- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എടികെയെ തകർത്ത് വരവറിയിച്ച് ഗോകുലം എഫ് സി; ഗോകുലത്തിന്റെ വിജയം രണ്ടിനെതിരെ നാലു ഗോളുകൾക്ക്; ഏഷ്യക്കപ്പ് അരങ്ങേറ്റത്തിൽ തന്നെ തുടക്കം ഗംഭീരമാക്കി ഗോകുലം എഫ് സി
ഐ ലീഗ് കിരീടനേട്ടത്തിനു പിന്നാലെ എ.എഫ്.സി. ഏഷ്യാകപ്പിലെ അരങ്ങേറ്റത്തിൽ തകർപ്പൻ പ്രകടനവുമായി ഗോകുലം കേരള എഫ്.സി. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ കളിയിൽ കരുത്തരായ എ.ടി.കെ. മോഹൻ ബഗാനെ തകർത്ത ഗോകുലം അരങ്ങേറ്റം ഗംഭീരമാക്കി. കൊൽക്കത്ത സാൾട്ട്ലേക്കിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരേ നാല് ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ ജയം.
ലൂക്ക മെയ്സൻ ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ റിഷാദും ജിതിൻ എം.എസുമാണ് ഗോകുലത്തിന്റെ മറ്റ് ഗോളുകൾ നേടിയത്. പ്രീതം കോട്ടാലും ലിസ്റ്റൻ കൊളാസോയുമാണ് എടികെയുടെ ഗോളുകൾ നേടിയത്.
ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഗോളുകളെല്ലാം പിറന്നത്. 50-ാം മിനിറ്റിൽ ഗോകുലത്തിന്റെ സൂപ്പർ സ്ട്രൈക്കർ ലൂക്ക മെയ്സനാണ് ഗോളടി തുടങ്ങിവെച്ചത്. താഹിൽ സമാന്റെ പാസ് ലൂക്ക വലയിലെത്തിക്കുകയായിരുന്നു. എന്നാൽ മൂന്ന് മിനിറ്റിനുള്ളിൽ എടികെ ഗോൾ തിരിച്ചടിച്ചു. ലിസ്റ്റൻ കൊളാസോയുടെ അസിസ്റ്റിൽ നിന്ന് പ്രീതം കോട്ടാലാണ് എടികെയ്ക്കായി ആദ്യ ഗോളടിച്ചത്.
എന്നാൽ ആ ഗോളിന്റെ ആവേശമടങ്ങും മുമ്പ് 57-ാം മിനിറ്റിൽ റിഷാദിലൂടെ ഗോകുലം ലീഡെടുത്തു. പിന്നാലെ 65-ാം മിനിറ്റിൽ ജോർദെയ്ൻ ഫ്ളെച്ചറിന്റെ പാസ് വലയിലെത്തിച്ച മെയ്സൻ കളിയിലെ തന്റെ രണ്ടാം ഗോളും ഗോകുലത്തിന്റെ മൂന്നാം ഗോളും കണ്ടെത്തി. മത്സരം ഗോകുലം സ്വന്തമാക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ 80-ാം മിനിറ്റിലെ ഫ്രീ കിക്ക് വലയിലെത്തിച്ച ലിസ്റ്റൻ കൊളാസോ എടികെയ്ക്കായി രണ്ടാം ഗോൾ മടക്കി. പിന്നാലെ സമനില ഗോളിനായി എടികെ കിണഞ്ഞ് ശ്രമിക്കവെ 89-ാം മിനിറ്റിൽ മലയാളി താരം ജിതിന്റെ ഗോളിലൂടെ ജയമുറപ്പിച്ചു.
എഫ്സി കപ്പിൽ ഗ്രൂപ്പ് ഡിയിലാണ് ഗോകുലം. എടികെയെ കൂടാതെ ബംഗ്ലാദേശ് ക്ലബ്ബ് ബഷുന്ധര കിങ്‌സ്, മാലദ്വീപ് ക്ലബ്ബ് മാസിയ എന്നിവയാണുള്ളത്. ഗ്രൂപ്പ് ജേതാക്കൾക്ക് ഇന്റർസോൺ പ്ലേ ഓഫ് സെമിഫൈനലിലേക്ക് യോഗ്യത ലഭിക്കും. 21-ന് മാസിയക്കെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.
സ്പോർട്സ് ഡെസ്ക്