ഗുജറാത്ത് കലാപത്തിന് വഴിമരുന്നിട്ട ആക്രമണമുണ്ടായത് ഗോധ്രയിലാണ്. അന്നുമുതൽക്ക് ഹിന്ദു-മുസ്ലിം സംഘർഷങ്ങളുടെ പ്രതീകംപോലെ ഉയർന്നുകേട്ട പേരുകളിലൊന്നും ഗാന്ധിനഗറിലെ ഗോധ്രയെന്ന ഗ്രാമം തന്നെ. എന്നാൽ ഇന്ന് ഈ ഗ്രാമത്തിൽ ഒറ്റ മുസ്ലിം കുടുംബം പോലും ശേഷിക്കുന്നില്ല. കലാപത്തെത്തുടർന്ന് ഓരോരുത്തരായി ഗ്രാമം വിട്ടതോടെ, ഗോധ്ര പൂർണമായും സംഘപരിവാറിന്റെ കൈകളിലേക്കെത്തി.

ഗോധ്രയിലെ പാലിയാടുള്ള ഹാജി പിർ കി ദർഗയിൽ താമസിക്കുന്ന സക്കീന ഫക്കീറും സഹോദരി ഹസീന ബെന്നുമാണ് ഇവിടെ ശേഷിക്കുന്ന രണ്ട് മുസ്ലീങ്ങൾ. അവരുടെ ലോകം ഈ ദർഗയിലേക്ക് ചുരുങ്ങുന്നു. ഏറെക്കാലം നീണ്ടുനിന്ന വാദപ്രതിവാദങ്ങൾക്കുശേഷം ഗോധ്ര സംഭവത്തിലുൾപ്പെട്ട 26 പേരെ കാലോൾ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടിരുന്നു. ദർഗ ആക്രമണവും കലാപമുണ്ടാക്കലും മുസ്ലീങ്ങൾക്കുനേരെയുള്ള ആക്രമണവുമക്കെയായിരുന്നു പ്രതികൾക്കെതിരെ ചുമത്തിയിരുന്ന കുറ്റങ്ങൾ.

എന്നാൽ, സക്കീനയും ഹസീന ബെന്നുമൊഴികെ ഒട്ടേറെ സാക്ഷികൾ കൂറുമാറി. പ്രതികൾക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങൾ ഇവർ നിഷേധിച്ചു. എന്നാൽ, കേസുമായി മുന്നോട്ടുപോകുമെന്ന് സക്കീന പറയുന്നു. പതിനായിരമോ ഇരുപതിനായിരമോ തന്ന് സ്വാധീനിക്കാൻ പ്രതിഭാഗം ശ്രമിച്ചിരുന്നുവെന്നും തങ്ങൾ അതിന് വഴങ്ങിയില്ലെന്നും അവർ പറഞ്ഞു.

പ്രതിഭാഗവും വാദിഭാഗവുമായി ഉണ്ടാക്കിയ ധാരണയനുസരിച്ചാണ് സാക്ഷികൾ പലരും കൂറുമാറിയത്. എന്നാൽ, ഈ കരാറിനെക്കുറിച്ച് കേട്ടറിവല്ലാതെ മറ്റൊന്നുമറിയില്ലെന്ന് സക്കീന പറഞ്ഞു. 2002 ഫെബ്രുവരി 28-നാണ് ദർഗയ്ക്കുനേരെ ആക്രമണമുണ്ടായത്. അയോധ്യയിൽനിന്നുള്ള കർസേവകരുമായി വന്ന സബർമതി എക്സ്‌പ്രസിനുനേർക്ക് ഗോധ്രയിൽ ആക്രമണമുണ്ടായതിന് തൊട്ടുപിറ്റേന്ന്. സക്കീനയുടെയും ഹസീനയുടെയും വീടുകൾ നശിപ്പിക്കപ്പെട്ടു. അവർ ദർഗയിൽ അഭയം തേടി.

ആയിരത്തോളംപേരാണ് ഗ്രാമത്തിലേക്ക് ഇരച്ചുകയറി കലാപമുണ്ടാക്കിയതെന്ന് സക്കീന പറയുന്നു. അന്ന് ഗ്രാമത്തിൽ ഇരുപതോളം മുസ്ലിം കുടുംബങ്ങളുണ്ടായിരുന്നു. പിന്നീട് ഓരോരുത്തരായി നാടുവിട്ടു. ഇപ്പോൾ ആരുമില്ലാതായെന്നും അവർ പറയുന്നു. അന്നത്തെ കലാപത്തിലെ ഒന്നാം പ്രതി നട്‌വർഭായ് കാളിദാസ് പട്ടേലാണ് ഇന്ന് ഗ്രാമമുഖ്യൻ.