- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയനും പാപ്പച്ചനും സത്യനും ചേർന്ന് 1990ലും 91ലും ഫെഡറേഷൻ കപ്പ് മലയാളിക്ക് നൽകി; പ്രൊഫഷണലിസം ഇന്ത്യൻ ഫുട്ബോളിലേക്ക് കടന്നു വന്നപ്പോൾ കിതച്ചത് കേരളാ ഫുട്ബോൾ; എഫ് സി കൊച്ചിൻ എന്ന പരീക്ഷണം നൽകിയത് ഡ്യൂറന്റ് കപ്പ്; കേരളാ ബ്ലാസ്റ്റേഴും സമ്മാനിച്ചത് നിരാശ; പ്രതീക്ഷയായി ഇപ്പോൾ ഗോകുലം; ഭീമൻ കൊലയാളികൾ ഐ ലീഗിൽ രാജാക്കന്മാരാകുമ്പോൾ
കോഴിക്കോട്: 1990ൽ ഐഎം വിജയനും സിവി പാപ്പച്ചനും സത്യൻ എന്ന പ്രതിഭയും ഒരുമിച്ചപ്പോൾ കേരളത്തിലേക്ക് ആദ്യമായി ഫുട്‌ബോളിലെ ക്ലബ് കിരീടമെത്തി. ഇവർ അടുത്ത വർഷം വീണ്ടും വിജയം ആവർത്തിച്ചു. പിന്നീട് പതിയെ പതിയെ ഇന്ത്യൻ ഫുട്‌ബോൾ പ്രൊഫഷണലിസത്തിലേക്ക് പോയി. വിദേശ താരങ്ങളുമായി ബംഗാൾ-ഗോവ ടീമുകൾ കളം നിറഞ്ഞപ്പോൾ കേരളാ പൊലീസിന് മുമ്പോട്ട് കുതിക്കാൻ പരിമിതികൾ ഏറെയായി. സ്വന്തം താരങ്ങൾ പോലും ബംഗാളിൽ കളിക്കാൻ പോയപ്പോൾ പൊലീസ് ടീമിന് കിരീടങ്ങൾ കിട്ടാക്കനിയായി. പിന്നീട് വല്ലപ്പോഴും കിട്ടുന്ന സന്തോഷ് ട്രോഫി ജയങ്ങൾ മാത്രമായി കേരളാ ഫുട്‌ബോളിന്റെ ആശ്വാസം. ഇപ്പോൾ വീണ്ടും ക്ലബ് ഫുട്‌ബോളിലെ കിരീടം കേരളത്തിലെത്തുന്നു. അതും ഗോകുലം എഫ് സിയിലൂടെ. ഐസിഎല്ലിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് നിരാശ സമ്മാനിക്കുമ്പോഴാണ് എല്ലാ അർത്ഥത്തിലും കേരളത്തിന്റേതാണ് ഗോകുലത്തിന്റെ ഈ നേട്ടം.
ഐ ലീഗ് കിരീടത്തിൽ മുത്തമിട്ടതോടെ വലിയൊരു കാത്തിരിപ്പിനാണ് ഗോകുലം എഫ്.സി വിരാമമിട്ടിരിക്കുന്നത്. ഡ്യൂറന്റ് കപ്പും ഐ ലീഗും നേടുന്ന ആദ്യ കേരള ക്ലബ്ബാണ് ഗോകുലം. അങ്ങനെ കേരളാ പൊലീസിന് ശേഷം ഗോകുലം കേരളത്തിൽ അഭിമാനം എത്തിക്കുന്നു. മോഹൻ ബഗാനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് കീഴടക്കി ചരിത്രം കുറിച്ചാണ് ഗോകുലം 2019 ഓഗസ്റ്റ് 24 ന് ഡ്യൂറന്റ് കപ്പിൽ മുത്തമിടുന്നത്. 22 വർഷത്തിനുശേഷമായിരുന്നു ഗോകുലം അന്ന് ഡ്യൂറന്റ് കപ്പ് കേരളത്തിലെത്തിച്ചത്. 1997-ൽ എഫ്.സി കൊച്ചിനായിരുന്നു അവസാനമായി ഡ്യൂറന്റ് കപ്പ് കേരളത്തിലേക്ക് കൊണ്ടുവന്നത്. അവർക്ക് പക്ഷേ ഐ ലീഗിൽ മുത്തമിടാൻ കഴിഞ്ഞിരുന്നില്ല. മാർക്കസ് ജോസഫിന്റെ ഇരട്ട ഗോളുകളുടെ സഹായത്തോടെയാണ് ഗോകുലം ഫൈനലിൽ മോഹൻ ബഗാനെ വീഴ്‌ത്തിയത്. സെമിയിൽ ഈസ്റ്റ് ബംഗാളിനെ മറികടന്നാണ് കേരളം ഫൈനലിലെത്തിയത് എന്നതും എടുത്തുപറയേണ്ട ഒന്നാണ്.
ഇത്തവണ ആദ്യമായാണ് കേരളത്തിലേക്ക് ഗോകുലം ഐ.ലീഗ് കിരീടം കൊണ്ടുവന്നത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം തകർപ്പൻ പ്രകടനം പുറത്തെടുത്ത ഗോകുലം നാലുഗോളുകൾ എതിരാളികളായ ട്രാവുവിന്റെ പോസ്റ്റിൽ അടിച്ചുകയറ്റി. ഇതോടെ ഗോകുലം കേരള ഫുട്ബോളിന്റെ മുഖമായി മാറി. വരാനിരിക്കുന്ന എ.എഫ്.സി കപ്പിലും ചിലപ്പോൾ ഐ.എസ്.എല്ലിലും ഗോകുലം മലയാളിയുടെ പ്രതീക്ഷയാണ്. ഐ ലീഗിൽ കിരീടം നേടുന്ന ആദ്യ കേരള ക്ലബ്ബ് എന്ന നേട്ടം സ്വന്തമാക്കിയ ഗോകുലത്തിന്റെ തകർപ്പൻ മുന്നേറ്റമാണ് കൊൽക്കത്തയിൽ കണ്ടത്. ഈ സീസണിലെ ഗോകുലത്തിന്റെ വിജയവഴികൾ ഇങ്ങനെയാണ്.
ഐ ലീഗിൽ ഈ സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സിറ്റി എഫ്.സിയോട് ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് തോറ്റാണ് ഗോകുലം തുടങ്ങിയത്. രണ്ടാം മത്സരത്തിൽ മൂന്നിനെതിരേ നാലു ഗോളുകൾക്ക് മിനെർവ പഞ്ചാബിനെ തകർത്തു. എട്ടാം മത്സരത്തിൽ ഇന്ത്യൻ ആരോസിനെതിരേ എതിരില്ലാത്ത നാലു ഗോളിന്റെ തകർപ്പൻ ജയം. തുടർന്ന് മിനെർവ പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
പിന്നാലെ ആദ്യ മത്സരത്തിലെ തോൽവിക്ക് ചർച്ചിൽ ബ്രദേഴ്സിനോട് പകരം വീട്ടി എതിരില്ലാത്ത മൂന്നു ഗോളിന്റെ ജയം. സൂപ്പർ സിക്സിലെ നാലാമത്തെ മത്സരത്തിൽ റിയൽ കാശ്മീരിനോട് 1-1ന്റെ സമനില. തൊട്ടടുത്ത മത്സരത്തിൽ കരുത്തരായ മുഹമ്മദൻസിനെ ഒന്നിനെതിരേ രണ്ടു ഗോളിന് തകർത്ത് കിരീട പോരാട്ടം ശക്തമാക്കി. ഒടുവിൽ അവസാന മത്സരത്തിൽ ഒന്നിനെതിരേ നാലു ഗോളുകൾക്ക് ട്രാവുവിനെ തകർത്ത് കിരീട നേട്ടവും.
ഫെഡറേഷൻ കപ്പ് രണ്ട് തവണ കേരളത്തിലെത്തിയിട്ടുണ്ട്. രണ്ടുതവണയും കേരള പൊലീസാണ് ഫെഡറേഷൻ കപ്പിൽ മുത്തമിട്ടത്. 1990-ലും 1991-ലുമാണ് കേരള പൊലീസ് ഫെഡറേഷൻ കപ്പ് വിജയിച്ചത്. 1990-ൽ കേരള പൊലീസ് സാൽക്കഗോറിനെ കീഴടക്കി ആദ്യമായി ഫെഡറേഷൻ കപ്പ് കേരളത്തിലെത്തിച്ചു. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു കേരള പൊലീസിന്റെ വിജയം. 1991-ൽ തുടർച്ചയായ രണ്ടാം വർഷവും കേരള പൊലീസ് കിരീടത്തിൽ മുത്തമിട്ടു. ഇത്തവണ മഹീന്ദ്ര ആൻഡ് മഹീന്ദ്രയായിരുന്നു കേരള പൊലീസിന്റെ എതിരാളികൾ. മഹീന്ദ്രയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി കേരള പൊലീസ് ചരിത്രം കുറിച്ചു. അതിനുശേഷം ഒരു ടീമിനും കേരളത്തിലേക്ക് ഫെഡറേഷൻ കപ്പ് കൊണ്ടുവരാൻ കഴിഞ്ഞില്ല.
കേരള ഫുട്ബോൾ ടീം ആറുതവണ സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ടിട്ടുണ്ട്. 1973-74 സീസണിലാണ് ആദ്യമായി കേരളം സന്തോഷ് ട്രോഫി കിരീടം നേടിയത്. എറണാകുളത്തുവെച്ചുനടന്ന മത്സരത്തിൽ റെയിൽവേസിനെ രണ്ടിനെതിരേ മൂന്നു ഗോളുകൾക്ക് കീഴടക്കിയാണ് ടീം കിരീടം നേടിയത്. ഡ്യൂറന്റ് കപ്പ് രണ്ട് തവണ കേരളത്തിലെത്തിയിട്ടുണ്ട്. 1997-ലാണ് ആദ്യമായി കേരളത്തിലേക്ക് ഡ്യൂറന്റ് കപ്പ് എത്തുന്നത്. അന്ന് എഫ്.സി കൊച്ചിനാണ് ആദ്യമായി കേരളത്തിനുവേണ്ടി ഡ്യൂറന്റ് കപ്പ് കിരീടമുയർത്തിയത്. ഫൈനലിൽ മോഹൻ ബഗാനെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് തകർത്താണ് എഫ്.സി കൊച്ചിൻ കിരീടം ചൂടിയത്. പിന്നീട് 22 വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു കേരളത്തിന് ഡ്യൂറന്റ് കപ്പ് സ്വന്തമാക്കാൻ. അതും ഗോകുലത്തിലൂടെ.
ഇത്തവണ ഐ.ലീഗ് കിരീടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഗോകുലം കേരള എഫ്.സിയുടെ പ്രസിഡന്റ് വി സി പ്രവീൺ പറയുന്നു. കളിക്കാരുടെ പ്രകടനം അത്ഭുതമുളവാക്കുന്നതായിരുന്നുവെന്നും ഈ വിജയം അവർക്ക് അർഹതപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. 'ഇത് മഹത്തരമായ വിജയമാണ്. ഐ ലീഗിൽ അരങ്ങേറ്റം കുറിച്ചപ്പോൾ തൊട്ട് കിരീടം നേടുക എന്നത് ഞങ്ങളുടെ സ്വപ്നമായിരുന്നു. കഴിഞ്ഞ വർഷം ചെറിയ വ്യത്യാസത്തിനാണ് ഞങ്ങൾക്ക് കിരീടം നഷ്ടമായത്. ഈ വർഷം കിരീടം നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും സ്ഥിതി മറിച്ചായിരുന്നു. ആദ്യ ആറ് മത്സരങ്ങളുടെ ഫലം കണ്ടപ്പോൾ ഇത്തവണ ടീം കിരീടം നേടുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. അടുത്ത വർഷം കിരീടം നേടാമെന്ന് കണക്കുകൂട്ടി. പക്ഷേ കളിക്കാർ മികച്ച പ്രകടനം പുറത്തെടുത്തതോടെ ചരിത്രം വഴിമാറി. അതോടെ ഞങ്ങൾ വീണ്ടും കിരീടം സ്വപ്നം കണ്ടു' പ്രവീൺ പറഞ്ഞു.
'ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്നപ്പോഴും ഞാൻ പതറിയില്ല. കാരണം അവർ തിരിച്ചുവരുമെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. അവർ അതുപോലെ ചെയ്തു. കളിക്കാരോട് നന്ദിയുണ്ട്. എ.എഫ്.സി കപ്പിൽ പങ്കെടുക്കുക എന്നതാണ് ഇനി ഞങ്ങളുടെ ലക്ഷ്യം.'- പ്രവീൺ കൂട്ടിച്ചേർത്തു. കോഴിക്കോട് നിന്നുള്ള ഒരു പ്രൊഫഷണൽ ഫുട്‌ബോൾ ക്ലബ്ബാണ് ഗോഗുലം കേരള എഫ്.സി. 2017-18 സീസൺ മുതൽ ഐ-ലീഗിൽ കളിക്കാൻ തുടങ്ങി. ഇവർക്ക് ഭാരത വനിത ലീഗിലും ടീം ഉണ്ട്. ഹീറോ ഐ-ലീഗ് 2017-18 സീസണിൽ തങ്ങളുടെ ടീമിനെ കളത്തിലിറക്കാനുള്ള അവകാശം ശ്രീ ഗോകുലം ഗ്രൂപ്പിന് നൽകുന്നതിന് ബിഡ് ഇവാലുവേഷൻ കമ്മിറ്റി തീരുമാനിച്ചു.
അവരുടെ ആദ്യ ഐ-ലീഗ് സീസൺ ആയതിനാൽ ക്ലബിന് മികച്ച തുടക്കം ഉണ്ടായിരുന്നില്ലെങ്കിലും, ഐ-ലീഗിലെ ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, മിനർവ പഞ്ചാബ് തുടങ്ങിയ വലിയ ക്ലബ്ബുകളെ ഈ സീസണിന്റെ അവസാനത്തോടെ പരാജയപ്പെടുത്തി. ഈ സീസണിലെ ഭീമൻ കൊലയാളികൾ എന്നാണ് അവർ അറിയപ്പെട്ടത്. ഇപ്പോഴിതാ കിരീടം നേടി ഇന്ത്യൻ ഫുട്‌ബോളിലെ രാജാക്കന്മാരുമാകുന്നു.
മറുനാടന് മലയാളി ബ്യൂറോ