ചെന്നൈ: ബഹിരാകാശ ദൗത്യങ്ങളിൽ പുത്തൻ നാഴിക കല്ലുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ. ജിസാറ്റ് 7 എയും  ഇന്ത്യൻ ബഹിരാകാശ ഗവേഷകർ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതിഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് ഇന്ത്യയുടെ 35ാം വാർത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 7 എ വിക്ഷേപിച്ചത്.

ഇന്ന് വൈകുന്നേരം 4.10നായിരുന്നു വിക്ഷേപണം. ഇതിന് മുന്നോടിയായി 26 മണിക്കൂർ കൗൺഡൗൺ ചൊവ്വാഴ്‌ച്ച ഉച്ചകഴിഞ്ഞ് 2.10നാണ് ആരംഭിച്ചത്. ഇന്ത്യൻ വ്യോമസേനയ്ക്കും കരസേനയ്ക്കും ജിസാറ്റ് 7 എയുടെ വിക്ഷേപണം ഗുണകരമാവുമെന്നാണ് നിഗമനം.

ജിഎസ്എൽവി. എഫ്-11 റോക്കറ്റാണ് ജിസാറ്റ്-7എയെ ഭ്രമണപഥത്തിലെത്തിക്കുക. 2,250 കിലോഗ്രാമാണ് ഭാരം. എട്ടുവർഷമാണ് കാലാവധി. ഇന്ത്യ മാത്രമായിരിക്കും പ്രവർത്തനപരിധി. ജിസാറ്റ്-7 എയുടെ വിക്ഷേപണം ഇന്ത്യൻ വ്യോമസേനയ്ക്കും കരസേനയ്ക്കും ഗുണകരമാവും.

 

ജിഎസ്എൽവി. ശ്രേണിയിലെ 13-ാം വിക്ഷേപണവാഹനമാണ് ജിഎസ്എൽവി.എഫ്-11. മൂന്നുഘട്ടമായി പ്രവർത്തിപ്പിച്ചാണ് ഉപഗ്രഹത്തെ വിക്ഷേപണ വാഹനം ഭ്രമണപഥത്തിലെത്തിക്കുക. ഈ വർഷം ശ്രീഹരിക്കോട്ടയിൽ നടക്കുന്ന ഏഴാം വിക്ഷേപണമാണിത്.