എടത്വാ:മഹാപ്രളയത്തിന് ശേഷം കേരളം നേരിടുന്ന വൻ വരൾച്ച നേരിട്ട് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കുവാനും അടിയന്തിര കർമ്മ പദ്ധതി നടപ്പിലാക്കാനും കേരളത്തിലെത്തിയ ന്യൂജേഴ്സി (അമേരിക്ക)ആസ്ഥാനമായി ഉള്ള ഗ്ലോബൽ പീസ് വിഷൻ സർവ്വേ നടപടി പുരോഗമിക്കുന്നതിനിടയിൽ ആദ്യ പദ്ധതിയായ 'ലിവിങ്ങ് വാട്ടർ - വിഷൻ 2020 'എടത്വാ പഞ്ചായത്തിലെ നാലാം വാർഡിലെ മുപ്പത്തിമൂന്നിൽചിറ കോളനിയിൽ തുടക്കമായി.

ദീർഘ വർഷങ്ങളായി കുടിവെള്ള ക്ഷാമം അനുഭവിച്ചിരുന്ന ഈ കോളനിയിൽ 4 ലക്ഷം രൂപ ചെലവഴിച്ച് എടത്വാ ഗ്രാമ പഞ്ചായത്ത് ഈ കോളനിയിലേക്ക് പൈപ്പ് ലൈൻ വലിച്ചെങ്കിലും അതിലൂടെ തുള്ളി വെള്ളം പോലും എത്തിയിട്ടില്ല.കുടിവെള്ളത്തിനായി അവർ മഴയെ ആണ് ആശ്രയിക്കുന്നത്.വെള്ളപൊക്കത്തിന് ശേഷം ലോറികളിൽ സമാന്തര കുടിവെള്ള വിതരണം ചെയ്യുന്നുണ്ടെങ്കിലും കോളനിയിലേക്കുള്ള റോഡിന് വീതി കുറവായതിനാൽ വാഹനങ്ങൾ എത്താറില്ല. നിരന്തരമായ പരാതിയെ തുടർന്ന് പൈപ്പ് ലൈൻ വലിച്ചെങ്കിലും വെള്ളം എത്തുന്നില്ല.

പ്രധാന പൈപ്പിൽ നിന്നും ഒരിടയിലേറെ ഉയരത്തിൽ ആണ് കോളനിയിലേക്ക് പൈപ്പ് ഇട്ടിരിക്കുന്നതിനാൽ വെള്ളം കയറി വരില്ല.സമീപത്തെ തോട്ടിൽ നിന്നും ആണ് പ്രാഥമിക ആവശ്യങ്ങൾക്ക് വെള്ളം ഉപയോഗിച്ചിരുന്നത്. അത് മലിനമാകുകയും കറുകൽ വളർന്ന് മൂടിയതോടെ അതും ഉപയോഗിക്കാൻ പറ്റാതെ ആയി.. ഇവിടെ ആകെ ഉണ്ടായിരുന്ന 2 കിണറുകൾ ഇപ്പോൾ ഉപയോഗ ശൂന്യമാണ്. കുടിവെള്ളം ഇല്ലാത്തതിനാൽ ഒന്നര കിലോമീറ്റർ ദൂരത്തിൽ പോയി കന്നാസിൽ വെള്ളം ശേഖരിക്കുകയാണ് പതിവ്.സർവ്വേ പൂർത്തിയായില്ലെങ്കിലും പ്രദേശവാസികൾ നേരിടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് അടിയന്തിര പരിഹാരമെന്ന നിലയിൽ ആണ്
ഇവിടെ പദ്ധതിക്ക് തുടക്കമിട്ടത്.

കോളനിയിൽ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന 35 വീടുകളിലും ജലസംഭരണികൾ സൗജന്യമായി വിതരണം ചെയ്തു. കോളനിയിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ പീസ് വിഷൻ രാജ്യാന്തര ഡയറക്ടർ ബോർഡ് അംഗം ഡോ.ജോൺസൺ വി.ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ആനി ഈപ്പൻ സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു.ഗ്ലോബൽ പീസ് വിഷൻ രാജ്യാന്തര ഡയറക്ടർ വനജാ അനന്ത കോളനി നിവാസിയായ തങ്കമ്മ രമണന് ശുദ്ധജലം നല്കി ലിവിങ്ങ് വാട്ടർ വിഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു.തുടർന്ന് ബദൽ സംവിധാനം ഉണ്ടാകുന്നതുവരെ ആഴ്ചയിൽ നിശ്ചിത ദിവസം കുടിവെള്ളം എത്തിച്ച് വിതരണം ചെയ്യുന്നതിന് ഉള്ള കരാർ കീർത്തീ ഡിസ്ട്രിബൂട്ടേഴ്‌സിന് കൈമാറി.പ്രസാദ് ജോൺ,സജീവ് എൻ.ജെ. ജയകുമാർ പി.ആർ, മണിയമ്മ സോമൻ എന്നിവർ പ്രസംഗിച്ചു.

സംഘടനയുടെ നേതൃത്വത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പ്രാദേശിക തലത്തിൽ സമിതികൾ രൂപീകരിക്കും.പ്രളയത്തെ അതിജീവിച്ചെങ്കിലും ജനം അനുഭവിക്കുന്ന ആശങ്കകളും ആകുലതകളും അകറ്റി ആത്മവിശ്വാസം നൽകുന്നതിന് ആവശ്യമായ ഗ്രൂപ്പ് കൗൺസിലിംങ്ങ് നടത്തും. പ്രളയബാധിത മേഖലയിൽ തെരെഞ്ഞെടുക്കപെടുന്ന പ്രദേശങ്ങൾ കേന്ദ്രികരിച്ച് 'ലിവിങ്ങ് വാട്ടർ - വിഷൻ 2020 യൂണിറ്റുകൾ ആരംഭിക്കും.