പനാജി: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ ഗോവയിൽ ബിജെപി തന്നെ സർക്കാർ ഉണ്ടാക്കാൻ നീക്കം തുടങ്ങി. ഗവർണറെ കണ്ട് സർക്കാർ ഉണ്ടാക്കാൻ അവകാശവാദം ഉന്നയിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. 22 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യമുള്ളത്. എന്നാൽ, അതിലേക്ക് ബിജെപി എത്തുമോ എന്നതാണ് ഇനി അറിയേണ്ടത്

നിലവിൽ 18 സീറ്റിലാണ് ബിജെപി മുന്നിൽ നിൽക്കുന്നത്. 12 സീറ്റിലേക്ക് കോൺഗ്രസിന്റെ ലീഡും ചുരുങ്ങി. പത്തിടങ്ങളിൽ മറ്റു കക്ഷികളും സ്വതന്ത്രരുമാണ് മത്സരിക്കുന്നത്. ബിജെപിയുടെ പ്രചാരണ മുദ്രാവാക്യമായ 2022ൽ 22 പ്ലസ് യാഥാർത്ഥ്യമാകുമോയെന്നാണ് ഇനി അറിയേണ്ടത്. ഫെബ്രുവരി പതിനാലിനാണ് ഗോവൻ ജനത തങ്ങളുടെ അടുത്ത സർക്കാരിനായി വോട്ട് രേഖപ്പെടുത്തിയത്. അതിന് പിന്നാലെ മൂന്ന് പാർട്ടികളും വിജയം തങ്ങൾക്കു തന്നെയെന്നുറപ്പിച്ച് പ്രസ്താവനകളും പുറത്തിറക്കി.

2017ൽ ലഭിച്ച 13 സീറ്റുകൾ ഇത്തവണ 22 ആയി ഉയർത്തുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. ഇത് ഉറപ്പിക്കുന്നതായിരുന്നു പാർട്ടിയുടെ പ്രചാരണ മുദ്രാവാക്യവും. എന്നാൽ 26 സീറ്റുകൾ വരെ നേടി വിജയിക്കുമെന്നാണ് കോൺഗ്രസ് ഉറപ്പിച്ചത്. ബിജെപിക്ക് പത്തിൽ താഴെ മാത്രം സീറ്റുകൾ മാത്രമേ നേടാൻ സാധിക്കുകയുള്ളൂവെന്നും കോൺഗ്രസ്- ജി എഫ് പി സഖ്യകക്ഷിക്ക് ഗോവൻ ജനത കൂടുതൽ വോട്ട് നൽകുമെന്നും കോൺഗ്രസ് അടുത്ത ഗവൺമെന്റ് രൂപീകരിക്കുമെന്നും പാർട്ടിയെ ഉദ്ധരിച്ചുകൊണ്ട് ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗിരീഷ് ചോദൻകർ പറഞ്ഞിരുന്നു.

അതേസമയം, ഇത്തവണ ബിജെപിയെയും കോൺഗ്രസിനെയും പുറത്താക്കി തങ്ങൾ ഭരണം പിടിച്ചെടുക്കുമെന്നാണ് എ എ പിയുടെ വാദം. അഞ്ച് വർഷമായി പാർട്ടി സംസ്ഥാനത്ത് വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണെന്നും കോവിഡ് കാലത്ത് വളരെ മികച്ച പ്രവർത്തനങ്ങളാണ് അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായതെന്നും ആം ആദ്മി പാർട്ടി സ്റ്റേറ്റ് കൺവീനർ രാഹുൽ മാംബ്രേ പറഞ്ഞിരുന്നു. ഗോവൻ ജനത തങ്ങളുടെ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞുവെന്നും തങ്ങൾക്ക് വോട്ട് രേഖപ്പെടുത്തുമെന്നും അദ്ദേഹം ഉറപ്പിക്കുകയും ചെയ്തു.