ശ്രീനഗർ: ഏതാനും ദിവസങ്ങളിലായി തുടർച്ചയായി ഉണ്ടായ ഭീകരാക്രമണങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാശ്മീരിലെത്തി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു. ശ്രീനഗറിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച മോദി എനിക്കൊരു അവസരം നൽകിയാൽ നല്ല നാളുകൾ എന്താണെന്ന് കാണിച്ചു തരാമെന്ന് കാശ്മീർ ജനതയോടായി പറഞ്ഞു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ വാക്കുകുകൾ കടമെടുത്താണ് മോദി പ്രസംഗിച്ചത്. 2003ൽ അടൽ ബിഹാരി വാജ്‌പേയി കാശമീരിൽ സന്ദർശനം നടത്തിയ വേളയിൽ നടത്തിയ പ്രസംഗത്തിൽ മനുഷ്യത്വമാണ് കാശ്മീരിന്റെ അടിസ്ഥാനമെന്ന് പറഞ്ഞു.

അടൽ ബിഹാരി വാജ്‌പേയിലാണ് കാശ്മീരികൾക്കായുള്ള വികസന പ്രവർത്തനങ്ങൾ തുടങ്ങിവച്ചത്. അത് തുടരാൻ താൻ ആഗ്രഹിക്കുകയാണ്. എനിക്കൊരു അവസരം നൽകിയാൽ നല്ല നാളുകൾ കൊണ്ടുവരാനായി ശ്രമിക്കാമെന്ന് മോദി പറഞ്ഞു. ഇവിടെയുള്ള അഴിമതികൾ ഇല്ലാതാക്കുമെന്നും മോദി പറഞ്ഞു. അധികാരത്തിലെത്തിയ ശേഷം നരേന്ദ്ര മോദി ആറാം തവണയാണ് കാശ്മീരിൽ സന്ദർശനം നടത്തുന്നത്.

പ്രളയമുണ്ടായപ്പോൾ കശ്മീർ സർക്കാർ ഉറങ്ങുകയായിരുന്നുവെന്ന് മോദി കുറ്റപ്പെടുത്തി. കോൺഗ്രസ് സർക്കാർ ജമ്മു കശ്മീരിന് വേണ്ടി ഒന്നും ചെയ്യാത്തതിനാലാണ് താൻ കശ്മീരിൽ എത്തിയതെന്നും മോദി കൂട്ടിച്ചേർത്തു. കശ്മീരിൽ വികസനം ആഗ്രഹിക്കുന്നുണ്ടെങ്കിൽ പൂർണാധികാരമുള്ള സർക്കാരിന് വേണം ജനങ്ങൾ രൂപം കൊടുക്കാൻ. കശ്മീർ വിട്ടുപോയവർക്കും തുല്യ അവകാശം നൽകുമെന്നും മോദി പറഞ്ഞു.

വെടിയുണ്ടകളെ തോൽപ്പിക്കേണ്ടത് ബാലറ്റുകളിലൂടെയാണെന്നും മോദി പറഞ്ഞു. കാശ്മീരികളുടെ താൽപ്പര്യം സംരക്ഷിക്കാൻ സർക്കാർ തയ്യാറാണ്. അഠുത്തിടെ സൈന്യത്തിന്റെ വെടിയേറ്റ് കാശ്മീരി യുവാക്കൾ മരിച്ച സംഭവത്തിൽ അദ്ദേഹം ക്ഷമ ചോദിച്ചു. കാശ്മീരി ജനതയെ സംരക്ഷിക്കാനായി 33,000 പൊലീസുകാർക്ക് ജീവൻ വെടിയേണ്ടി വന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സൈന്യം എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അതിനായി തന്റെ സർക്കാർ മാപ്പു ചോദിക്കുന്നുമെന്നും മോദി വ്യക്തമാക്കി. നാളെയാണ് ജമ്മു കാശ്മീർ മൂന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുക.

തീവ്രവാദി ആക്രമണ ഭീഷണി കണക്കിലെടുത്ത് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് മോദിക്ക് വേണ്ടി ഒരുക്കിയിരുന്നത്. ഏതുവിധേനയും അട്ടിമറി നടത്തി കാശ്മീരിലെ തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുകയാണ് ലക്ഷ്യമെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് നൽകിയിരുന്നു. മോദിയുടെ പ്രചരണവേദിയുടെ നിരീക്ഷണത്തിനായി ഹെലികോപ്ടറുകളേയും ഉപയോഗപ്പെടുത്തിയിരുന്നു. എസ്‌പി.ജി കമാൻഡോകളുടെ പൂർണ നിയന്ത്രണത്തിലായിരുന്നു റാലി നടക്കുന്ന സ്‌റ്റേഡിയം.