മലപ്പുറം : ഇന്തോ ഗൾഫ് ബന്ധം ഊഷ്മളമാക്കുന്നതിനും സാഹിത്യ സാംസ്‌കാരിക ജീവകാരുണ്യ പരിപാടികൾ പ്രോൽസാഹിപ്പിക്കുന്നതിനും രൂപീകൃതമായ ഗൾഫ് ഇന്ത്യഫ്രണ്ട്ഷിപ്പ് അസോസ്സിയേഷന്റെ പ്രഥമ ഹ്യുമാനിറ്റി സർവീസ് അവാർഡിന് മലപ്പുറം ജില്ലയിലെ പുളിക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്ളോബൽ ഇസ്ലാമിക് ഫൗേഷൻ ഫോർ ദ ബ്ളൈൻഡിനെ ( ജിഫ്ബിയെ) തെരഞ്ഞെടുത്തതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സാധാരണ ഗതിയിൽ ഭിക്ഷാടനം നടത്തിയും മറ്റുള്ളവരെ ആശ്രയിച്ചും കഴിയുന്ന സമൂഹത്തിലെ അന്ധരായവരെ കണ്ടെത്തി അവർക്ക് അനുയോജ്യമായ വിദ്യാഭ്യാസവും മാന്യമായ തൊഴിലും ഉറപ്പാക്കുന്ന മാതൃകാപരമായ പ്രവർത്തനമാണ് ജിഫ്ബി ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അവാർഡ് കമ്മറ്റി വിലയിരുത്തി. മുഹമ്മദുണ്ണി ഒളകര ചെയർമാനും പ്രൊഫസർ അബ്ദുൽ അലി, അമാനുല്ല വടക്കാങ്ങര എന്നിവർ അംഗങ്ങളുമായ കമ്മറ്റിയാണ് ജിഫ്ബിയെ ഈ വർഷത്തെ അവാർഡിന് തെരഞ്ഞെടുത്തത്.

ഇ.ടി. മുഹമ്മദ് ബഷീർ എം. പി. യുടെ നേതൃത്വത്തിൽ സേവന സന്നദ്ധരായ ഒരു സംഘം ചെറുപ്പക്കാർ മുൻകൈയെടുത്തു പ്രവർത്തിക്കുന്ന ജിഫ്ബി കാമ്പസിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി അന്ധ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഡിജിറ്റൽ സാങ്കേതിക വിദ്യയും നൂതന പാഠ്യസംവിധാനങ്ങളും പ്രയോജനപ്പെടുത്തുന്ന ഈ സംരംഭം മാതൃകാപരമായ ഒരു സ്ഥാപനമാണ്.

ഒരു ലക്ഷത്തി ഒന്ന് രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഇന്ത്യക്കകത്തും പുറത്തുനിന്നുമുള്ള നിരവധി പ്രമുഖരുടെ സാന്നിധ്യത്തിൽ ഈ മാസം 29 ന് ജിഫ്ബി കാമ്പസിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും.

ഗിഫ യുടെ ഈ വർഷത്തെ സാഹിത്യ അവാർഡ് ഗൾഫിലെ മാദ്ധ്യമ പ്രവർത്തകരുടെ സൃഷ്ടികൾക്കായിരിക്കും. കഥ, കവിത, നോവൽ, ഗദ്യ സാഹിത്യം, വിവർത്തനം എന്നീ അഞ്ചു വിഭാഗങ്ങളിലായി അഞ്ച് പേർക്കാണ് അവാർഡ് നൽകുക. 2013 ജനുവരി 1 മുതൽ 2016 ഒക്ടോബർ 31 വരെ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളാണ് അവാർഡിന് പരിഗണിക്കുക. പുസ്തകത്തിന്റെ മൂന്നുകോപ്പികളും ജോലി ചെയ്യുന്ന മാദ്ധ്യമ സ്ഥാപനത്തിന്റെ സാക്ഷ്യപത്രവും സഹിതം ചീഫ് കോർഡിനേറ്റർ, ഗിഫ, പോസ്റ്റ് ബോക്സ് 23143, ദോഹ ഖത്തർ എന്ന വിലാസത്തിൽ നവംബർ 30 ന് മുമ്പായി ലഭിക്കണം. ജനുവരിയിൽ ദുബൈയിലോ ദോഹയിലോ നടക്കുന്ന വിപുലമായ ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.

ഗിഫ ചെയർമാൻ പ്രൊഫ. എം. അബ്ദുൽഅലി, അവാർഡ് കമ്മിറ്റി ചെയർമാൻ മുഹമ്മദുണ്ണി ഒളകര, ചീഫ് കോർഡിനേറ്റർ അമാനുല്ല വടക്കാങ്ങര, ജോ. സെക്രട്ടറി കുഞ്ഞി മുഹമ്മദ് കൂരിമണ്ണിൽ , ട്രഷറർ ജൗഹറലി തങ്കയത്തിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.