പനാജി: ഗോവയിൽ ഭരണം നഷ്ടമായതിൽ രോഷാകുലരായി കോൺഗ്രസ് എംഎ‍ൽഎമാർ. ഭരണം നഷ്ടമായത് പാർട്ടി നേതൃത്വത്തിന്റെ പിടിപ്പുകേട് മൂലമാണെന്നാണ് എംഎ‍ൽഎമാരുടെ ആരോപണം. സംസ്ഥാനത്ത് കൃത്യമായ സമയത്ത് കേന്ദ്രനേതൃത്വം ഇടപെടൽ നടത്താത്തതിനാലാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഭരണം പിടിക്കാൻ പാർട്ടിക്ക് കഴിയാതിരുന്നതെന്ന് എംഎ‍ൽഎമാർ പറയുന്നു.

പാർട്ടി എംഎൽഎമാരുടെ യോഗത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി ചിലർ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദിഗ്‌വിജയ് സിങ്ങിനോട് കയർത്തതായും റിപ്പോർട്ടുണ്ട്. ഗോവയിലെ കോൺഗ്രസിന്റെ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായിരുന്ന വിശ്വജിത്ത് പി റാണെ പാർട്ടി നേതൃത്വത്തിനെതിരെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്.

നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും വലിയ പിടിപ്പുകേടാണ് ഉണ്ടായത്. ജനങ്ങൾ കോൺഗ്രസിന് സർക്കാരുണ്ടാക്കാനുള്ള അവകാശം നൽകി. പക്ഷേ നേതാക്കളുടെ വിഡ്ഢിത്തം കാരണം പാർട്ടി അവസരം തുലച്ചുകളഞ്ഞെന്നും ഇദ്ദേഹം പറയുന്നു. ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ നടപടിക്കെതിരെ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും പരീക്കറിന്റെ സത്യപ്രതിജ്ഞ റദ്ദാക്കാൻ കോടതി തയാറായില്ല. 16ന് വിശ്വാസ വോട്ടെടുപ്പ് നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടെങ്കിലും അതിൽ ബിജെപി പരാജയപ്പെടുമെന്ന് കോൺഗ്രസിന് പ്രതീക്ഷയില്ല.

40 അംഗ നിയമസഭയിൽ 17 സീറ്റുള്ള കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 13 സീറ്റു നേടിയ ബിജെപിയേക്കാൾ നാലു സീറ്റിന്റെ മുൻതൂക്കമുണ്ടായിരുന്ന കോൺഗ്രസിന്, കേവല ഭൂരിപക്ഷമായ 21ലേക്ക് എത്താൻ വേണ്ടിയിരുന്നത് വെറും നാലു സീറ്റുമാത്രമായിരുന്നു. എന്നാൽ വേണ്ട നടപടികൾ സ്വീകരിക്കാതിരുന്ന നേതൃത്വം വലിയ വിഡ്ഡിത്തമാണ് കാണിച്ചതെന്നാണ് എംഎ‍ൽഎമാർ പറയുന്നത്. കോൺഗ്രസിനു പിന്തുണ നൽകുമെന്നു കരുതിയിരുന്ന മൂന്നംഗ ഗോവ ഫോർവേഡ് പാർട്ടി (ജിഎഫ്പി) കൂടി ബിജെപി പാളയത്തിലെത്തിയതാടെ കോൺഗ്രസിന് പിടിവള്ളി നഷ്ടമാകുകയും ചെയ്തു.