മോൺട്രിയൽ: ലൈംഗിക വിദ്യാഭ്യാസ ക്ലാസിൽ ഗർഭ നിരോധന ഉറയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പതിനാലുകാരിയായ വിദ്യാർത്ഥി നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. കാനഡയിലെ മോൺട്രിയാലിലെ വിദ്യാർത്ഥിനിയാണ് അസൈന്മെന്റിന്റെ ഭാഗമായി നൽകിയ ചോദ്യങ്ങൾക്കു ചുട്ട മറുപടി നൽകിയത്.

രണ്ടുവർഷം മുൻപാണ് സംഭവം. പെൺകുട്ടിയെ സ്‌കൂളിൽ നിന്നു സസ്‌പെൻഡു ചെയ്ത വിവരം അറിഞ്ഞതിനെ തുടർന്ന് അടുത്തിടെയാണ് പ്രതിഷേധ സൂചകമായി സഹോദരി മറിയ ഫ്രീഡ്മാൻ ഉത്തരക്കടലാസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

ഗർഭ നിരോധന ഉറകൾ ഉപയോഗിക്കാൻ മടികാണിക്കുന്ന പുരുഷന് നൽകുന്ന മറുപടികളായിരുന്നു ഉത്തരക്കടലാസിൽ ഉണ്ടായിരുന്നത്. ഓരോ ചോദ്യത്തിനും സഹോദരി നൽകിയ ഉത്തരങ്ങൾ അതിശയിപ്പിക്കുന്നതാണെന്നും അവരെക്കുറിച്ച് താൻ അഭിമാനിക്കുന്നതായും മറിയ പറയുന്നു.

ലൈംഗിക ബന്ധത്തിൽ ഗർഭനിരോധന ഉറ വേണ്ട പകരം ഗർഭം തടയാനുള്ള ഗുളികകൾ ഉണ്ടെന്ന് പറയുന്ന പുരുഷനോട് തനിക്ക് എയ്ഡ്‌സ് വേണ്ടെന്നാണ് വിദ്യാർത്ഥിനിയുടെ മറുപടി. ഗർഭ നിരോധന ഉറകൾ അസൗകര്യമാണെന്ന് പറഞ്ഞാൽ ഒരു കുട്ടിയുണ്ടാകുന്നതും എയ്ഡ്‌സ് ബാധിക്കുന്നതും ഒട്ടും സുഖകരമായ കാര്യമല്ലെന്നാണ് വിദ്യാർത്ഥിനിയുടെ പ്രതികരണം.

ഗർഭനിരോധന ഉറകൾ തന്റെ കൈയിൽ ഇല്ലെന്ന് പറയുന്നവർക്ക് തനിക്ക് ജനനേന്ദ്രിയം ഇല്ലെന്നു മറുപടി നൽകുമെന്നും വിദ്യാർത്ഥിനി ഉത്തരക്കടലാസിൽ പറയുന്നു. താൻ പതിനാലു വയസുകാരിയായിരിക്കേ സ്‌കൂളിൽനിന്നു പുറത്താക്കപ്പെട്ട സംഭവം അടുത്തകാലത്താണ് വിദ്യാർത്ഥിനി ചേച്ചിയോടു പറഞ്ഞത്. ഉത്തരങ്ങളുടെ പോസ്റ്റ് ഇതിനകം ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു.

ഇംഗുർ എന്ന സോഷ്യൽ മീഡിയാ സൈറ്റിലാണ് മറിയ അനിയത്തിയുടെ ഉത്തരക്കടലാസ് പോസ്റ്റ് ചെയ്തത്. തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മാദ്ധ്യമങ്ങൾ അതു പ്രസിദ്ധീകരിച്ചു. ചില വിദേശ ചാനലുകൾ മറിയയെ ചർച്ചയ്ക്കു വിളിക്കുകയും ചെയ്തു. ഉത്തരക്കടലാസിന്റെ പൂർണരൂപം ഇതാ...