- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാന്ധിജി ഇന്ത്യ തകർത്തയാൾ; രാഷ്ട്രപിതാവിനെ അപമാനിച്ച് വിദ്വേഷ പ്രസംഗം;വിവാദ സന്യാസി കാളിചരൺ അറസ്റ്റിൽ; ചുമത്തിയത് വിദ്വേഷ പ്രചരണം, പൊതുസ്ഥലത്ത് അപകീർത്തി പരാമർശം തുടങ്ങിയ വകുപ്പുകൾ
റായ്പുർ: മഹാത്മാ ഗാന്ധിയെക്കുറിച്ച് മോശമായ പരാമർശം നടത്തുകയും അദ്ദേഹത്തെ കൊലപ്പെടുത്തിയ നാദുറാം ഗോഡ്സയെ പുകഴ്ത്തുകയും ചെയ്ത ആൾദൈവം കാളിചരൺ മഹാരാജ് അറസ്റ്റിൽ.മധ്യപ്രദേശ് അതിർത്തിയിൽ നിന്ന് വ്യാഴാഴ്ച പുലർച്ചെയാണ് റായ്പുർ പൊലീസ് അറസ്റ്റ് ചെയ്തത്.ഭാഗേശ്വർ ഡാമിന് സമീപം ഒരു വാടകയ്ക്ക് താമസിക്കുകയായിരുന്നു കാളിചരണെന്ന് റായപുർ എസ്പി പ്രശാന്ത് അഗർവാൾ പറഞ്ഞു.
ഇന്ന് രാവിലെ 4 മണിയോടെയായിരുന്നു അറസ്റ്റ്. വൈകുന്നേരത്തോടെ പ്രതിയുമായി പൊലീസ് റായ്പൂരിലെത്തും. വിദ്വേഷ പ്രചരണം, പൊതുസ്ഥലത്ത് അപകീർത്തി പരാമർശം തുടങ്ങിയ വകുപ്പുകളാണ് കാളിചരണിനെതിരെ ചുമത്തിയിരിക്കുന്നത്.റായ്പുരിൽ രണ്ടു ദിവസത്തെ ധർമ സൻസദ് ക്യാംപിലാണ് കാളിചരൺ മഹാരാജിന്റെ വിവാദ പ്രസംഗം. മഹാത്മാ ഗാന്ധിയെ അധിക്ഷേപിച്ച അദ്ദേഹം ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്സെയെ പ്രകീർത്തിക്കുകയും ചെയ്തു.
സംഭവത്തിൽ മത സ്പർധ വളർത്താൻ ശ്രമിച്ചു എന്നതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കോൺഗ്രസ് നേതാവായ പ്രമോദ് ദുബെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രജിസ്റ്റർ ചെയ്തത്.വിവാദപ്രസംഗത്തിൽ ഒട്ടും ഖേദം ഇല്ലെന്നാണ് പിന്നീടും കാളിചരൺ മഹാരാജ് പ്രതികരിച്ചത്.മഹാരാഷ്ട്രയിലെ അകോള സ്വദേശിയാണ് കാളിചരൺ മഹാരാജ്.
എന്നാൽ പരിപാടിയുടെ സംഘാടകർ അടക്കം കാളിചരൺ മഹാരാജിന്റെ പ്രസംഗത്തെ തള്ളിപ്പറഞ്ഞിരുന്നു. പരിപാടിയിൽ പ്രസംഗിച്ച ഗാവ് സേവ ആയോഗ് ചെയർമാനും പരിപാടിയുടെ രക്ഷാധികാരിയുമായ മഹന്ത് റാംസുന്ദർ ദാസ് പ്രസംഗത്തെ ശക്തമായി അപലപിച്ചശേഷം വേദിയിൽ നിന്ന് ഇറങ്ങിപ്പോയി. സംഘാടകനായ നീൽകാന്ത് ത്രിപാഠിയും പ്രസംഗത്തെ തള്ളിക്കളയുന്നതായി അറിയിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ