ന്യൂഡൽഹി: അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗോവയിൽ ബിജെപി വിരുദ്ധ സഖ്യത്തിനുള്ള നീക്കവുമായി തൃണമൂൽ കോൺഗ്രസ്. ഗോവയിലെത്തിയ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മുൻപു ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന ഗോവ ഫോർവേഡ് പാർട്ടി (ജിഎഫ്പി) അധ്യക്ഷൻ വിജയ് സർദേശായിയുമായി കൂടിക്കാഴ്ച നടത്തി.

സംസ്ഥാനത്ത് ബിജെപിക്കെതിരെ ഇരുപാർട്ടികളും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് മമത പറഞ്ഞു. തൃണമൂലുമായി ലയിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് സർദേശായിയാണ്. പ്രാദേശിക പാർട്ടികളെ പിളർത്താൻ തൃണമൂലിന് ആഗ്രഹമില്ലെന്നും മമത പറഞ്ഞു.

ഏപ്രിലിൽ ബിജെപി കൂട്ടുകെട്ട് അവസാനിപ്പിച്ച സർദേശായി, അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം നടത്താനുള്ള അണിയറ പ്രവർത്തനങ്ങളിലാണ്. അഴിമതിയും വർഗീയതയും നിറഞ്ഞ ഭരണം അവസാനിപ്പിക്കാൻ പ്രതിപക്ഷ ഐക്യം നിർണായകമാണെന്ന് സർദേശായി പറഞ്ഞു. 2022-നെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർദേശായിയുടെ പാർട്ടിക്ക് മൂന്ന് എംഎൽഎമാരാണുള്ളത്. കഴിഞ്ഞ ബിജെപി സർക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്നു സർദേശായി. കോൺഗ്രസുമായി സഖ്യമുണ്ടാക്കാനാണ് സർദേശായി ആദ്യം ശ്രമിച്ചത്. അതു വിജയിക്കാതെ വന്നതോടെയാണ് തൃണമൂലുമായി അടുക്കാനുള്ള ശ്രമം.

വിവിധ സംസ്ഥാനങ്ങളിൽ തൃണമൂൽ കോൺഗ്രസിന് അടിത്തറയുണ്ടാക്കുന്നതിന്റെ ഭാഗമായാണ് മമത ഗോവയിലെത്തിയിരിക്കുന്നത്. നാൽപതംഗ ഗോവ നിയമസഭയിലേക്ക് അടുത്ത വർഷമാണ് തിരഞ്ഞെടുപ്പ്. 2017ൽ 17 സീറ്റ് നേടിയ കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാൽ 13 സീറ്റ് നേടിയ ബിജെപി പ്രാദേശിക കക്ഷികളുടെ സഹായത്തോടെ അധികാരത്തിലെത്തുകയായിരുന്നു.