മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ ഏഴാം സീസണിലെ മുഴുവൻ മത്സരങ്ങളും ഗോവയിൽ നടക്കും. 2020 നവംബർ 21 മുതൽ 2021 മാർച്ച് 21 വരെയാകും ടൂർണമെന്റ് നടക്കുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. മൂന്ന് വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ഫത്തോർഡയിലെ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം, ബാംബോലിമിലെ അത്‌ലറ്റിക് സ്‌റ്റേഡിയം, വാസ്‌കോയിലെ തിലക് മൈതാൻ സ്‌റ്റേഡിയം എന്നീ വേദികളിലാണ് മത്സരങ്ങൾ നടക്കുകയെന്ന് സ്പോർട്സ് സ്റ്റാർ റിപ്പോർട്ട് ചെയ്തു.

കോവിഡ് പശ്ചാത്തലത്തിൽ മത്സരങ്ങൾ പല കേന്ദ്രങ്ങളിൽ നടത്തുന്നതിലെ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് വേദി ഒരു സംസ്ഥാനത്ത് മാത്രമായി ചുരുക്കിയത്. സ്പോർട്സ് അഥോറിറ്റി ഓഫ് ഗോവ, ഗോവ ഫുട്‌ബോൾ അസോസിയേഷൻ തുടങ്ങിയവർ സുരക്ഷാകാര്യങ്ങൾ വിലയിരുത്തും. എല്ലാ ടീമുകൾക്കും പ്രത്യേകം ട്രെയനിങ് ഗ്രൗണ്ടുകൾ ഉണ്ടായിരിക്കുമെന്ന് ഫുട്‌ബോൾ സ്പോർട്സ് ഡവലപ്പ്‌മെന്റ് ലിമിറ്റഡ് അറിയിച്ചു. പരിശീലനത്തിനായി 10 ഗ്രൗണ്ടുകൾ സജ്ജമാക്കും. കഴിഞ്ഞ സീസണിലെ ഫൈനലിൽ കൊൽക്കത്ത എ.ടി.കെയും ചെന്നൈയിൻ എഫ്.സിയും ഏറ്റുമുട്ടിയത് ഫത്തോർഡ സ്‌റ്റേഡിയത്തിൽ ആയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ആയിരുന്നതിനാൽ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്. ഇത്തവണ മുഴുവൻ മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് നടക്കുക.

ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ഐഎസ്എൽ ആയിരിക്കുമിത്. മോഹൻ ബഗാൻ ഐഎസ്എല്ലിലേക്ക് പ്രവേശിച്ച സീസൺ ആണിത്. എടികെയുമായി ലയിച്ചാണ് ബഗാൻ ഐഎസ്എല്ലിനെത്തുന്നത്. കൂടാതെ സിറ്റി ഫുട്‌ബോൾ ഗ്രൂപ്പ് മുംബൈ സിറ്റി എഫ്‌സിയുമായി സഹകരിക്കാൻ തീരുമാനിച്ചിരുന്നു. ഹൈദരാബാദ് എഫ്‌സി ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടുമായി സഹകരിക്കാൻ തീരുമാനിച്ചിരുന്നു.