ദുബായ്: ഭാരതം പ്രവാസി ഭാരതീയ പുരസ്‌കാരം നൽകി ആദരിച്ച അഷ്‌റഫ് താമരശ്ശേരിയുടെ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് തുടർച്ച നൽകുക എന്ന ലക്ഷ്യത്തോടെ അഷ്‌റഫ് താമരശ്ശേരി ഗ്ലോബൽ ഫൗണ്ടേഷൻ രൂപീകരിച്ചു. മാദ്ധ്യമ-സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ പത്മശ്രീ ഡോ. ആസാദ് മൂപ്പൻ ഡോ. പുത്തൂർ റഹ്മാന് നൽകി ഫൗണ്ടേഷൻ ലോഗോ പ്രകാശനം ചെയ്തു.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയ്ക്ക് 3500 മൃതദേഹങ്ങൾ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയച്ച അഷ്റഫിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ സഹായകരമാകുന്ന വളണ്ടിയർ വിങ് രൂപീകരിക്കുകയാണ് ഫൗണ്ടേഷന്റെ പ്രഥമ ലക്ഷ്യം. യുഎഇയിലെ ഏഴ് എമിറേറ്റ്‌സുകളിലും അഞ്ചു സന്നദ്ധ പ്രവർത്തകരെ കണ്ടെത്തി അവർക്ക് ഈ രംഗത്ത് പരിശീലനം നൽകും. അതാത് സ്ഥലങ്ങളിൽ മരണപ്പെടുന്നവർക്ക് പെട്ടെന്ന് സഹായം എത്തിച്ച് ഭൗതിക ദേഹം നിയമനടപടികൾ പൂർത്തിയാക്കി അവരുടെ ബന്ധു ജനങ്ങളിൽ എത്തിക്കാൻ ഈ സന്നദ്ധ പ്രവർത്തകർ അവസരം ഒരുക്കും. എമിറേറ്റ്‌സിലും അവിടുത്തെ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രവർത്തകരെ കണ്ടെത്തുക. അഷ്റഫ് താമരശേരി പരിശീലനം നൽകി സജ്ജരാക്കും.

പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ ചെലവും ഇന്ത്യാ ഗവൺമെന്റ് സൗജന്യമാക്കണമെന്ന ആവശ്യത്തിന് വേണ്ടി ഫൗണ്ടേഷൻ പ്രവർത്തിക്കും. യുഎഇ എക്‌സ്‌ചേഞ്ച് നിർമ്മിച്ച അമ്മാർ കീഴുപറമ്പ് രചനയും സംവിധാനവും നിർവഹിച്ച് തയാറാക്കിയ നിഴൽ തീരുന്നിടം ഹ്രസ്വ ചിത്രം ഓരോ എമിറേറ്റ്‌സിലും പ്രദർശിപ്പിച്ചുകൊണ്ടാണ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് വളണ്ടിയർമാരെ സജ്ജമാക്കുക.

ചിത്രത്തിന്റെ ആദ്യ പ്രദർശനവും ഡോ. ആസാദ് മൂപ്പൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന് വേണ്ടി അരോമ റെന്റ് എ കാർ ഉടമ പി സാജിദ് നിർമ്മിച്ച ഗൾഫ് ലൈഫ് ലൈൻ വെബ്‌സൈറ്റ് പോർട്ടൽ ഉദ്ഘാടനം ഡോ. പുത്തൂർ റഹ്മാൻ നിർവഹിച്ചു. ചടങ്ങിൽ ഗോപകുമാർ ഭാർഗവൻ, വിനോദ് നമ്പ്യാർ, പുന്നക്കൽ മുഹമ്മദലി, നിസാർ സൈദ്, എം സി എ നാസർ, സലിം അയ്യനേത്ത്, ഇ കെ ദിനേശൻ, അഡ്വ. സാജിദ്, രാഗേഷ് കോളോത്ത്, ലത്തീഫ് മമ്മിയൂർ, അബുല്ലൈസ്, ഫൈസൽ ചെന്തോപ്പിന്നി, സാദിഖ്, സോജ (എൽ ടി വി), റഫീഖ് മേമുണ്ട, ഉണ്ണി കുലുക്കല്ലൂർ എന്നിവർ സംസാരിച്ചു. അഷ്റഫ് താമരശ്ശേരി, അമ്മാർ കീഴുപറമ്പ് എന്നിവർ മറുപടി പ്രസംഗം നടത്തി.

അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതവും കർമ മേഖലയും അടയാളപ്പെടുത്തി നിർമ്മിച്ച 'നിഴൽ തീരുന്നിടം' ഹ്ര്വസ ചിത്രത്തിന്റെ പ്രദർശനവും ഉണ്ടായിരുന്നു. ചിത്രത്തിന്റെ സൗജന്യ പ്രദർശനത്തിന് ബന്ധപ്പെടുക: 050 9235931, 052 7999850.

ഷംസുദ്ദീൻ ബിൻ മുഹയുദ്ദീൻ, ഡോ ആസാദ് മൂപ്പൻ, പി വി അബ്ദുൾ വഹാബ്, വൈ. സുധീർ കുമാർ ഷെട്ടി, അൻവർ നഹ, എ കെ ഫൈസൽ, ഡോ പുത്തൂർ റഹ്മാൻ എന്നിവർ മുഖ്യ രക്ഷാധികാരികളായ അഷ്റഫ് താമരശ്ശേരി ഗ്ലോബൽ ഫൗണ്ടേഷന്റെ ചെയർമാൻ അമ്മാർ കീഴുപരമ്പാണ്. റഫീഖ് മേമുങ്ങ (കൺവീനർ), ഇ കെ ദിനേശൻ (വൈ. ചെയർമാൻ), ഉണ്ണി കുലുക്കല്ലൂർ (ജോ. കൺവീനർ), പി സാജിദ് അരോമ (ട്രഷറർ). എല്ലാ എമിറേറ്റിലെയും പ്രവർത്തകർ സജ്ജമാകുന്നതോടെ ഫൗണ്ടേഷൻ കൂടുതൽ എക്‌സിക്യുട്ടീവ് അംഗങ്ങളെ ഉൾപ്പെടുത്തി വിപുലീകരിക്കും.