പനാജി: ഗോവ ചലച്ചിത്രമേളയിൽനിന്ന് പാക്കിസ്ഥാൻ സിനിമയെ പുറത്താക്കി. പാക്കിസ്ഥാന്റെ 2018 ലെ ഓസ്‌കാർ എൻട്രിയായ സാവൻ ആണ് ഒഴിവാക്കപ്പെട്ടത്. ലോകവിഭാഗത്തിലായിരുന്നു ഗോവ മേളയിൽ ഉൾപ്പെടുത്തിയിരുന്നത്. മേളയിൽ ചിത്രം പരിചയപ്പെടുത്തുന്നതിനും കാണികളുമായി സംവദിക്കുന്നതിനും സംവിധായകൻ ഫർഹാൻ ആലത്തിനെ ക്ഷണിച്ചിരുന്നെങ്കിലും അതും റദ്ദു ചെയ്തു. അവസാന നിമിഷമാണ് ചിത്രം ഒഴിവാക്കിയത്.

കഴിഞ്ഞ ഒക്ടോബറിലാണ് മേളയിൽ ചിത്രം ഉൾപ്പെടുത്തിയതായി തനിക്ക് ഫെസ്റ്റിവൽ ഡയറക്ടറുടെ അറിയിപ്പ് ലഭിച്ചതെന്ന് ആലം പറയുന്നു. മേളയുടെ ഭാഗമാകാൻ ആകാക്ഷയോടെയാണ് കാത്തിരുന്നത്. എന്നാൽ ചിത്രം ഒഴിവാക്കിയതായി ചൂണ്ടിക്കാട്ടി കഴിഞ്ഞ നാലാം തീയതി തനിക്ക് ഇ മെയിൽ ലഭിച്ചു. ഷെഡ്യൂൾ പരിമിതികാരണം ഒഴിവാക്കുന്നതായാണ് അറിയിച്ചത്. സിനിമ ഒഴിവാക്കിയതിൽ നിരാശനാണെന്നും അദ്ദേഹം പറഞ്ഞു. എസ് ദുർഗ, ന്യൂഡ് എന്നീ ചിത്രങ്ങളും മേളയിൽ നിന്ന് നേരത്തേ ഒഴിവാക്കിയിരുന്നു.

വിവാദങ്ങൾക്കിടെ ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞു. കനത്ത സുരക്ഷയിലാണ് പരിപാടികൾ അറങ്ങേറിയത്. മാദ്ധ്്യമങ്ങളെയും വേദിയിൽ നിന്ന് ഒഴിവാക്കി. ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ വിശിഷ്ഠാതിഥിയായിരുന്നു. പ്രശസ്ത ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ 'ബിയോണ്ട് ദ ക്ലൗഡ്സ്' ആയിരുന്നു ഉദ്ഘാടന ചിത്രം. നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശിപ്പിക്കപ്പെട്ടത്.