ക്രിക്കറ്റ് താരങ്ങൾക്കും ബോളിവുഡ് താരങ്ങൾക്കും ആരാധികമാരുടെ എണ്ണം വളരെയേറെയാണ്. ചിലരാകട്ടെ ആരാധന മൂത്ത് എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നതെന്നു പോലും പ്രവചിക്കാനാകില്ല.

പുതിയ വാർത്ത ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെ ചുറ്റിപ്പറ്റിയാണ്. യുവരാജിന്റെ കാമുകിയാണ് താനെന്ന് പ്രഖ്യാപിച്ചാണ് ഒരു യുവതി ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

യുവരാജിനോടുള്ള ഇഷ്ടം ട്വിറ്ററിലൂടെയാണ് ഹ്യൂമ അൻജും എന്ന യുവതി പ്രകടിപ്പിച്ചത്. 'ഞാൻ യുവിയുടെ കാമുകിയാണ്' എന്നാണ് ഹ്യൂമ ട്വീറ്റ് ചെയ്തത്. സുഹൃത്തുക്കൾ വഴി ഇക്കാര്യമറിഞ്ഞ യുവി ഉടൻ തന്നെ ട്വിറ്ററിലൂടെ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു.

യുസി ബ്രൗസറിലെ പ്രൊഡക്ട് മാനേജരാണ് ഹ്യൂമ. കാമുകിയാണെന്ന പ്രഖ്യാപിനത്തിൽ ഒതുങ്ങുന്നില്ല യുവിയോടുള്ള ഹ്യൂമയുടെ ആരാധന. യുസി ബ്രൗസറിന്റെ ക്രിക്കറ്റ് പേജിൽ ഒരു ചോദ്യാവലിയും ഹ്യൂമയുണ്ടാക്കി. ആരാണ് യുവിയുടെ പുതിയ കാമുകിയെന്നായിരുന്നു ചോദ്യം. ഉത്തരമായി നൽകിയത് തന്റെ പേരിനൊപ്പം ശ്രദ്ധ കപൂർ, ആലിയ ഭട്ട് എന്നീ ബോളിവുഡ് നടിമാരുടെ പേരുകളും. ഏതിൽ ക്ലിക്ക് ചെയ്താലും ഹ്യൂമയുടെ പേരാകും പ്രത്യക്ഷപ്പെടുക.

ഇക്കാര്യം യുവിയുടെ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ഹ്യൂമ യുവിക്ക് സമർപ്പിച്ച് ഒരു യൂട്യൂബ് വീഡിയോയും പുറത്തുവിട്ടു. തന്റെ സ്വപ്‌നം സഫലമാക്കണമെന്ന് വീഡിയോയിലൂടെ ഹ്യൂമ ആവശ്യപ്പെടുന്നു. അതിനിടെ, യുസി ബ്രൗസറിൽ ചോദ്യാവലി പോസ്റ്റ് ചെയ്ത ഹ്യൂമയുടെ നടപടിയിൽ മാപ്പ് പറഞ്ഞ് യൂസി ബ്രൗസർ അധികൃതർ രംഗത്തെത്തി. ഹ്യൂമയ്‌ക്കെതിരെ നടപടിയെടുക്കുമെന്നും അവർ അറിയിച്ചു. ഹ്യൂമ യുവിയുടെ വലിയ ആരാധികയാണെന്ന് മനസ്സിലാക്കുന്നു. വ്യക്തിപരമായി ക്ഷമ പറയാൻ ഹ്യൂമ തയ്യാറാണ് എന്നും ഇതിനുപിന്നാലെ യുസി ബ്രൗസർ ഇന്ത്യ ട്വീറ്റ് ചെയ്തു.

ഇതിനു മറുപടിയായി വ്യക്തിപരമായ ജീവിതം വിട്ട് യുസി ബ്രൗസർ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നായിരുന്നു യുവിയുട മറുപടി ട്വീറ്റ്. ആരാധന മൂത്ത യുവതിയെ ഉടൻ കാണുമെന്നും യുവി അറിയിച്ചു.