കണ്ണൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്കും തിരിച്ചും ഗോ എയർ ദിവസേന ഡയറക്ട് സർവീസ് ആരംഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ജനുവരി പത്ത് മുതൽ കണ്ണൂർ-മുംബൈ സർവീസും 11 മുതൽ മുംബൈ-കണ്ണൂർ സർവീസും തുടങ്ങും. കണ്ണൂരിൽ നിന്ന് രണ്ട് മണിക്കൂർ കൊണ്ട് മുംബൈയിൽ എത്തുംവിധമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. കണ്ണൂരിൽ നിന്ന് രാത്രി 11ന് പുറപ്പെടുന്ന ജി8-621 വിമാനം പുലർച്ചെ ഒന്നിന് മുംബൈയിലെത്തും. മുംബൈയിൽ നിന്ന് രാത്രി 12.45ന് പുറപ്പെടുന്ന ജി8-620 വിമാനം പുലർച്ചെ 2.45ന് കണ്ണൂരിലിറങ്ങും.

കണ്ണൂർ-മുംബൈ സെക്ടറിലെ യാത്രക്കാരുടെ എണ്ണം പരിഗണിച്ചാണ് പുതിയ സർവീസുകൾ. നിലവിൽ 24 സെക്ടറുകളിലായി 234 ഡൊമസ്റ്റിക് സർവീസുകളാണ് ഗോ എയർ നടത്തുന്നത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അന്താരാഷ്ട്ര സർവീസുകളും വൈകാതെ ആരംഭിക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചു.

കുറഞ്ഞ ചെലവിൽ വിശ്വാസ്യതയോടെ വിമാനസർവീസുകൾ'' നടത്തുന്ന പ്രമുഖ കമ്പനിയാണ് വാഡിയ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗോ എയർ. നിലവിൽ 24 ഡൊമസ്റ്റിക് വിമാനത്താവളങ്ങളിൽ നിന്നും രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നുമാണ് ഗോഎയർ സർവീസ് നടത്തുന്നത്.