വൈരുദ്ധ്യാത്മിക ഭൗതികവാദം എന്ന് ഇതിനെയാണ് വിളിക്കേണ്ടത്. പ്രമുഖ ഭൗതിക ശാസ്ത്രജ്ഞൻ തന്നെ ഒടുവിൽ ദൈവമുണ്ടെന്നതിന് തെളിവുമായി രംഗത്തെത്തി. പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് ദൈവമാണെന്ന വാദവുമായി രംഗത്തെത്തിയിരിക്കുന്നത് വിഖ്യാത ഭൗതിക ശാസ്ത്രജ്ഞൻ മിഷിയാ കാക്കുവാണ്. ന്യുയോർക്കിലെ സിറ്റി കേളേജിലെ തിയററ്റിക്കൽ ഫിസ്‌ക്‌സ് പ്രൊഫസറാണ് കാക്കു.

ബുദ്ധിമാനായ ഒരു ശാസ്ത്രജ്ഞന്റെ കരവിരുതിലാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതെന്നും അതുകാണ്ടാണ് നിശ്ചിതമായ മെട്രിക്‌സിൽ നമ്മളെല്ലാവരും ജീവിക്കുന്നതെന്നുമാണ് കാക്കുവിന്റെ വിലയിരുത്തൽ. പ്രിമിറ്റീവ് സെമി-റേഡിയസ് ടാക്കിയോൺസ് എന്ന പഠനത്തിലാണ് ഇത്തരമൊരു സ്രഷ്ടാവിനെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഭൗതിക ശാസ്ത്രജ്ഞന്റെ ഈ നിഗമനം ദൈവമുണ്ടെന്ന് സമ്മതിക്കലാണെന്ന് ആ കണ്ടെത്തലുകൾ ഏറ്റെടുത്ത സോഷ്യൽ മീഡിയ ഒരേസ്വരത്തിൽ പറയുന്നു.

ബുദ്ധിമാനായ ഒരാളുടെ മനസ്സിൽവിരിഞ്ഞ ആശയങ്ങളുടെ അടിസ്ഥാനത്തിൽ സൃഷ്ടിക്കപ്പെട്ട ലോകത്താണ് നാമെല്ലാവരും ജീവിക്കുന്നത്. യാദൃച്ഛികം എന്ന് നാം വിളിക്കുന്ന ഒന്ന് ലോകത്തില്ലെന്നും എല്ലാം മുൻകൂട്ടി തയ്യാറാക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. പ്രപഞ്ചസൃഷ്ടിക്ക് കാരണമെന്ന് പറയുന്ന ബിഗ് ബാങ് തിയറിയെപ്പോലും നിരാകരിക്കുന്നതാണ് കാക്കുവിന്റെ വെളിപ്പെടുത്തൽ.

ദൈവം തികഞ്ഞൊരു ഗണിതശാസ്ത്രജ്ഞനായിരുന്നുവെന്നും അതുകൊണ്ടാണ് ഇത്രയും കൃത്യമായ കണക്കുകൂട്ടൽ സാധിച്ചതെന്നും അദ്ദേഹം പറയുന്നു. ഇത്രകാലത്തിനുശേഷവും ലോകക്രമത്തിൽ മാറ്റം വരാതെ നിൽക്കുന്നത് ദീർഘദർശിയായ ആ ഗണിതശാസ്ത്രജ്ഞന്റെ വൈഭവമാണെന്നും കാക്കു പറയുന്നു.