കുവൈറ്റ് സിറ്റി: ടീച്ചറായാൽ മാത്രം പോരാ...ഇത്തരത്തിൽ സമ്മാനം കിട്ടാൻ കൂടി ഭാഗ്യം വേണം. ചെറിയ സമ്മാനമൊന്നുമല്ല കുവൈറ്റിലെ ഈ ടീച്ചർക്ക് തന്റെ കിന്റർഗാർട്ടൻ വിദ്യാർത്ഥിനിയിൽ നിന്ന് ലഭിച്ചിരിക്കുന്നത്. ഒരു മെഴ്‌സിഡസ് ബെൻസ് കാർ...സമ്മാനം കണ്ട് ടീച്ചറുടെ തന്നെ കണ്ണുതള്ളിയിരിക്കുകയാണിപ്പോൾ.

കിന്റർഗാർട്ടൻ ഗ്രാജ്വേഷൻ പരിപാടി കഴിഞ്ഞപ്പോൾ നൂർ അലി ഫാരിസ് എന്ന പെൺകുട്ടിയാണ് പുതുപുത്തൻ മെഴ്‌സിഡസ് ബെൻസ് കാർ തന്റെ പ്രിയപ്പെട്ട ടീച്ചറായ നാദിയയ്ക്ക് സമ്മാനമായി നൽകിയത്. കുവൈറ്റിലെ ഒരു കിന്റർഗാർട്ടൻ ടീച്ചർക്ക് ഇതിൽപ്പരം ഭാഗ്യം എന്തുവേണം. നഴ്‌സിക്ലാസിൽ നിന്ന് അടുത്ത ഗ്രേഡിലേക്ക് കടന്നു കൂടാൻ ടീച്ചർ സഹായിച്ചതിനാണ് നൂർ അലി ഈ സമ്മാനം നൽകിയത്.

നൂർ അലിയുടെ അതിസമ്പന്നനായ പിതാവ് മകളുടെ ഇഷ്ടം സാധിച്ചുകൊടുക്കാൻ തയാറായതോടെ ടീച്ചറുടെ ഭാഗ്യം തെളിയുകയും ചെയ്തു. അതേസമയം നന്നേ ചെറുപ്പത്തിൽ അമ്മയെ നഷ്ടപ്പെട്ട നൂറിന് അതിന്റെ കുറവ് ടീച്ചർ അറിയിച്ചിട്ടില്ല എന്നാണ് മകളുടെ ആഗ്രഹം സാധിച്ചുകൊടുത്ത പിതാവിന് പറയാനുള്ളത്.

ടീച്ചർക്ക് സമ്മാനിച്ച മെഴ്‌സിഡസ് കാറിനു മുകളിൽ നൂർ ഗ്രാജ്വേഷൻ വേഷത്തിൽ ഇരിക്കുന്ന ഫോട്ടോ മാദ്ധ്യമങ്ങളിൽ അച്ചടിച്ചു വന്നുവെങ്കിലും പബ്ലിസിറ്റി ഇഷ്ടമില്ലാത്ത പിതാവിന്റെ പേരു പോലും എങ്ങും പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്റെ പ്രിയപ്പെട്ട ടീച്ചർ നാദിയയ്ക്ക് എന്ന് കാറിന്റെ വിൻഡ്‌സ്‌ക്രീനിൽ അറബി ഭാഷയിൽ എഴുതിയും വച്ചിട്ടുണ്ട്.