ന്യൂഡൽഹി: ഇന്ത്യ ഗേറ്റിൽ ഇന്നലെ നടന്ന ജെഎൻയു പ്രതിഷേധത്തിനിടെ വിദ്യാർത്ഥിനികളെ പുരുഷ പൊലീസ് ബലമായി നീക്കം ചെയ്തതിൽ പ്രതിഷേധം വ്യാപകമാകുന്നു. കാണാതായ ജെഎൻയു വിദ്യാർത്ഥി നജീബ് അഹമ്മദിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധത്തിനെത്തിയ നജീബിന്റെ ഉമ്മയെയും വിദ്യാർത്ഥികളേയും പൊലീസ് ബലമായി കസ്റ്റഡിയിലെടുക്കുന്നതിനിടെയാണ് സംഭവം.

മലയാളി കൂടിയായ എസ്എഫ് ഐ നേതാവ് അശ്വതി അശോകിനെ പുരുഷ പൊലീസുകാർ വട്ടംകൂടി ബലമായി പിടിച്ച് നീക്കംചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ദേശീയ മാദ്ധ്യമങ്ങളിൽ വന്നതോടെ ഇക്കാര്യം സോഷ്യൽ മീഡിയയിലടക്കം വൻ ചർച്ചയായിരിക്കുകയാണ്.

വനിതാ പൊലീസുകാർ ഉണ്ടായിട്ടും പെൺകുട്ടികളെ പുരുഷപൊലീസ് കൈകാര്യം ചെയ്തത് മനപ്പൂർവം അപമാനിക്കാനാണെന്ന വാദം ശക്തമാകുകയാണിപ്പോൾ. അശ്വതിയെ വട്ടംചുറ്റിപ്പിടിച്ച് പുരുഷ പൊലീസുകാർ നീക്കംചെയ്യുന്ന ചിത്രം ഇന്ന് ടൈംസ് ഓഫ് ഇന്ത്യയും പ്രസിദ്ധീകരിച്ചിരുന്നു.

ജെഎൻയു സമരത്തിന്റെ മുൻപന്തിയിലുണ്ടാകാറുള്ള മലയാളി പെൺകുട്ടിയാണ് അശ്വതി അശോക്. എറണാകുളം സ്വദേശിനിയായ അശ്വതി ജെഎൻയുവിൽ എംഫിൽ സ്‌കോളറാണ്. നേരത്തേ ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയായിരുന്നു.വിദ്യാർത്ഥിനികളെ അപമാനിച്ച് സമരത്തെ ദുർബലപ്പെടുത്താൻ ഡൽഹി പൊലീസിനെ ഉപയോഗിച്ച് കേന്ദ്രസർക്കാർ ശ്രമിക്കുന്നതായാണ് ആക്ഷേപമുയരുന്നത്. ഡൽഹി പൊലീസ് കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലാണ് എന്നതിനാൽ മനപ്പൂർവം ഇത്തരമൊരു നീക്കം നടന്നതായാണ് ആക്ഷേപം.

നജീബിന്റെ തിരോധാനത്തിൽ എബിവിപിക്കെതിരെ നേരത്തേ ആക്ഷേപം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ സമരത്തെ അടിച്ചമർത്താൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നതായ പരാതി വ്യാപകമാണ്. ഇതിനിടെയാണ് ഇന്നലെ നജീഹബിന്റെ ഉമ്മയെയും പൊലീസ് വലിച്ചിഴച്ച് സമരസ്ഥലത്തുനിന്ന് നീക്കിയതും വിദ്യാർത്ഥിനികൾക്കുനേരെ പുരുഷപൊലീസിനെ നിയോഗിച്ച് അതിക്രമം കാട്ടിയതുമെന്നാണ് ആക്ഷേപം.

ഇന്ത്യാഗേറ്റിന് സമീപം ഇന്നലെ പ്രതിഷേധം നടക്കുന്നതിനിടെയാണ് സംഭവങ്ങളുണ്ടായത്. നജീബിന്റെ ഉമ്മ ഫാത്തിമ നഫീസിനെ മർദിച്ച പൊലീസ് അവരെ ബലമായി കസ്റ്റഡിയിൽ എടുത്ത് വലിച്ചിഴച്ചാണ് കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പൊലീസ് വാഹനത്തിൽ കയറ്റിയത്.

നജീബിന്റെ സഹോദരൻ മുജീബ്, സഹോദരി സദാഫ് മുഷ്‌റഫ്, എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, ജനറൽ സെക്രട്ടറി വിക്രംസിങ്ങ്, നാല് കേന്ദ്ര കമ്മിറ്റിയംഗങ്ങൾ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ജനറൽ സെക്രട്ടറി ശതരൂപ ചക്രവർത്തി, വൈസ് പ്രസിഡന്റ് പി പി അമൽ ഉൾപ്പെടെ ജെഎൻയു വിദ്യാർത്ഥി യൂണിയൻ ഭാരവാഹികളും പൊലീസ് കസ്റ്റഡിയിലാണ്.

ഇരുന്നൂറ്റമ്പതോളം വിദ്യാർത്ഥികളാണ് സമരത്തിൽ പങ്കെടുത്തത്. വിദ്യാർത്ഥികൾക്ക് ജന്തർമന്തറിൽ പ്രതിഷേധിക്കാമെന്നും ഇന്ത്യാഗേറ്റിന് സമീപം സമരം അനുവദിക്കില്ലെന്നും പറഞ്ഞായിരുന്നു പൊലീസ് അതിക്രമം. വിദ്യാർത്ഥികൾ കൂട്ടമായി എത്തുന്നത് തടയാൻ നേരത്തേ തന്നെ വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു.

സമരത്തെ തോൽപിക്കാൻ ഇന്ത്യാഗേറ്റിലെത്തിയ സന്ദർശകരെ ഒഴിപ്പിക്കുകയും ചെറുകിട കച്ചവടക്കാരെ നീക്കുകയും ചെയ്തിരുന്നതായാണ് റിപ്പോർട്ട്. സംഭവത്തിൽ വിദ്യാർത്ഥിനികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഇതിനിടെയാണ് വിദ്യാർത്ഥിനികളെ പുരുഷ പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കിയെന്ന ആക്ഷേപം ഉയരുന്നത്. ഇന്ന് ദേശീയ പത്രത്തിൽ ചിത്രം സഹിതം റിപ്പോർട്ട് വന്നതോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇത് കേന്ദ്രസർക്കാരിന്റെ നാണംകെട്ട സമീപനമാണെന്ന് വ്യക്തമാക്കി നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നത്. സിപിഐ(എം) കേന്ദ്രകമ്മിറ്റിയുടെ ഫെയ്‌സ് ബുക്ക് പേജിലും അശ്വതിയെ പുരുഷ പൊലീസ് ബലമായി നീക്കംചെയ്യുന്നതിനെ അപലപിച്ച് പോസ്റ്റ് നൽകിയിട്ടുണ്ട്.