തിരുവനന്തപുരം: കേരള പൊലീസ് ഇന്റലിജൻസ് ഡി.ഐ.ജി പി. വിജയൻ, പ്രമുഖ പ്രവാസി വ്യവസായി ജോൺ റാൾഫ്, ജീവകാരുണ്യ പ്രവർത്തക അശ്വതി നായർ എന്നിവരെ പ്രവാസി മലയാളി ഫെഡറേഷൻ ആദരിക്കുന്നു. ഓഗസ്റ്റ് 6,7 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംഘടനയുടെ ആഗോള കൺവെൻഷനിൽ വച്ച് പുരസ്‌കാരങ്ങൾ നൽകി ഇവരെ ആദരിക്കാൻ അവാർഡ് ജൂറി തെരഞ്ഞെടുത്തതായി ഗ്ലോബൽ കോ ഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ അറിയിച്ചു.

സി. എൻ.എൻ. ഐ.ബി.എന്നിന്റെ ഇന്ത്യൻ ഓഫ് ദി ഇയർ അവാർഡ് ജേതാവും പ്രവാസികൾക്ക് പ്രിയപ്പെട്ടവനുമാണ് പി. വിജയൻ ഐ.പി.എസ്.  പി. വിജയന്റെ കഠിന പരിശ്രമവും, കളങ്കരഹിതവും, കർത്തവ്യബോധത്തോടെയുമുള്ള ഔദ്യോഗിക പ്രവർത്തനങ്ങളുമാണ് പ്രവാസി മലയാളികൾക്ക് അദ്ദേഹത്തെ പ്രിയപ്പെട്ടവനാക്കിയത്. സ്റ്റുഡന്റ് പൊലീസ് പദ്ധതി, ഔവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ, പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായുള്ള പദ്ധതികൾ എന്നിവയ്ക്ക് തുടക്കം കുറിച്ചത് അദ്ദേഹമായിരുന്നു. ആദ്യവട്ടം എസ്.എസ്.എൽ.സി പരീക്ഷ വിജയിക്കാതിരുന്ന പി. വിജയൻ കുട്ടിയായിരിക്കുമ്പോൾ തന്നെ മറ്റ് ജോലികൾ ചെയ്തിരുന്നു. നിശ്ചയ ദാർഢ്യംകൊണ്ട് എസ്.എസ്.എൽ.സി. പാസ്സാവുകയും തുടർന്ന് ബിരുദം നേടുകയും ചെയ്തു. കോഴിക്കോട് സർവകലാശാലയിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും എം. ഫില്ലും നേടിയ കോഴിക്കോട് പുത്തൂർമഠം സ്വദേശിയായ ഇദ്ദേഹം 1999ൽ സിവിൽ സർവീസ് പരീക്ഷയും പാസ്സായി. 1999 ബാച്ചിലെ ഐ.എ.എസ്. ഉദ്യോഗസ്ഥയായ ഡോ. എം. ബീനയാണ് ഭാര്യ.

അശ്വതി നായർ ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയയായ വിദ്യാർത്ഥിനിയാണ്. തിരുവനന്തപുരം സ്വദേശിയായ അശ്വതി, എല്ലാ ദിവസവും നിരവധി അഗതികൾക്ക് സൗജന്യമായി ഭക്ഷണം നൽകി വരുന്നുണ്ട്. ഇവരുടെ നേതൃത്വത്തിൽ ജ്വാല എന്ന പേരിൽ ഒരു എൻ. ജി. ഓ. നടത്തി വരുന്നു. മികച്ച സാമൂഹ്യസേവനപ്രവർത്തനത്തിനുള്ള ജീവദീപ്തി പുരസ്‌കാരത്തിന്  അർഹയായിട്ടുണ്ട്. തെരുവിൽ അലയുന്ന പ്രായമായ മനുഷ്യരെ കേന്ദ്രീകരിച്ചാണ് അശ്വതിയുടെ പ്രവർത്തനം. തിരുവനന്തപുരം ലോ അക്കാദമിയിൽ രണ്ടാം വർഷ നിയമ വിദ്യാർത്ഥിയാണ് അശ്വതി.

ജോൺ റാൾഫ് സൗദി അറേബ്യയിലെ അറിയപ്പെടുന്ന പ്രവാസി മലയാളി വ്യവസായിയും, സാമൂഹിക സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തകനുമാണ്. സൗദി അറേബ്യയിൽ എത്തുന്നതിനു മുമ്പ് രണ്ടരവർഷക്കാലം സിംഗപ്പൂരിൽ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്നു. 1988 മുതൽ സൗദി അറേബ്യയിൽ പ്രവർത്തിക്കുന്നു. തൃശ്ശൂർ സൈലന്റ് വാലി അഞ്ചേരി സ്വദേശിയാണ് റാൾഫ്.