ന്യൂ മെക്‌സിക്കോയിലെ നാതൻ ഹാർഡ്‌ലിക എന്ന 34 കാരൻ എന്തുകൊണ്ടും വ്യത്യസ്തനായ മനുഷ്യനാണ്. തുടയില്ലാതെ ജനിച്ച ലോകത്തിലെ അപൂർവ മനുഷ്യരിലൊരാളാണ് ഇദ്ദേഹം. മുട്ട് കഴിഞ്ഞാൽ പിന്നെ അരക്കൂടാണ് ഇയാളുടെ ശരീരത്തിലുള്ളത്. എന്നാൽ നിരവധി നാളുകളിലെ ശ്രമത്തിനൊടുവിൽ നാതൻ ഇപ്പോൾ ഒരു ഗേൾഫ്രണ്ടിനെ കണ്ടെത്തിയിരിക്കുകയാണ്. ഇവരുടെ കൗതുകകരമായ ജീവിതം എങ്ങനെയുണ്ടെന്ന് ആകാംക്ഷയോടെ അന്വേഷിക്കുകയാണ് ലോകമിപ്പോൾ. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട ചെൽസീ സ്റ്റുവർട്ട് എന്ന 19കാരിയാണ് ഇപ്പോൾ നാതന്റെ ഗേൾഫ്രണ്ടായിരിക്കുന്നത്.

വെറും 1.37 മീറ്റർ മാത്രമാണ് ഈ കാമുകന്റെ ഉയരം. നാതനേക്കാൾ വളരെ അധികം ഉയരം കാമുകിക്കുണ്ട്. തുടക്കത്തിൽ നാതന്റെ വികലാംഗത്വത്തെ ഒരു പോരായ്മയായി കണ്ടിരുന്നു ചെൽസി. എന്നാൽ പിന്നീട് നാതനുമായി പ്രണയത്തിലായതോടെ ഈ സുന്ദരി എല്ലാ പോരായ്മകളും മറന്ന് നാതനെ മനസാ വരിച്ചിരിക്കുകയാണ്. ബൈലാറ്ററൽ പ്രോക്‌സിമൽ ഫെമോറൽ ഫോക്കൽ ഡെഫിഷ്യൻസി ടൈപ്പ് ഡി (പിഎഫ്എഫ്ഡി) എന്ന അപൂർവരോഗമാണ് നാതനെ ബാധിച്ചിരിക്കുന്നത്. ലോകത്തിൽ വെറും 25 പേർക്ക് മാത്രമാണീ ദുരവസ്ഥയുള്ളത്. ഇവരുടെ അരക്കെട്ടിന് തൊട്ട് താഴെയാണ് കാൽമുട്ടിന്റെ അസ്ഥി സ്ഥിതി ചെയ്യുന്നത്.

വെല്ലുവിളികളേറെയുണ്ടെങ്കിൽ നടക്കാൻ സാധിക്കുന്ന ഇക്കൂട്ടത്തിൽ പെട്ട ഏക വ്യക്തിയെന്ന പ്രത്യേകതയും നാതനുണ്ട്. താൻ ഒരു വ്യത്യസ്തനായ മനുഷ്യനായി സ്വയം കാണുന്നില്ലെന്നാണ് നാതൻ പറയുന്നത്. ആളുകൾ തന്നെ കാണുമ്പോൾ തന്റെ ഭിന്നശേഷിയോർത്ത് പരിതപിക്കാറുണ്ടെന്നും എന്നാൽ അത് വച്ച് തന്നെ നിർവചിക്കരുതെന്നുമാണ് ലോകത്തോട് നാതന് പറയാനുള്ളത്. തനിക്ക് വളരെ വേദനയേകുന്ന അവസ്ഥയാണ് ഈ രോഗമേകുന്നതെന്ന് നാതൻ വെളിപ്പെടുത്തുന്നു. വളരെയേറെ പരിശ്രമമെടുത്തതിനെ തുടർന്നാണ് നാതന് നടക്കാൻ കഴിയുന്നത്.

ഫേസ്‌ബുക്കിലെ ഒരു ഹീലിങ് പേജിലാണ് നാതൻ ചെൽസീയെ ആദ്യമായി കണ്ടുമുട്ടുന്നത്. തങ്ങളുടെ ഉയരവ്യത്യാസം കാരണം ആദ്യം തന്നോട് അടുക്കാൻ ചെൽസി മടിച്ചിരുന്നുവെന്നാണ് നാതൻ പറയുന്നത്. ഈ ഉയരവ്യത്യാസം നിരവധി പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് താനേറെ ഭയപ്പെട്ടിരുന്നുവെന്ന് ചെൽസി വിവരിക്കുന്നു. എന്നാൽ എല്ലാം മറന്ന് നാതനുമായി പ്രണയത്തിലായതിന് ശേഷം അദ്ദേഹത്തിന് ശാരീരികമായും മാനസികമായും കരുത്ത് പകരാൻ തനിക്ക് സാധിക്കുന്നതിൽ ചെൽസീ സന്തോഷിക്കുകയാണിന്ന്. തനിക്ക് നല്ല ഉയരവും ആരോഗ്യവും ഉള്ളത് അദ്ദേഹത്തിന് തണലാകുമെന്നും ഈ കാമുകി പറയുന്നു. ഈ അവസ്ഥയ്ക്ക് ഫലപ്രദമായ ചികിത്സ ഇന്ന് വരെ കണ്ടെത്തിയിട്ടില്ല. എന്നാൽ ഹോളിസ്റ്റിക് ട്രീറ്റ്‌മെന്റ് നാതന്റെ വേദനയെ ശമിപ്പിക്കാൻ സഹാകമായി വർത്തിക്കുന്നുണ്ട്.