ആലപ്പുഴ : ഗോകുലം ഗോപാലന്റെ ചിട്ടിക്കമ്പനികളിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനകളിൽ തനിക്കോ തന്റെ പ്രസ്ഥാനത്തിനോ യാതൊരു പങ്കുമില്ലെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. മറുനാടന് അനുവദിച്ച് പ്രത്യേക അഭിമുഖത്തിലാണ് വെള്ളാപ്പള്ളി ഇക്കാര്യം അറിയിച്ചത്.

താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണുവെന്ന് പഴമക്കാർ പറയുന്നതുപോലയാണ് ഗോപാലന്റെ കാര്യം. ഇയാളെ കുടുക്കാൻ വെള്ളാപ്പള്ളി ആരുടെയും പിറകെ പോയിട്ടില്ല. ആദായ നികുതി വകുപ്പ് അവരുടെ ജോലി ഭംഗിയായി ചെയ്തു. അത്രമാത്രമെ ഇക്കാര്യത്തിൽ തനിക്ക് പറയാനുള്ളു.

മാധ്യമങ്ങളിൽ വന്ന വാർത്തകൾക്കപ്പുറം മറ്റൊന്നും തനിക്ക് അറിയില്ല. പക്ഷെ ഉപ്പ് തിന്നവൻ വെള്ളം കുടിക്കും. അത് സ്വാഭാവികം മാത്രം. രാജ്യത്തൊട്ടാകെയുള്ള ജനങ്ങളുടെ കണ്ണീരിന്റെ ഫലമായാണ് ഗോപാലന് തിരിച്ചടിയുണ്ടായത്. കൊള്ളപ്പലിശയും കള്ളപ്പണം വെളുപ്പിക്കലുമാണ് ഇയാളുടെ പണി. സംസ്ഥാനത്തെ മുഴുവൻ രാഷ്ട്രീയക്കാരന്റെയും പണം ഇയാളുടെ കൈയിലുണ്ട്. രാജ്യം കണ്ട ഏറ്റവും വലിയ തട്ടിപ്പുകാരനാണ് ഇയാൾ. ഇയാളാണ് ശ്രീനാരായണ ഗുരുവിന്റെ പേരിൽ ജനങ്ങളെ നന്നാക്കാൻ ഇറങ്ങിയത്. ഇത് ഓർക്കുമ്പോൾ തന്നെ ലജ്ജ തോന്നുകയാണ്.

ഗോപാലൻ എവിടെയെങ്കിലും എത്തിയാൽ അത് കച്ചവടക്കണ്ണുമായി തന്നെയാണ്. ഇപ്പോൾ ശിവഗിരിയിൽ കയറിയിറങ്ങുന്നുണ്ട്. എന്തിനുവേണ്ടിയാണ്? കച്ചവടം തന്നെയാണ് ലക്ഷ്യം. കച്ചവടം വിട്ടുള്ള യാതൊരു പണിയും അയാൾക്കില്ല. അയാൾ ഗുരുവിന്റെ പേരിലാണ് എല്ലായിടത്തും കയറിയിറങ്ങുന്നത്. മറിച്ച് കച്ചവടത്തിന്റെ പേരിൽ ഇയാളെ ആരെങ്കിലും അംഗീകരിക്കുമോ? ഇപ്പോൾ 1100 കോടി രൂപ അനധികൃതമായി സൂക്ഷിച്ചിട്ടുണ്ടെന്ന് സ്വയം വെളിപ്പെടുത്തിയപ്പോൾ അയാൾ വലിയ കള്ളനാണെന്ന് തെളിഞ്ഞില്ലേ.

സഹകരണ ബാങ്കുകളിലെ അനധികൃത പണം ഗോകുലം ഗ്രൂപ്പ് കമ്പനികളിലേക്ക് പോയോയെന്ന് അറിയില്ല. എന്നാൽ നിരവധി രാഷ്ട്രീയ നേതാക്കളുടെ പണം ഇയാളുടെ കൈയിലുണ്ട്. ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയത് തുടരന്വേഷണത്തിന് തടയിടനാണ്. വെളിപ്പെടുത്തൽ നടത്തിയാൽ ഇനി പരിശോധിക്കില്ലെന്നായിരുക്കും ഗോപാലൻ കരുതുന്നത്. പിടിച്ച പണത്തിന്റെ പിഴയടക്കം ഗോപാലൻ കൊടുക്കേണ്ടിവരും.

നോട്ടു നിരോധനത്തെ തുടർന്ന് കേന്ദ്ര സർക്കാർ അനധികൃത പണം വെളിപ്പെടുത്താൻ പ്രത്യേക സമയം നൽകിയിരുന്നു. ഈ സമയം ഒന്നും വിനിയോഗിക്കാതെ ഗോപാലൻ ഒളിച്ചുകളിച്ചു. ഇതിന് ഇയാൾക്ക് പലരും ഒത്താശ നൽകിയിരുന്നു. കള്ളപ്പണം പൂഴ്‌ത്തിവച്ചാൽ പിടക്കപ്പെടില്ലെന്ന വിശ്വാസത്തിലായിരുന്നു ഇയാൾ . ഗോപാലൻ ഇന്ത്യകണ്ട അധോലോക നായകരിലൊരാളാണ്. ഇയാൾക്ക് ശ്രീനാരായണ ഗുരുദേവന്റെ പേരുപറയാൻപോലും അർഹതയില്ല.

ഇപ്പോൾ ശ്രീനാരായണ സഹോദര സംഘം രൂപീകരിച്ചിട്ടുണ്ട്. ഇയാൾക്കൊപ്പം പ്രവർത്തിക്കുന്നവർ ചിന്തിക്കണം, കള്ളനെയും കൊള്ളക്കാരനെയും ചുമന്ന് ശ്രീനാരായണ ധർമ്മം പ്രചരിപ്പിക്കേണ്ടതില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.