പുണെ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് - റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മത്സരത്തിനിടെ ഗാലറിയെ ആവേശത്തിലാഴ്‌ത്തി ഒരു വിവാഹാഭ്യർഥന. ആവേശകരമായ മത്സരങ്ങൾക്കിടെ ഇത്തരം വിവാഹാഭ്യർഥനകൾക്ക് അത്ര പുതുമയില്ലെങ്കിലും ഇവിടെ വ്യത്യസ്തമായത് ഇത്തവണ ഒരു യുവതിയാണ് എന്നതായിരുന്നു.

ബുധനാഴ്ച, പുണെ എംസിഎ സ്റ്റേഡിയത്തിൽ നടന്ന ബാംഗ്ലൂർ - ചെന്നൈ മത്സരത്തിനിടെയാണ് വിവാഹാഭ്യർഥന നടന്നത്. ക്യാമറക്കണ്ണുകൾ അതു കൃത്യമായി ഒപ്പിയെടുക്കുകയും ചെയ്തു. പലപ്പോഴും പുരുഷന്മാരാണ് പരസ്യമായി വിവാഹാഭ്യർഥന നടത്താറുള്ളതെങ്കിൽ ഇത്തവണ യുവതിയാണ് അഭ്യർത്ഥന നടത്തിയെന്നതും പ്രത്യേകതയാണ്. മത്സരത്തിൽ, ചെന്നൈയുടെ ബാറ്റിങ് സമയത്താണ് സംഭവം അരങ്ങേറിയത്.

വനിഡു ഹസരംഗ എറിഞ്ഞ 11ാം ഓവറിനിടെ യുവതി, ഒരു ബാംഗ്ലൂർ ആരാധകനോട് വിവാഹഭ്യർഥന നടത്തുകയായിരുന്നു. ഗാലറിയിൽ മുട്ടുകുത്തിനിന്ന യുവതി, യുവാവിന്റെ വിരലിൽ മോതിരം അണിയിക്കുകയും ചെയ്തു. ചുറ്റും കൂടി നിന്നവർ കൈയടിയോട ഇരുവരെയും അഭിനന്ദിക്കാൻ മറന്നില്ലാ. ഇരുവരും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വേഷമാണ് അണിഞ്ഞിരുന്നത്.

ഇതിനു തൊട്ടുപിന്നാലെ, ഓവറിലെ അവസാന പന്ത് എറിഞ്ഞ ഹസരംഗയെ ചെന്നൈ ബാറ്റർ ഡെവൺ കോൺവേ സിക്‌സർ പറത്തി പ്രപ്പോസൽ ആഘോഷമാക്കി. വിജയത്തോടെ 11 മത്സരങ്ങളിൽ നിന്നും 12 പോയിന്റുമായി ബാംഗ്ലൂർ നാലമതാണ്. അതേ സമയം 6 പോയിന്റുള്ള ചെന്നൈയുടെ പ്ലേയോഫ് പ്രതീക്ഷകൾ അസ്തമിച്ചു.

സംഭവത്തിൽ സ്വത സിദ്ധമായ ശൈലിയിൽ ട്വീറ്റുമായി മുൻ ഇന്ത്യൻ താരം വസീം ജാഫറും എത്തി. 'ആർസിബി ആരാധകനോട് വിവാഹാഭ്യർഥന നടത്തുന്ന മിടുക്കിയായ പെൺകുട്ടി. ആർസിബിയെ ആത്മാർഥമായി ആരാധിക്കാൻ അവനു കഴിയുമെങ്കിൽ, തീർച്ചയായും പങ്കാളിയോടും ആ വിശ്വസ്തത പുലർത്താനാകും. വിവാഹാഭ്യർഥന നടത്താൻ നല്ല ദിവസം.' തമാശയായി ജാഫർ കുറിച്ചു.