പനാജി: ഗോവ തെരഞ്ഞെടുപ്പിൽ അധികാരം തിരിച്ചുപിടിക്കാൻ സർവ്വ തന്ത്രങ്ങളും പയറ്റുകയാണു കോൺഗ്രസ്. ചേരിതുരിഞ്ഞു നിന്ന നേതാക്കളെ ഒരുമിച്ചിരുത്തി ഇന്നു നടത്തിയ പത്ര സമ്മേളനം ഗോവ രാഷ്ട്രീയത്തിൽ മുമ്പു പതിവില്ലാത്തതായിരുന്നു.

ജനുവരി മുപ്പതിന് അവസാനവട്ട പ്രചാണത്തിനു വന്ന ദേശീയ ഉപാധ്യക്ഷൻ സമ്മേളനം നടന്ന മാപ്സയിലെ വേദിക്കരികിൽ നാലു മുൻ മുഖ്യ മന്ത്രിമാരെ വിളിച്ചു നിർത്തി യോജിച്ചു നിൽക്കാനുള്ള നിർദ്ദേശം നൽകി. നിയമസഭാ തെരഞ്ഞെടുപ്പുകളിലും പ്രാദേശിക ഭരണസമിതികളിലേക്കുള്ള തെരഞ്ഞെടുപ്പുകളിലും ബിജെപി വിജയം ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് പതിവിൽക്കവിഞ്ഞ
ജാഗ്രതയോടെയാണു ഗോവയിൽ പോരിനിറങ്ങിയിരിക്കുന്നത്.

മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്ങിനു പുറമെ രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായ കെ. സി. വേണുഗോപാലിനാണു സ്ഥാനാർത്തി നിർണ്ണയ ചുമതല നൽകിയത്. ഹൈക്കമാന്റ് ഇരുപത്തിമൂന്ന് പുതുമുഖ സ്ഥാനാർത്ഥഇകൾക്കാണ് ഗോവയിൽ അവസരം നൽകിയത്.

സ്ഥാനാർത്തി നിർണ്ണയത്തിനു ശേഷവും വേണുഗോപാലിനോടു ഗോവയിൽ തുടരാൻ കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയിരിക്കുകയാണ്. യുവ എഐസിസി സെക്രട്ടറി ഡോ.ചെല്ലകുമാറിന്റെ നേതൃത്വത്തിൽ കാര്യങ്ങൾ പരിശോധിക്കനും അപ്പപ്പോൾ കേന്ദ്രത്തെ അറിയിക്കാനും യുവ നേതാക്കളുടെ ടീമിനേയും നിയോഗിച്ചിട്ടുണ്ട്. എഐസിസി സെക്രട്ടറി സൂരജ് ഹെഗ്ഡെ, മുൻ എൻഎസ്‌യു പ്രസിഡന്റ് റോജി ജോൺ, കേരളത്തിലെ യുവ നേതാക്കളായ സജീവ് ജോസഫ്, പഴകുളം മധു, മാത്യു കുഴൽനാടൻ എന്നിവരും സംഘത്തിൽ ഉൾപ്പെടുന്നു. ഇത്തരമൊരു പരീക്ഷണം ഗോവയിലാണ് കോൺഗ്രസ് ദേശീയ നേതൃത്വം ആദ്യമായി നടപ്പാക്കുന്നത്.

നാലു മുൻ മുഖ്യമന്ത്രിമാർ ജനവിധി തേടുന്ന ഗോവയിൽ നേതാക്കളുടെ ചേരിപ്പോരു കണ്ടെത്തുകയും കാലുവാരൽ തടയുകയുമാണു യുവ നേതാക്കളെ ഇറക്കിയുള്ള ഹൈക്കമാൻഡ് തന്ത്രത്തിനു പിന്നിലെ ലക്ഷ്യം. കെപിസിസി പ്രസിഡന്റ് വി എം. സുധീരനോട് കേന്ദ്ര നേതൃത്വം ഈ യുവ നേതാകളുടെ സേവനം നേരിട്ട് ആവശ്യപ്പെടുകയായിരുന്നു.