തിരുവനന്തപുരം: മുസ്‌ളീം യുവാവിനെ പ്രണയിച്ചതിന് ആർഎസ്എസ് കേന്ദ്രത്തിലെത്തിച്ച് ക്രൂരമായി പീഡിപ്പിക്കുന്നു എന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജനേയും ഡിജിപിയേയും ഉൾപ്പെടെ ബന്ധപ്പെട്ട് പരാതി അറിയിച്ച പെൺകുട്ടിക്ക് ഒടുവിൽ മോചനം. പൊലീസ് നടത്തിയ അന്വേഷണത്തിൽ പൊലീസ് പെൺകുട്ടിയെ കണ്ടെത്തി മൊഴി രേഖപ്പെടുത്തുകയും അമ്മയ്‌ക്കെതിരെ കേസെടുക്കുകയും ചെയ്ത് പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. വിഷയത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകിയതായി എംവി ജയരാജൻ മറുനാടനോട് വ്യക്തമാക്കിയിരുന്നു.

തൃശൂർ ജില്ലയിലെ ഗുരുവായൂരിനു സമീപം അരിയന്നൂർ സ്വദേശിയായ ഊട്ടുമഠത്തിൽ അഞ്ജലിയാണു സാഹസികമായി പകർത്തിയ ദൃശ്യങ്ങൾ പുറത്തുവിട്ടത്. മുസ്‌ളീം യുവാവിനെ പ്രണയിച്ച തനിക്കു സ്വന്തം അമ്മയിൽനിന്നും ഏൽക്കേണ്ടി വന്നതു കൊടുംപീഡനങ്ങളാണെന്നും പ്രണയത്തിൽ ഉറച്ചുനിന്ന തന്നെ മാസങ്ങളായി മംഗലാപുരത്തെ ആർഎസ്എസ്. കേന്ദ്രത്തിൽ തടവിൽവച്ച് പീഡിപ്പിക്കുകയാണെന്നും വെളിപ്പെടുത്തിയാണ് പെൺകുട്ടി വീഡിയോ സന്ദേശമുൾപ്പെടെ ബന്ധുക്കൾക്കും അധികാരികൾക്കും അയച്ചത്.

കോടതിയിൽ ഹാജരാക്കിയപ്പോൾ പെൺകുട്ടിക്ക് മാനസിക വൈകല്യമാണെന്ന് അമ്മ വാദിച്ചതോടെ അമ്മയ്‌ക്കൊപ്പം പോകാനാണ് കോടതി നിർദ്ദേശിച്ചത്. എന്നാൽ അമ്മയ്‌ക്കൊപ്പം പോകാൻ ഒരുക്കമല്ലെന്ന് പെൺകുട്ടി വ്യക്തമാക്കിയതോടെ അഞ്ജലിയെ മംഗലാപുരം മഹിളാ മന്ദിരത്തിലേക്ക് മാറ്റാൻ കോടതി നിർദ്ദേശിച്ചു.

ക്രൂരപീഡനങ്ങൾക്കു വിധേയയായ തന്റെ ജീവൻപോലും അപകടത്തിലാണെന്നു പെൺകുട്ടി അയച്ച ദൃശ്യങ്ങളിൽ വ്യക്തമാക്കിയിരുന്നു. പെൺകുട്ടി വെളിപ്പെടുത്തിയ വിവരങ്ങൾ ഇങ്ങനെ: ഇഷ്ടപ്പെട്ട യുവാവുമായി പ്രണയത്തിലായ താൻ വീട്ടുതടങ്കലിലായിരുന്നു. ഒന്നരവർഷമായി മംഗലാപുരത്തെ അജ്ഞാത കേന്ദ്രത്തിലാണെന്നും ബിജെപി, ആർഎസ്എസ്. പ്രവർത്തകരുടെ നിയന്ത്രണത്തിലുള്ള ഇവിടെ പലപ്പോഴും തനിച്ചാണെന്നും കൊടും ക്രൂരത നേരിടേണ്ടിവന്നെന്നും പെൺകുട്ടി പറയുന്നു. പ്രേമത്തിൽ നിന്ന് മാറിയില്ലെങ്കിൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിപ്പെടുത്തുകയും പൊള്ളലേൽപ്പിക്കുകയും ചെയ്തു.

ഒരസുഖവും ഇല്ലാത്ത തന്നെ എറണാകുളം അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരുന്നുകൾ കുത്തിവച്ച് അവശയാക്കി. മാനസിക രോഗിയാണെന്നു വ്യാജേരേഖയുണ്ടാക്കി കോടതിയെ തെറ്റിദ്ധരിപ്പിച്ചു. നേരത്തെ മുഖ്യമന്ത്രിക്കും, ഡി.ജി.പി. ലോക് നാാഥ് ബഹ്‌റയ്ക്കും പരാതി നൽകിയിരുന്നു. എന്നാൽ പരാതി നൽകിയതിൽ പ്രകോപിതയായ അമ്മ കുന്നംകുളം അഗതിയൂർ സ്വദേശിയായ പുരുഷോത്തമന്റെ സഹായത്താൽ തന്നെ മംഗലാപുരത്തേക്കു മാറ്റി. ഇതായിരുന്നു പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.

ഇതോടൊപ്പം പരാതിയും വന്നതോടെയാണ് പൊലീസ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. മാതാവും ബന്ധുക്കളും ചേർന്ന് വിശ്വ ഹിന്ദു പരിഷത്തിന്റെ കർണാടക മംഗലാപുരത്തെ ഒരു അജ്ഞാത കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന് ഉൾപ്പടെ പരാതി നൽകിയത്. പെൺകുട്ടിയെ രക്ഷിക്കാനും സുക്ഷ ഒരുക്കാനും നടപടികൾ സ്വീകരിക്കാൻ വേണ്ട നിർദ്ദേശങ്ങൾ പൊലീസിന് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജൻ മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നു. സംഭവം അപലപനീയമാണെന്നും വേണ്ട നടപടികൾ ഉണ്ടാകുമെന്നും എംവി മറുനാടനോട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പരാതി വിശദമായി അന്വേഷിക്കുന്നതിനായി ഗുരുവായൂർ പൊലീസിനെ ചുമതലപ്പെടുത്തി. അവരാണ് പെൺകുട്ടിയെ രക്ഷിച്ച് കോടതിയിൽ ഹാജരാക്കിയത്.

കേസിന് ആസ്പദമായ സംഭവങ്ങളുടെ തുടക്കം 2016ൽ

2016ൽ ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിയുടെ അച്ഛന്റെ പരിചയക്കാരനായ മനാസ് എന്ന യുവാവുമായി പെൺകുട്ടി പ്രണയത്തിലാവുകയായിരുന്നു. ഈ ബന്ധത്തെ വിവാഹത്തിലേക്ക് എത്തിക്കില്ലെന്ന് പെൺകുട്ടിയുടെ വീട്ടുകാർ വാശിപിടിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിയുടെ അച്ഛൻ മരിച്ച ശേഷം പെൺകുട്ടിയെ കാണാൻ പോലും ബന്ധുക്കളും കുട്ടിയുടെ അമ്മയും മനാസിനെ അനുവദിച്ചില്ല.പിന്നീട് പെൺകുട്ടി വീട്ട് തടങ്കലിൽ ആണെന്ന് കാണിച്ച് മനാസ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ ഹാജരായ അഭിഭാഷകൻ മുഖേന പെൺകുട്ടിയുടെ ബന്ധുക്കൾ അറിയിച്ചത് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലാണെന്നാണ്. പെൺകുട്ടി മതം മാറി വിവാഹം കഴിക്കുമോ എന്ന ആശങ്കയിലായിരുന്ന വീട്ടുകാർ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുകയും പെൺകുട്ടിക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്ന് കോടതിയിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് തങ്ങൾക്ക് പൊലീസ് സുരക്ഷ വേണമെന്നും പെൺകുട്ടിയുടെ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു.

പിന്നീട് കൂടുതൽ ചികിത്സയ്ക്കായാണ് പെൺകുട്ടിയെ മംഗലാപുരത്തേക്ക് കൊണ്ടു പോയതെന്നാണ് ബന്ധുക്കൾ പറഞ്ഞിരുന്നത്. മതം മാറിയാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നു എന്നു കാണിച്ചാണ് പെൺകുട്ടി എംവി ജയരാജന്റെ ഫോണിലേക്ക് വിളിച്ചത്. പെൺകുട്ടി പേടിച്ചരണ്ട ശബ്ദത്തിലാണ് ഫോണിൽ സംസാരിച്ചതെന്നും എംവി മറുനാടനോട് വ്യക്തമാക്കിയിരുന്നു.

പിന്നീട് ഡിജിപി ഈ കേസ് ഗുരുവായൂർ പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. ഗുരുവായൂർ എസ്‌ഐ അനുദാസും സംഘവും മംഗലാപുരത്ത് എത്തിയാണ് പെൺകുട്ടിയുടെ മൊഴിയെടുത്ത് കോടതിയിൽ ഹാജരാക്കിയത്. പെൺകുട്ടിയെ മംഗലാപുരത്തേക്ക് മാറ്റിയതിനെ തുടർന്ന് സ്‌നേഹിച്ചിരുന്ന യുവാവ് മംഗലാപുരം കോടതിയെ സമീപിക്കുകയായിരുന്നു.