ഗോവ: ഐ.എസ്.എല്ലിൽ ഗോൾമഴ കണ്ട ആവേശ മത്സരത്തിൽ ബെംഗളൂരു എഫ്.സിക്കെതിരെ എഫ്.സി ഗോവയ്ക്ക് വിജയം. ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ ബംഗളൂരു എഫ്‌സിയെ മൂന്നിനെതിരെ നാലു ഗോളുകൾക്ക് ഗോവ പരാജയപ്പെടുത്തി. ഗോളി ഗുർപ്രീത് സിങ് മാച്ചിങ് ഓർഡർ ലഭിച്ചു പുറത്തുപോയതോടെ പത്തുപേരായി ചുരുങ്ങിയ ബംഗളൂരു പോരുതി തോൽക്കുകയായിരുന്നു.

സീസണിലെ ആദ്യ ഹാട്രിക്ക് നേട്ടം കൈവരിച്ച ഫെറാൻ കൊറാമിനാസാണ് ഗോവയുടെ വിജയശില്പി. കളിയുടെ 16, 33, 63 മിനിറ്റുകളിലാണ് കൊറാമിനാസ് ബംഗളൂരുവല ചലിപ്പിച്ചത്. മാനുവൽ ലാൻസറോറ്റെ ഗോവയുടെ നാലാം ഗോൾ നേടി. ബംഗളൂരുവിനായി മിക്കുവും എറിക് പർതാലുവുമാണ് ഗോൾ നേടിയത്.

36-ാം മിനിറ്റിൽ ബെംഗളൂരുവിന് തിരിച്ചടി നല്കി ഗുർപ്രീത് സിങ്ങ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. പെനാൽറ്റി ബോക്സിൽ വെച്ച് ലാൻസറോട്ടയെ മുഖത്ത് ഇടിച്ചതിനായിരുന്നു റഫറി ചുവപ്പ് കാർഡ് പുറത്തെടുത്തത്. ഇതിന് ലഭിച്ച പെനാൽറ്റി ലാൻസറോട്ട ലക്ഷ്യം തെറ്റാതെ വലയിലെത്തിച്ചതോടെ ഗോവ 3-1ന്റെ ലീഡ് നേടി.

രണ്ടാം പകുതിയിൽ പത്ത് പേരുമായി കളി തുടർന്ന ബെംഗളൂരു പിടിച്ചു നിന്നു. 57-ാം മിനിറ്റിൽ ലഭിച്ച കോർണർ കിക്ക് ഗോളാക്കി മാറ്റി എറിക് പാർടാലു ബെംഗളൂരുവിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു(32). മൂന്നു മിനിറ്റിന് ശേഷം മികു രണ്ടാം ഗോളും നേടിയതോടെ ബെംഗളൂരു 3-3ന് ഗോവയെ ഒപ്പം പിടിച്ചു. എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറാകാതിരുന്ന ഗോവ വീണ്ടും തിരിച്ചടിച്ചു. ഇത്തവണയും കോറുവായിരുന്നു ഗോൾസ്‌കോറർ (43). ഏഴു മിനിറ്റിനുള്ളിൽ മൂന്നു ഗോളുകൾക്കാണ് ഗോവയിലെ സ്റ്റേഡിയം സാക്ഷിയായത്.

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിജയിച്ച ബെംഗളൂരുവിന്റെ ആദ്യ തോൽവിയാണിത്. ജയത്തോടെ ഗോവ വിലപ്പെട്ട മൂന്നു പോയിന്റ് സ്വന്തമാക്കി. ഹാട്രിക് നേടിയ കോറുവാണ് കളിയിലെ താരം.