മുംബൈ: ഹ്യൂമൻ ഓഫ് ബോബേ എന്ന ഫേസ്‌ബുക്ക് പേജിൽ വന്ന പോസ്റ്റിലാണ് പെൺകുട്ടി തനിക്ക് നേരിട്ട അനുഭവവും അതിന്റെ അനന്തര ഫലങ്ങളും തുറന്നെഴുതിയിരിക്കുന്നത്. ക്രൂരമായ ലൈംഗിക പീഡനങ്ങളെ തുടർന്ന് ബൈസെക്ഷ്വാലിറ്റി എന്ന അവസ്ഥയിലേയ്ക്ക് എത്തിയ പെൺകുട്ടിയുടെ തുറന്ന് പറച്ചിലിനെ സോഷ്യൽ മീഡിയ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്.

പെൺകുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ നിന്നും

ഞാൻ പാൻസെക്ഷ്വലാണ്. എന്നുവച്ചാൽ എല്ലാ ലിംഗത്തോടും ആകർഷണമുള്ളവൾ. ചില ദിവസങ്ങളിൽ ഞാൻ കൂടുതൽ പുരുഷത്വമുള്ള വ്യക്തിയായിരിക്കും. മറ്റെല്ലായ്‌പ്പോഴും സ്‌ത്രൈണതയുള്ളവളും. ഞാനിത് ആദ്യം മനസ്സിലാക്കുന്നത് അതായത് സ്ത്രീകളോടും എനിക്ക് താല്പര്യമുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നത് പന്ത്രണ്ടുവയസ്സുള്ളപ്പോഴാണ്. അന്ന് ഞാൻ താമസിച്ചിരുന്നുന്നത് ദുബായിലാണ്. എന്റെ സുഹൃത്തുക്കളിൽ ഒരാളോട് എനിക്ക് വല്ലാത്ത ഇഷ്ടം തോന്നി. ഞാൻ ഒരു ലെസ്‌ബിയനാണെന്ന് കരുതുകയും എന്റെ സുഹൃത്തുക്കളോട് ഇക്കാര്യം പറയുകയും ചെയ്തതായി ഞാൻ ഓർക്കുന്നു. നിരുത്സാഹപ്പെടുത്തുന്നതായിരുന്നു അവരുടെ പ്രതികരണം. അവരും ഞാനും തമ്മിൽ ഒരു അകലം സൃഷ്ടിക്കപ്പെട്ടു. ഞങ്ങളൊരുമിച്ച് പുറത്ത് പോകുമ്‌ബോഴെല്ലാം ഞാൻ ഒറ്റപ്പെട്ടതുപോലെ എനിക്ക് അനുഭവപ്പെട്ടു. കിടന്നുറങ്ങുമ്‌ബോൾ അവർ കിടക്കയിലും ഞാൻ തനിയെ നിലത്തുമായിരുന്നു കിടന്നിരുന്നത്. മാത്രമല്ല ഉറങ്ങാൻ കിടക്കുമ്പോൾ പലപ്പോഴും അവർ എന്നെ കുറിച്ച് ശബ്ദം താഴ്‌ത്തി സംസാരിച്ചുകൊണ്ടിരുന്നു. ഇത്തരക്കാരെ വല്ലാതെ പിന്തുണക്കുന്ന ഒരു നാടായിരുന്നില്ല ദുബായ്. കുറച്ചുവർഷങ്ങൾക്കുള്ളിൽ എനിക്കുള്ളിലെ ആ എന്നെ ഞാൻ കുഴിച്ചുമൂടി. ഞങ്ങൾ സൗത്ത് ആഫ്രിക്കയിലേക്ക് മാറിയതോടെയാണ് അക്കാര്യത്തിൽ വീണ്ടും മാറ്റം വന്നത്. കാരണം അവിടെ ഗേയോട് കുറച്ചുകൂടി നല്ല സമീപനമാണ് ഉണ്ടായിരുന്നത്.

അവിടെ വെച്ച് ഒരിക്കൽ അടുക്കളയിൽ ജോലി ചെയ്യുന്നതിനിടയിൽ 'ഒരു പുരുഷനേയും ആശ്രയിക്കരുത് 'എന്ന് എന്നോട് അമ്മ പറഞ്ഞു. അപ്പോഴാണ് അമ്മയോട് ഞാനാ ചോദ്യം ചോദിച്ചത്. 'സ്ത്രീയെ ആണെങ്കിലോ? ' നിന്നെയല്ലാതെ ആരെയും ആശ്രയിക്കരുത്. അമ്മ ചിരിയോടെ പറഞ്ഞു. എനിക്ക് തോന്നുന്നു അവൾക്കത് അറിയാമായിരുന്നു എന്ന്. തുടർന്ന് ഞാൻ എന്റെ സുഹൃത്തുക്കളോട് പറഞ്ഞു എന്റെ വിശേഷ സ്വഭാവത്തെ കുറിച്ച്. എന്റെ അമ്മായി ഇതിനോട് പ്രതികരിച്ചത് എനിക്കൊരിക്കലും മറക്കാൻ സാധിക്കില്ല. ഞങ്ങൾ ഉച്ചഭക്ഷണം കഴിക്കുന്നതിനിടയിലാണ് എനിക്ക് ആൺ സുഹൃത്തുക്കൾ ഉണ്ടോ എന്ന് അമ്മായി ആരാഞ്ഞത്. പെൺകുട്ടികളെ ഇഷ്ടപ്പെടുന്നത് പോലെ ആൺകുട്ടികളെ ഞാൻ ഇഷ്ടപ്പെടുന്നില്ലെന്നായിരുന്നു എന്റെ മറുപടി. ശരി എങ്കിൽ ആരാണ് നിന്റെ പെൺസുഹൃത്ത് അമ്മായി ചോദിച്ചു. ഞാനിക്കാര്യം തുറന്ന് പറഞ്ഞ അതേ നിമിഷം തന്നെ അതിന്റെ ഗൗരവം ഉൾക്കൊള്ളാനും അത് അംഗീകരിക്കാനും എന്റെ അമ്മായി കാണിച്ച ആ മനസ്സിനെ എനിക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. എന്റെ കുടുംബവുമായി ഇത്തരത്തിലുള്ള തുറന്ന സംഭാഷണവും അംഗീകരണവും നിർണായകമാണ്. കാരണം എന്റെ കൗമാരത്തിൽ ഞാൻ കുറച്ചുകാലം തുടർച്ചയായി ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിരുന്നു. എനിക്ക് അനുഭവിക്കേണ്ടി വന്ന ലൈംഗികോപദ്രവമാണോ എന്നെ ഇത്തരത്തിലാക്കി മാറ്റിയതെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്.

എന്നാൽ പിന്നീട് വർഷങ്ങളോളം തുടർന്ന സൈക്കോതെറാപ്പിയിലൂടെ ഈ വഴി ഞാൻ തിരഞ്ഞെടുത്തതല്ലെന്ന് ഞാൻ മനസ്സിലാക്കി. അത്പാരമ്പര്യമായി എനിക്കൊപ്പമുള്ളതായിരുന്നു. ആ സവിശേഷതയുമായാണ് ഞാൻ ജനിച്ചതു തന്നെ എന്ന് ഞാൻ കരുതുന്നു. കുറേ നാളത്തേക്ക് ഞാൻ മനുഷ്യരെ ഭയപ്പെട്ടിരുന്നു. വല്ലാത്ത ഉത്കണ്ഠയും അനുഭവിച്ചിരുന്നു. പക്ഷേ എനിക്ക് ഭയമില്ല കാരണം ഇത് എന്റെ തെറ്റല്ല. ഒന്നുകിൽ ഈ അധിക്ഷേപം എന്നെ വിഴുങ്ങാൻ എനിക്ക് കാത്തിരിക്കാം അല്ലെങ്കിൽ അതിനെതിരെ പോരാടി പുറത്തുവരാം. എന്റെ സ്വത്വത്തെ ഞാൻ മനസ്സിലാക്കുന്നത് വരെ ഞാൻ കടന്നുപോയത് അതികഠിനമായ അനുഭവത്തിലൂടെയാണ്. അതിൽ നിന്ന് പുറത്തുവരാൻ ഞാൻ അനുഭവിച്ച? ബുദ്ധിമുട്ട്..അത് ഭീകരവും ഏകാന്തവുമായിരുന്നു. എന്നെ പോലെ ഇത്തരം ഘട്ടങ്ങളിലൂടെ കടന്നുപോകുന്നവർ വേറെയുമുണ്ടാകാം അവർക്ക് വേണ്ടിയാണ് ഞാൻ എന്റെ അനുഭവത്തെ കുറിച്ച് പറയുന്നത്. നിങ്ങൾ ഒരിക്കലും നിങ്ങളെ ഒരു പ്രത്യേക വിഭാഗമായി തരംതിരിക്കേണ്ടതില്ല. ഒരു പ്രത്യേക ബോക്‌സിൽ ചെന്ന് പതിക്കുന്നതിനെ കുറിച്ച് പ്രതീക്ഷ വെച്ചുപുലർത്തേണ്ടതില്ല. നിങ്ങൾ എങ്ങനെയാണോ അത് അങ്ങനെ തന്നെ അംഗീകരിക്കുന്നതാണ് ശരി. എന്നെ ബലാത്സംഗം ചെയ്തവൻ വർഷങ്ങളോളം അത് തുടർന്നു. അത് മനുഷ്യത്വരഹിതം തന്നെയായിരുന്നു. അതുകൊണ്ട് ആദ്യം ഒരു മനുഷ്യനാവുക എന്ന കാര്യത്തിലേക്കല്ലേ ശ്രദ്ധ ചെലുത്തേണ്ടത്. മാത്രമല്ല? മറ്റുള്ളവരെ വിലയിരുത്തുന്നത് അവസാനിപ്പിക്കുകയും ചെയ്യണം?. കാരണം അവരുടെ തിരഞ്ഞെടുപ്പുകൾ നമ്മളിൽ നിന്നും വ്യത്യസ്തമായിരിക്കും.