- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതിയിൽ ആവശ്യപ്പെട്ടത് സ്വതന്ത്രയായി പോകാൻ അനുവദിക്കണമെന്ന്; 40 ദിവസം രണ്ടു മതപഠന കേന്ദ്രത്തിലായി കഴിഞ്ഞതിനു ശേഷം ഭർത്താവിനെ വിളിച്ചത് രക്ഷപ്പെടുത്തണമെന്ന ആവശ്യവുമായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഷൈനി തിരിച്ചെത്തി; സിപിഎം പുറത്താക്കിയ ഗിൽബർട്ടിന് ഭാര്യയെ തിരിച്ചു കിട്ടി; ആ തടങ്കൽ കഥ ഷൈനി പറയുമ്പോൾ
കോഴിക്കോട് :ഗിൽബർട്ടിന് ഒടുവിൽ ഭാര്യയെ തിരിച്ചുകിട്ടു. വലിയ വിവാദവും ചർച്ചയും ഉയർത്തി ഭർത്താവിനെ ഉപേക്ഷിച്ചു മതം മാറാനായി പോയ ഷൈനിയാണ് തിരികെ എത്തിയത്. 40 ദിവസം രണ്ടു മതപഠന കേന്ദ്രത്തിലായി കഴിഞ്ഞതിനു ശേഷമാണ് ഇവർ സഹായത്തിനായി ഭർത്താവിനെ വിളിച്ചത്. തുടർന്ന് ഭർത്താവിന്റെ ഇടപെടലിൽ മതപഠനകേന്ദ്രത്തിൽനിന്നു രക്ഷപ്പെട്ടു രഹസ്യ കേന്ദ്രത്തിലേക്കു മാറുകയായിരുന്നു.
കോഴിക്കോട് സർവകലാശാലയ്ക്ക് അടുത്തു നീരോൽപ്പലത്തെ ഷൈനി എന്ന യുവതിയാണ് തിരികെ എത്തിയത്. സിപിഎം നീരോൽപ്പലം ബ്രാഞ്ച് കമ്മിറ്റിയംഗവും സിഐടിയു തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗവുമായിരുന്നു പി.ടി.ഗിൽബർട്ട്. ടാക്സി ഓടിച്ചാണ് കുടുംബം പുലർത്തിയിരുന്നത്. വിവാദത്തിൽ ഗിൽബർട്ടിനെ പാർട്ടി പുറത്താക്കിയിരുന്നു. ഷൈനി തിരിച്ചെത്തിയെന്ന വാർത്ത ദീപികയാണ് നൽകുന്നത്. വാർത്തയിലെ വിശദാംശങ്ങൾ ഞെട്ടിക്കുന്നതാണ്.
ഗിൽബർട്ടിന്റെ ഭാര്യ ഷൈനിയാണ് ഭർത്താവിനെ ഉപേക്ഷിച്ചു കുട്ടിയുമായി മതംമാറാനായി പോയത്. ചില സംഘടനകൾ ഭാര്യയെയും മകനെയും നിർബന്ധിത മതപരിവർത്തനത്തിനു വിധേയമാക്കാൻ തട്ടിക്കൊണ്ടുപോയെന്നാരോപിച്ചു ഗിൽബർട്ട് രംഗത്തുവന്നു. ഇതോടെയാണ് പാർട്ടി പുറത്താക്കിയത്. ചില അയൽവാസികളുടെ നേതൃത്വത്തിലാണ് ഭാര്യയെ അവർ വലയിലാക്കിയതെന്നും ഗിൽബർട്ടിന്റെ പരാതിയിൽ പറഞ്ഞിരുന്നു.
ഭാര്യയെയും മകനെയും കണ്ടെത്തി നൽകണമെന്നാവശ്യപ്പെട്ടു ഹേബിയസ് കോർപ്പസ് ഹർജിയും നൽകിയിരുന്നു. എന്നാൽ, കോടതിയിൽ ഹാജരായപ്പോൾ തന്നെ സ്വതന്ത്രയായി പോകാൻ അനുവദിക്കണമെന്നാണ് യുവതി ആവശ്യപ്പെട്ടത്. സ്വന്തം ഇഷ്ട പ്രകാരമാണ് മതം മാറിയതെന്നും ആരും ശാരീരികമായോ മാനസികമായോ ഉപദ്രവിച്ചിട്ടില്ലെന്നും യുവതി പറഞ്ഞിരുന്നു.
ഇതോടെ യുവതിയെ കോടതി വിട്ടയച്ചു. തുടർന്നു മതപഠനകേന്ദ്രത്തിലേക്ക് എത്തുകയായിരുന്നു യുവതി. 40 ദിവസത്തോളം രണ്ടു മതപരിവർത്തന കേന്ദ്രങ്ങളിലായി കഴിഞ്ഞെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. അവിടെ നടക്കുന്ന സംഭവങ്ങളോടും രീതികളോടും ഒട്ടും പൊരുത്തപ്പെടാൻ കഴിയാതെ താൻ ഭർത്താവിനെ വീണ്ടും വിളിക്കുകയും രക്ഷിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നെന്നു ഷൈനി പറയുന്നു.
പുറത്തേക്കു പോകാനോ യാത്ര ചെയ്യാനോ സ്വാതന്ത്ര്യമില്ലാതെ തടങ്കലിനു തുല്യമായ അവസ്ഥയിലാണ് ഇവിടെ പെൺകുട്ടികൾ കഴിയുന്നതെന്നു ഷൈനി വെളിപ്പെടുത്തി. കോഴിക്കോട്ടെ ഒരു കേന്ദ്രത്തിൽനിന്നാണ് ഇവർ തിരികെ എത്തിയത്. ആദ്യം വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന മറ്റൊരു കേന്ദ്രത്തിലായിരുന്നെന്നും അവിടെനിന്നാണ് ഇവിടേക്കു മാറ്റിയതെന്നും ഇവർ പറയുന്നു.
മുപ്പതോളം പെൺകുട്ടികൾ ഇവിടെ കഴിയുന്നുണ്ട്. ഇവിടെ താമസിക്കുന്ന ഒരു യുവതി ലൈംഗികമായി ആക്രമിക്കപ്പെട്ടതായി തന്നോടു പറഞ്ഞെന്നും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. ഭാര്യയെ കാണാതായതിനെത്തുടർന്നു സഹായം തേടി ഗിൽബർട്ട് സിപിഎമ്മിനേയും സമീപിച്ചിരുന്നു. പിന്നീടു പാർട്ടിയെ പരസ്യമായി വിമർശിച്ചു എന്ന കുറ്റം ചുമത്തി ഗിൽബർട്ടിനെതിരേ സിപിഎം നടപടിയെടുത്തു. ഇതും വിവാദമായി.
മറുനാടന് മലയാളി ബ്യൂറോ