തുവിധത്തിലുള്ള തട്ടിപ്പിൽനിന്നും സുരക്ഷിതമെന്നാണ് ജിമെയിൽ അവതരിപ്പിക്കുമ്പോൾ ഗൂഗിൾ അവകാശപ്പെട്ടിരുന്നത്. എന്നാൽ, ജിമെയിലിന്റെയും സുരക്ഷാമുൻകരുതലുകളെയും സൈബർ ഭീകരർ തകർത്തതായി സൂചന. അതിവിദഗ്ധരായ ടെക്കികൾക്കുപോലും കണ്ടെത്താനാവാത്ത വിധം ജിമെയിലൂടെ തട്ടിപ്പ് അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. ഒരു പിഡിഎഫ് ഫയലിലേക്കുള്ള ലിങ്കുമായി എത്തുന്ന മെയിലാണ് തട്ടിപ്പിന്റെ താക്കോൽ.

ഈ പിഡിഎഫ് ഫയൽ ഓപ്പൺ ചെയ്യുന്നതോടെ ജിമെയിൽ അക്കൗണ്ടിന്റെ നിയന്ത്രണം നിങ്ങൾപോലും അറിയാതെ ഹാക്കർമാർക്ക് സ്വന്തമാകുന്നു. ലോഗിൻ വിവരങ്ങളും അതിലൂടെ കൈമാറുന്ന മറ്റ് വിവരങ്ങളും ചോർത്തപ്പെടും. ഇത് വൈറസാണെന്ന് തിരിച്ചറിയാനുള്ള മാർഗമില്ലെന്നതാണ് മറ്റൊരു അപകടം. നിങ്ങളുടെ കോൺടാക്ടിലുള്ള മെയിലിൽനിന്നുതന്നെയാകും ഈ പിഡിഎഫ് ഫയൽ അടങ്ങിയ മെയിൽ വരുന്നത്. അറിയാതെ തുറന്നുനോക്കാൻ ഇത് സാധ്യത കൂട്ടുന്നു.

നിങ്ങളുടെ കോൺടാക്ടിലുള്ള സുഹൃത്തിന്റെ എഴുത്തിന്റെ ശൈലിപോലും മോഷ്ടിച്ചാകും ഈ മെയിൽ തയ്യാറാക്കിയിട്ടുണ്ടാവുക. അത്രയ്ക്കും വിശ്വസനീയമായ രീതിയിലാണ് മെയിലെത്തുക. പിഡിഎഫ് ഫയലെന്ന് തോന്നിപ്പിക്കുന്ന അറ്റാച്ച്‌മെന്റ് ഇതിലുണ്ടാകും. ഇത് ഓപ്പൺ ചെയ്യുന്നതോടെ മറ്റ് ലിങ്കുകളിലേക്ക് പോകും. അവിടെ നിങ്ങൾ ലോഗിൻ വിവരങ്ങൾ നൽകുന്നതോടെ നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ ചോർത്തപ്പെടുന്നു.

സാധാരണനിലയ്ക്ക് അപകടകരങ്ങളായ പേജിലേക്ക് പോകുമ്പോൾ ഗൂഗിൾ മുന്നറിയിപ്പ് നൽകാറുണ്ട്. എന്നാൽ ഈ പേജുകളിൽ ഗൂഗിളിന്റെ മുന്നറിയിപ്പുകളും പ്രവർത്തിക്കില്ല. വോർഡ്പ്രസ്സിന്റെ സിഇഒ മാർക്ക് മൗണ്ടറാണ് ഈ വ്യാജ ഇ-മെയിൽ കണ്ടെത്തിയത്. നിങ്ങൾ പെട്ടുകഴിഞ്ഞാൽ നിങ്ങളുടെ മെയിൽ അഡ്രസ്സിൽനിന്ന് കോൺടാക്റ്റ് ലിസ്റ്റിലുള്ള മറ്റുള്ളവർക്ക് നിങ്ങളുടെ പേരിൽ മെയിൽ പോകുമെന്നും മൗണ്ടർ മുന്നറിയിപ്പ് നൽകുന്നു. അത്ര വിശ്വസനീയമല്ലെങ്കിൽ ലിങ്ക് തുറന്നുനോക്കാതിരിക്കുക എന്നതാണ് ഇതിൽനിന്ന് രക്ഷപ്പെടാനുള്ള ഏക പോംവഴി.