ന്യൂഡൽഹി: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കി നൽകിയ കോടതി വിധിയിൽ കേരളത്തിൽ പല കോണുകളിൽ നിന്നും പ്രതിഷേധം ഉയരുമ്പോൾ നിർണ്ണായകമായ മറ്റൊരു വിധി കൂടു സുപ്രീംകോടതിയിൽ നിന്നും പുറത്തുവന്നു. മധ്യപ്രദേശിൽ ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടയാളുടെ ശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചു. കേസ് 'അപൂർവങ്ങളിൽ അപൂർവമല്ല' എന്ന കാരണം പറഞ്ഞാണ് ഈ വിധി കോടതി പുറപ്പെടുവിച്ചത്.

പ്രതി പഞ്ചം ലോധി എന്ന തട്ടു ലോധി 25 വർഷം ജീവപര്യന്തം തടവനുഭവിക്കണമെന്നാണ് ജസ്റ്റിസുമാരായ ജെ. ചെലമേശ്വർ, ശിവ കീർത്തി സിങ്, എ.എം. സാപ്രെ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി. 14 വർഷത്തെ ജീവപര്യന്തം തടവുകഴിഞ്ഞിറങ്ങിയാൽ പ്രതി കുറ്റകൃത്യം ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടവേളയില്ലാതെ 25 വർഷത്തെ തടവ് കോടതി വിധിച്ചത്.

2011ലാണ് കേസിന് അടിസ്ഥാനമായ സംഭവം. ലോധിക്ക് അന്ന് 27 വയസ്സായിരുന്നു. 25 വർഷത്തെ ശിക്ഷാക്കാലം പൂർത്തിയാകാതെ പ്രതിയെ ജയിലിൽ നിന്ന് വിട്ടയയ്ക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. അതിനീചമായ ഈ കേസിൽ മധ്യപ്രദേശ് സർക്കാർ ആദ്യം പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ പിന്നീട് സർക്കാർ നിലപാട് മയപ്പെടുത്തി.ജീവപര്യന്തം തടവുവേണമെന്ന ആവശ്യമാണ് ഉന്നയിച്ചത്.

ലോധി കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുകൊന്നുവെന്ന വിചാരണക്കോടതിയുടെയും മധ്യപ്രദേശ് ഹൈക്കോടതിയുടെയും കണ്ടെത്തലുകൾ സുപ്രീം കോടതി അംഗീകരിച്ചു.