പനാജി: ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് എഫ്‌സി ഗോവയെ മലർത്തിയടിച്ച് പൂണെ എഫ്‌സി. 71-ാം മിനിറ്റിൽ അൽഫാരോ, 84-ാം മിനിറ്റിൽ ജൊനാഥൻ എന്നിവരാണ് പൂണെയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്.കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ 10 ഗോളടിച്ച ടീമാണ് ഗോവ.

ഗാവയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിലെ ആദ്യ പകുതിയിൽ ഗോളൊന്നും പിറക്കാഞ്ഞത് കാണികളെ നിരാശപ്പെടുത്തി. രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. പൂണെ നിരയിൽ മലയാളി താരം ആഷിഖ് കുരുണിയാൻ ആദ്യ പതിനൊന്നിൽ സ്ഥാനം നേടിയിരുന്നു.

പൂണെ താരം അൽഫാരോയുടെ ചില കടന്നാക്രമണങ്ങൾ ഒഴിച്ചുനിർത്തിയാൽ ആദ്യ പകുതി തീർത്തും വിരസമായിരുന്നു. പൂണെ ഗോൾ കീപ്പറുടെ മികച്ച രക്ഷപെടുത്തലുകളും മത്സരം ആദ്യ പകുതിയിൽ ഗോൾ രഹിത സമനിലയിൽ നിർത്തി.

തുടർന്ന് എമിലാനോ അൽഫാറോ ആണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. 71-ാം മിനിറ്റിൽ മാർസല്ലോ നൽകിയ പാസിൽ നിന്നും അൽഫാരോ നിഷ്പ്രയാസം പന്ത് ഗോവൻ വലയിലെത്തിച്ചു. ഗോൾ നേടിയതോടെ മികച്ച ആക്രമണം കാഴ്‌ച്ചവെച്ച പൂണെ അൽഫാറോയിലൂടെ രണ്ടാമത്തെ ഗോളിനടുത്ത് എത്തിയെങ്കിലും രക്ഷപെടുകയായിരുന്നു.

തുടർന്ന് മത്സരം തീരാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ ജോനാതൻ ലൂക്ക പൂണെയുടെ രണ്ടാമത്തെ ഗോളും നേടി മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചു. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്‌ച്ചവെച്ച ആദിൽ ഖാൻ ആണ് ഹീറോ ഓഫ് ദി മാച്ച്.ഗോവയ്‌ക്കെതിരായ ജയത്തോടെ പൂണെ എഫ്‌സിയും പോയിന്റ് പട്ടികയിൽ മുന്നിലെത്തി. 12 പോയിന്റുകൾ വീതം നേടിയ എഫ്‌സി ഗോവ, ബെംഗളൂരു എഫ്‌സി, ചെന്നൈയിൻ എഫ്‌സി, പൂണെ എഫ്‌സി എന്നീ ടീമുകളാണ് നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ളത്.