന്നത്.

15000-മുതൽ മുപ്പതിനായിരം രൂപ വരെ ഉദ്യോഗാർത്ഥികൾക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. കൊല്ലത്തും നിന്നും കണ്ണൂർ നിന്നുമുള്ളവർ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ലുക്ക് ഓയിൽ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്താണ് ഇസിഎസ് കൺസൾട്ടൻസി എന്ന കമ്പനി പണം വാങ്ങിയത്. വിമാനത്തുകയ്ക്കും മെഡിക്കലിനും സർവീസ് ചാർജ് ഇനത്തിലും നൽകിയ തുകകളും പാസ്‌പോർട്ട് ഉൾപ്പെടെയുമാണ് ഉദ്യോഗാർത്ഥികൾക്ക് നഷ്ടമായത്. വിസയുടെ കോപ്പികൾ കമ്പനി ആദ്യമേ വിതരണം ചെയ്തപ്പോൾ അതിൽ കുടുങ്ങിയാണ് ഉദ്യോഗാർത്ഥികൾ പാസ്പോർട്ടും തുകയും നൽകാൻ തയ്യാറായത്. വിസ ഒറിജിനലോ ഡ്യൂപ്പിക്കേറ്റോ എന്ന് തിരിച്ചറിയുന്നതിൽ പരാജയപെട്ടതാണ് പല ഉദ്യോഗാർഥികളുടെയും പണം നഷ്ടമാകാൻ ഇടയായത്. ഇത് വ്യാജ കൺസൽട്ടൻസിക്ക് തുണയാകുകയും ചെയ്തു. ഉദ്യോഗാർത്ഥികൾ തമ്മിൽ പരസ്പരം അറിയാത്തതിനാൽ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമല്ല. ഒട്ടനവധി പേർക്ക്, കേരളത്തിൽ നിന്നുള്ളവർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ളവർക്ക് വൻ തുകകൾ നഷ്ടമായതാണ് സൂചന.

കഴിഞ്ഞ 17 നു കൊച്ചിയിൽ നിന്ന് വിമാനം കയറണമെന്നു ആവശ്യപ്പെട്ട കൺസൾട്ടൻസിയിൽ നിന്ന് വിമാന ടിക്കറ്റും നിർദ്ദേശങ്ങളും ലഭിക്കാത്തതിനെ തുടർന്ന് 15 നു ഗസ്സിയാബാദിൽ ബന്ധപ്പെട്ടപ്പോഴാണ് ഇവർ നൽകിയ മുഴുവൻ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്യപ്പെട്ടതായും തങ്ങൾ വഞ്ചിതരായെന്നും ഉദ്യോഗാർത്ഥികൾ മനസിലാക്കുന്നത്. ഗൾഫിൽ മുൻപ് ജോലി പരിചയമുണ്ടായിട്ടും ഈ തട്ടിപ്പിൽ കുരുങ്ങാതെ രക്ഷപ്പെടാൻ തനിക്കും സാധിക്കാത്ത അവസ്ഥ വന്നെന്നു തട്ടിപ്പിന്നിരയായ കണ്ണൂർ സ്വദേശി ജിജേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇപ്പോൾ പണവും പാസ്പോർട്ടും നഷ്ടമായ അവസ്ഥയിലാണ് ഇസിഎസ് കൺസൾട്ടൻസിയുടെ തട്ടിപ്പിൽ ഇരയായ കണ്ണൂരിൽ നിന്നുള്ള ജിജേഷ്. പലർക്കും പണം പോയപ്പോൾ കമ്പനി പാസ്‌പോർട്ട് തിരികെ നൽകിയപ്പോൾ ജിജേഷിന് പാസ്പോർട്ടും ലഭിച്ചില്ല. മസ്‌ക്കറ്റിൽ മൂന്നു വർഷവും ഖത്തറിൽ രണ്ടു വർഷവും ജോലി ചെയ്ത് നാട്ടിൽ വന്നശേഷമാണ് ജിജേഷ് വീണ്ടും ഗൾഫിലോ മറ്റു രാജ്യങ്ങളിലോ ജോലിക്ക് ശ്രമിക്കുന്നത്. ഒരു സുഹൃത്ത് നൽകിയ വിസിറ്റിങ് കാർഡിൽ ബന്ധപ്പെട്ടപ്പോഴാണ് ഗസ്സിയാബാദ് കമ്പനിയുടെ തട്ടിപ്പിൽ കുരുങ്ങുന്നത്. ആദ്യമേ വിസ നൽകിയതിനാൽ ജിജേഷിന് സംശയം തോന്നിയില്ല.

പക്ഷെ വിസ വ്യാജമോ ഒറിജിനലോ എന്ന് തിരിച്ചറിയുന്നതിൽ ജിജേഷിന് പരാജയം പിണഞ്ഞു. കമ്പനി ജിജേഷിനോട് വിമാന ടിക്കറ്റിനു പണം ആവശ്യപ്പെടുകയും ചെയ്തു. ഇങ്ങിനെ പണം നൽകുന്ന രീതി ഇല്ലെന്ന് ജിജേഷ് പറഞ്ഞപ്പോൾ ആദ്യം 20000 രൂപ ആവശ്യപ്പെട്ട കമ്പനി പിന്നീട് 15000 മതിയെന്ന് സമ്മതിക്കുകയായിരുന്നു. അതുപ്രകാരം 15000 രൂപ ജിജേഷ് ബാങ്ക് വഴി നൽകി. മെഡിക്കൽ കേരളത്തിൽ നിന്നും എടുത്ത് നൽകുകയും പാസ്‌പോർട്ട് കൊറിയർ വഴിയുമാണ് അയച്ചത്. കമ്പനിക്ക് നൽകിയ തുകയും പാസ്പോർട്ടും ജിജേഷിന് നഷ്ടമായി. കൊല്ലത്ത് നിന്നുള്ള സുനിലിനും വിമാന ടിക്കറ്റിന്റെ തുക നഷ്ടമായിട്ടുണ്ട്. പക്ഷെ സുനിലിന് പാസ്‌പോർട്ട് തിരികെ ലഭിച്ചതായാണ് വിവരം. പലരും ഗസ്സിയാബാദിൽ പോയാണ് മെഡിക്കലും മറ്റു കാര്യങ്ങളും ചെയ്തത്.

ഒട്ടനവധി ഉദ്യോഗാര്ത്ഥികൾ ആ ഘട്ടത്തിൽ ഗസ്സിയാബാദിൽ ഉണ്ടായിരുന്നതായി സൂചനയുണ്ട്. ഇവർക്ക് എല്ലാം പണം നഷ്ടമായതായാണ് വിവരം. ഇപ്പോൾ പണം നഷ്ടമായവർ പരസ്പരം ബന്ധപ്പെടാനുള്ള ഒരുക്കത്തിലാണ്. കേരളത്തിൽ നിന്നും എത്ര പേർ കമ്പനിയുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട് എന്നതിന്റെ കണക്ക് കിട്ടുമോ എന്നാണ് തട്ടിപ്പിന്നിരയായവർ നോക്കുന്നത്. അതുകഴിഞ്ഞു പൊലീസിൽ പരാതിപ്പെടാനാണ് ഇവരുടെ നീക്കം.