- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചുമലിൽ കയറ്റി കുട്ടികളെ രസിപ്പിക്കുന്നതിന് രണ്ടാം ക്ലാസിൽ ചോദിച്ചത് ബുക്കും പെൻസിലും പ്രതിഫലം; പശുവിനെ കറന്ന് രണ്ട് ഗ്ലാസ് തൊഴുത്തിൽ വച്ചു കുടിച്ചെടുത്തു തുടങ്ങുന്ന ഗോകുലം! ലോട്ടറി കച്ചവടവുമായി മംഗളം ഡോക്ടറെ കണ്ടപ്പോൾ മുന്നിൽ തെളിഞ്ഞത് പുതുവഴി; മെഡിക്കൽ റെപ്പിനുള്ള ഡ്രസെടുക്കാൻ ആദ്യ ചിട്ടി; വളർച്ചയുടെ ജീവിത കഥ മറുനാടനോട് പറഞ്ഞ് ഗോകുലം ഗോപാലൻ
തിരുവനന്തപുരം: ആരാണ് ഗോകുലം ഗോപാലൻ? രാജ്യം അറിയുന്ന വ്യവസായി ആയി ഈ വടകരക്കാരൻ വളർന്ന് എങ്ങനെ? ഇടപാടുകാരിലെ വിശ്വാസ്യതയാണ് തന്റെ ആത്മബലമെന്ന് ഗോകുലം ഗോപാലൻ പറയുന്നു. കുട്ടിക്കാലത്ത് പശുവിനെ കറന്ന് രണ്ടു ഗ്ലാസ് പാൽ അവിടെ വച്ചു തന്നെ അകത്താക്കുന്ന ശീലം. സ്‌കൂൾ വിട്ടു വന്നാൽ അച്ഛന്റെ വാക്കു കേട്ട് പശുവിനെ പരിപാലിക്കുന്ന ദിനചര്യം. ഇതിനൊപ്പം ഗുരുവായൂരപ്പനോടുള്ള വിശ്വാസവും ഭക്തിയും. ഗോ എന്നതാൽ നല്ലതെന്നും അർത്ഥമുണ്ട്. നല്ലതിന്റെ കുലം-അതാണ് ഗോകുലം. ജോലി അന്വേഷിച്ച് ചെന്നൈയിൽ എത്തിയ ഗോപാലൻ പിന്നീട് ഗോകുലം എന്ന വലിയ ബ്രാൻഡായി. ശതകോടകളുടെ ബിസിനസ്സുകാരനായി. ആ കഥ മറുനാടനോട് പറയുകയാണ് കച്ചവടത്തിലെ മലയാളിയുടെ ഏറ്റവും മികച്ച ഓൾറൗണ്ടർ.
ചിട്ടിയിൽ തുടങ്ങിയ ഗോകുലം ഗോപാലൻ കൈവയ്ക്കാത്ത മേഖലകളില്ല. എല്ലാ ബിസനിനസ്സിലും ഗോകുലത്തിന്റെ സംഭവനകാണാം. മെഡിക്കൽ കോളേജ് മുതൽ ഷോപ്പിങ് മോൾ വരെ. ഗോകുലം മെഡിക്കൽ കോളേജിൽ 62 പശുക്കളും വളരുന്നു. അങ്ങനെ കുട്ടിക്കാലത്തെ ഓർമ്മകളിലൂടെ കഥ പറയുന്ന അപൂർവ്വ അഭിമുഖം. അച്ഛനിൽ നിന്ന് തുടങ്ങി ഭൗതിക വളർച്ചയുടെ വഴിയിലൂടെയുള്ള സഞ്ചാരം ആരേയും ആത്ഭുതപ്പെടുത്തുന്നതാണ്. മറുനാടന്റെ ഷൂട്ട് അറ്റ് സൈറ്റിൽ ചിരിച്ച മുഖവുമായി ഭാവിക്ക് കരുതലായി ആ കഥ പറയുകയാണ് ഗോകുലം ഗോപാലൻ.
മനസ്സിൽ സിനിമയോടായിരുന്നു താൽപ്പര്യം. അതുകൊണ്ടാണ് പഠിക്കുമ്പോൾ തന്നെ മദ്രാസിനെ മനസ്സിൽ പ്രതീക്ഷയായി കണ്ടത്. എയർവേ ഇന്ത്യാ ലിമിറ്റഡ് എന്ന കമ്പനിയിലെ ജോലി കണ്ട് അപേക്ഷിച്ചതും ചെന്നൈയിൽ എത്താനുള്ള മോഹം മൂലം. 200ലേറെ പേർ അഭിമുഖത്തിനായി എത്തി. അവസാനം 11 പേരിൽ അന്തിമ പട്ടിക. കൊൽക്കത്തയിൽ നിന്നെത്തിയ ആളുടെ ചോദ്യം ഗോപാലനും ഉത്തരം അയാൾക്കും പിടികിട്ടിയില്ല. ഇതോടെ ആ ജോലി പ്രതീക്ഷ തീർന്നു. പക്ഷേ അതൊരു തുടക്കമായിരുന്നു ഗോപാലന്. പിടിച്ചു നിൽക്കാനുള്ള തുടക്കം.
ലോട്ടറി കച്ചവടത്തിലേക്കാണ് ഗോപാലൻ നീങ്ങിയത്. ചെറിയൊരു സ്ഥലത്ത് താമസിച്ചുള്ള കച്ചവടം. ഒരു ലോട്ടറി വിറ്റാൽ 15 പൈസ ലാഭം. 100 ലോട്ടറി വിറ്റാൽ 15 രൂപ. അറുപതുകളിൽ അതൊരു വലിയ തുകയായിരുന്നു. ബസിൽ കയറി ഒരോ ജംഗ്ഷനിലും ഇറങ്ങിയുള്ള കച്ചവടം. അങ്ങനെ ലോട്ടറി വിൽക്കാൻ മലയാളി ഡോക്ടറായ മംഗളത്തിന് മുന്നിലുമെത്തി. അപ്പോഴൊരു ചോദ്യം പഠിച്ചോ എന്ന്. ലോട്ടറി കച്ചവടത്തിന് പോകുമ്പോൾ ബിഎസ് സി പാസായതും എംഎസ് സിക്ക് പഠിച്ചതും ആരോടും പറയാത്ത ഗോപാലൻ മംഗളത്തോട് ഉള്ളകാര്യം പറഞ്ഞു. ജോലിക്ക് പോയ്ക്കൂടെ എന്നായി മലയാളിയുടെ ചോദ്യം. പോകാമെന്ന് ഉത്തരവും.
ഇതോടെ ജീവിത വഴി മറ്റൊന്നായി. ഭർത്താവുമായി ആലോചിച്ച് മംഗളം ഗോപാലന് ഒരു കത്ത് നൽകി. യൂണിവേഴ്‌സൽ ലബോറട്ടറിയിലേക്കുള്ള ശുപാർശ കത്ത്. ഗോപാലൻ എന്ന വടകരക്കാരൻ ഗോകുലം ഗോപാലനായി മാറുന്ന സാഹചര്യം അവിടെ തുടങ്ങുന്നു.
ചുമലിൽ ചുമക്കുന്നതിന് സഹപാഠികളിൽ നിന്ന് പ്രതിഫലം വാങ്ങിയ ബാല്യം
1944ൽ ആയിരുന്നു ഗോകുലത്തിന്റെ ജനനം. അച്ഛൻ അധ്വാനിയായ കർഷകനും പ്രാദേശികമായി അറിയപ്പെടുന്ന കച്ചവടക്കാരനും. അതുകൊണ്ട് തന്നെ വീട്ടിൽ ബുദ്ധിമുട്ടുകൾ ഒന്നും കാര്യമായില്ല. എന്നാലും ചുറ്റിലും ദാരിദ്രമായിരുന്നു. അതുകൊണ്ട് തന്നെ അവരെ സഹായിക്കണമെന്ന ചിന്ത അന്നേ മനസ്സിൽ കയറുകയും ചെയ്തു. എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് അച്ഛൻ നന്നായി പഠിപ്പിച്ചു. ബ്രണ്ണൻ കോളേജിൽ പിണറായി വിജയന്റെ ജൂനിയറുമായി. ആ രാഷ്ട്രീയ കരുത്ത് കോളേജിലെ മനസ്സിലാക്കിയ വ്യക്തി.
അച്ഛൻ ഉത്സവ പറമ്പിലും മറ്റും ഹോൾസെയിലായി കച്ചവടം നടത്തിയിരുന്നു. ഇത് കണ്ട വളർന്ന ഗോപാലന്റെ മനസ്സിലും കുട്ടികാലത്തെ കച്ചവട ചിന്ത തുടങ്ങി. എന്തു ചെയ്താലും അത് പ്രതിഫലിക്കുകയും ചെയ്തു. സ്‌കൂളിൽ പഠിക്കുമ്പോൾ ക്ലാസ് റൂമിലെ രണ്ട് ചുവരുകൾക്കിടയിൽ നല്ല ദൂരമുണ്ട്. കായികമായി നല്ല ആരോഗ്യമുണ്ടായിരുന്ന ഗോപാലൻ കുട്ടികളെ തോളിലേറ്റി ഒരു ചുവരു മുതൽ മറ്റേ സൈഡുവരെ നടത്തിക്കും. ഇത് കുട്ടികൾക്ക് ആവേശവും ഇഷ്ടവുമായിരുന്നു. പക്ഷേ ഓരോരുത്തരെ തോളിൽ കൊണ്ടു പോകുന്നതിനും ഗോപാലൻ പ്രതിഫലം ചോദിക്കുമായിരുന്നു. പണം ഇല്ലാത്ത കുട്ടികൾ. അതുകൊണ്ട് തന്നെ തിരിച്ചു ചോദിച്ചത് നോട്ട് ബുക്കും പെൻസിലും ഒക്കെയായിരുന്നു.
'ഒരു ദിവസം സ്‌കൂളിൽ അദ്ധ്യാപകനെത്തിയപ്പോൾ ചില കുട്ടികൾക്ക് നോട്ടു ബുക്കില്ല. അദ്ദേഹം കാര്യം തിരക്കി. അപ്പോഴാണ് തോളിൽ എടുത്തതിന് പ്രതിഫലമായി നോട്ട് ബുക്ക് ഗോപാലന് കൊടുത്തുവെന്ന് അവർ പറയുന്നത്. ടീച്ചർ വാങ്ങിയതെല്ലാം തിരിച്ചു കൊടുക്കാൻ പറഞ്ഞു-ഗോകുലം ഗോപാലൻ ഷൂട്ട് സൈറ്റിൽ ആ പഴയ കഥ ഓർത്തെടുക്കുന്നു. പ്രതിഫലത്തിനായുള്ള മോഹം നാലാം ക്ലാസിൽ പഠിക്കുമ്പോഴേ മനസിൽ കയറിയതിന് തെളിവായി ഈ കഥ ഗോകുലം ഗോപാലൻ തന്നെ ചൂണ്ടിക്കാട്ടുന്നു.
കുട്ടിക്കാലത്ത് കടല കച്ചവടവും നടത്തി. ഉത്സവ പറമ്പിലായിരുന്നു കടല കച്ചവടം. അന്ന് അച്ഛന് അവിടെ ഹോൾസെയിൽ കച്ചവടം കാണും. അച്ഛൻ അറിയാതെ പണം സ്വന്തമായി ഉണ്ടാക്കാൻ കടലയുമായി ഗോപാലൻ എന്ന കൊച്ചു പയ്യനും എത്തി. അച്ചന് സോഷ്യലിസ്റ്റ് രാഷ്ട്രീയം കൂടി ഉണ്ടായിരുന്നു. എന്നാൽ പാർട്ടിക്കാർ പറയുന്നത് കേൾക്കണമെന്ന രാഷ്ട്രീയം അംഗീകരിക്കാൻ കഴിയില്ല.
മറ്റ് ന്യായങ്ങൾക്കൊന്നും അവിടെ ഒരു വിലയുമില്ല. അതിനാൽ മറ്റ് ഇടപെടലുകളിലൂടെ സമൂഹത്തെ സഹായിക്കാൻ നേരത്തെ തന്നെ മനസ്സിൽ ഉറപ്പിച്ചെന്നും ഗോപാലൻ കൂട്ടിച്ചേർക്കുന്നു.
റെപ്പിനുള്ള ഡ്രസെടുക്കാൻ ആദ്യ ചിട്ടി
എംഎസ് സി പഠനം പൂർത്തിയാക്കാതെയാണ് ചെന്നൈയിൽ എത്തിയത്. മംഗളം ഡോക്ടറുടെ കത്തുമായി യൂണിവേഴ്‌സൽ ലബോറട്ടറിയിൽ എത്തിയ തന്നെ മികച്ച രീതിയിൽ സ്വീകരിച്ചു. ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥന്റെ സഹോദരിയായിരുന്നു ഡോക്ടർ. അതുകൊണ്ട് തന്നെ അതിവേഗം നിയമനം കിട്ടി. പിന്നെ ആറുമാസം ട്രെയിനിങ്. മെഡിക്കൽ റപ്പായതോടെ നല്ല വസ്ത്രങ്ങൾ അനിവാര്യമായി. വീട്ടുകാരെ എന്തിനും ഏതിനും കഷ്ടപ്പെടുത്തുന്നതിനോടുള്ള താൽപ്പര്യക്കുറവ് ഗോപാലനെ ചിട്ടിക്കാരനുമാക്കി. വസ്ത്രം വാങ്ങാൻ വേണ്ടത് അറുന്നൂറു രൂപ. അത് കിട്ടനായി മനസ്സിൽ തെളിഞ്ഞ് അച്ഛന്റെ കുറി ചിട്ടിയായിരുന്നു.
ലോട്ടറി ബിസനിനസ്സിനെടെ ഉണ്ടായ മലയാളി സൗഹൃദത്തിൽ നിന്ന് പത്തു പേരെ കണ്ടെത്തി. മാസം അറുപത് രൂപ. ആദ്യ ചിട്ടി കുറിക്കാരനും. അങ്ങനെ അറുന്നൂറ് രൂപ ഉണ്ടാക്കി. ഇതറിഞ്ഞ് പരിചയമുള്ള മറ്റ് മലയാളികളും ചിട്ടിയിൽ ചേരാനുള്ള താൽപ്പര്യം അറിയിച്ചു. അങ്ങനെ ചിട്ടി ബിസിനസ് വളർന്നു. ഒപ്പം മെഡിക്കൽ റെപ്പറസെന്റേറ്റീവ് ജോലിയും. ഏറെ കച്ചവടം മെഡിക്കൽ മേഖലയിലും ഉണ്ടാക്കി. പല വിധ വിദ്യകൾ പരീക്ഷിച്ചു. 1968ൽ മെഡിക്കൽ റപ്പ് ഉദ്യോഗം കിട്ടിയപ്പോഴുള്ള ഈ ചിട്ടിക്കച്ചവടം ഇന്നും തുടരുന്നു. അതും വളർന്ന് പന്തലിച്ച്.
1975ലാണ് ചിട്ടി കമ്പനി രജിസ്റ്റർ ചെയ്യുന്നത്. അതിന് ശേഷം രണ്ട് കൊല്ലം കൂടി ജോലി തുടർന്നു. പിന്നീട് പ്രമോഷനോടെ സൂപ്രണ്ടായി ട്രിച്ചിയിലേക്ക് സ്ഥലം മാറ്റം. എന്നാൽ കച്ചവടം വളർന്നതിനാൽ ജോലി രാജിവച്ചു. പിന്നെ 24 മണിക്കൂറും ബിസിനസ്സുകാരനായി.
കമ്മീഷൻ നൽകാമെന്ന് പറഞ്ഞ് ഡോക്ടറെ കൊണ്ട് മരുന്നെഴുതിച്ചു
മെഡിക്കൽ റെപ്പായും കച്ചവടം പിടിക്കുന്നതിൽ സാമർത്ഥ്യം കാട്ടിയെന്ന് ഗോകുലം ഗോപാലൻ പറയുന്നു. താൻ ജോയിൻ ചെയ്യുമ്പോൾ ഡോക്ടർമാർക്ക് ഗിഫ്റ്റും മറ്റും കൊടുത്ത് സ്വാധീനിച്ച് മരുന്ന് എഴുതിക്കുന്നതായിരുന്നു രീതി. അത് താൻ മാറ്റി. ബി കോംപ്ലക്‌സ് മരുന്നായിരുന്നു വിൽക്കേണ്ടി ഇരുന്നത്. ഒരു ഡോക്ടറെ പോയി കണ്ടു. ഈ മരുന്ന് ആ മേഖലയിൽ എത്രവിറ്റാലും അതിന്റെ ഒരു ശതമാനം കമ്മീഷൻ കൊടുക്കാമെന്ന് അവിടുത്തെ ഒരു ഡോക്ടറോട് പറഞ്ഞു, അതു ഡോക്ടർ സമ്മതിച്ചു. ആർക്കും എഴുതാവുന്ന മരുന്നായിരുന്നു അത്-ഗോകുലം പറയുന്നു.
ആ ഡോക്ടർ എഴുതിയ മരുന്നു കുറിപ്പടികൾക്കെല്ലാം അവസാനം ബീ കോംപ്ലക്‌സ് ഗുളികയും എഴുതി. അങ്ങനെ കച്ചവടം കൂടി. ഇതിനൊപ്പം ചിട്ടിയും വളർന്നു. 1965ൽ ഗോകുലം എന്ന പേരിൽ തന്നെ സ്ഥാപനം രജിസ്റ്റർ ചെയ്തു. ജോലിക്ക് പൊതു സമൂഹത്തിലും നാട്ടിലും കിട്ടുന്ന ബഹുമാനം കണക്കിലെടുത്ത് ജോലിയും കൂടെ കൊണ്ടു പോയി. പലരും മാനേജ്‌മെന്റിനെ പരാതി അറിയിച്ചു. അവരോടെല്ലാം അയാൾ നന്നായി ജോലി ചെയ്യുന്നുണ്ടെന്നും മറ്റു കാര്യങ്ങൾ അറിയേണ്ടെന്നും മുതലാളിയും മറുപടി നൽകി. എന്നാൽ മരുമകൻ കച്ചവടം ഏറ്റെടുത്തപ്പോൾ ചെറിയ പ്രശ്‌നമായി. ട്രിച്ചിയിലേക്ക് സ്ഥലം മാറ്റം പ്രെമോഷനോടെയായിരുന്നു. അതോടെ ജോലി വിട്ടു.
തനിക്ക് ബിസിനസ്സുണ്ടെന്നും അതുകൊണ്ട് മദ്രാസ് വിടാനാകില്ലെന്നും അവരോട് പറഞ്ഞു. കമ്പനി എന്ന നിലയിൽ അവർ അംഗീകരിച്ചില്ല. അപ്പോഴേക്കും 30 ജീവനക്കാർ ഉള്ള സ്ഥാപനമായി മാറിയിരുന്നു. കമ്പനി രജിസ്റ്റർ ചെയ്തിട്ട് രണ്ടു കൊല്ലവുമായി. അതുകൊണ്ടു തന്നെ ബിസിനസ്സിൽ ശ്രദ്ധ നൽകാൻ തീരുമാനിച്ചു. കളക്ഷൻ ഏജന്റുമാരായിരുന്നു കൂടുതൽ സ്റ്റാഫും. ഓഫീസുമായി. പിന്നെ മാനേജരും സൂപ്പർവൈസറുമെല്ലാം ആയി ചിട്ടിക്കമ്പനിയെ വളർത്തി.
സുദർശൻ ചിട്ടി ഫണ്ട ്തകർന്ന സാഹചര്യമായിരുന്നു അത്. അതുകൊണ്ട് തന്നെ ജനങ്ങളെ വിശ്വസിപ്പിക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടായി. അത് നന്നായി ചെയ്യുകയും ചെയ്തു. ഇതിന് ശേഷം 25 കൊല്ലം കഴിഞ്ഞപ്പോൾ വീണ്ടും ചിട്ടി കമ്പനികൾ പൊളിഞ്ഞു. അപ്പോഴും ഗോകുലം തളർന്നില്ല. തകർന്നുമില്ല. ജനങ്ങളുടെ വിശ്വാസമാണ് ഇതിന് കാരണം.
സ്തുതി പാഠകരില്ലാത്തതാണ് ബിനസ്സിന്റെ വിജയം
സ്തുതി പാഠകരില്ലാത്തതാണ് ബിനസ്സിന്റെ വിജയം. ജനങ്ങളിൽ നിന്ന് നേരിട്ട് കാര്യങ്ങൾ മനസ്സിലാക്കും. അതിന് അനുസരിച്ച് തിരുത്തലും ഉണ്ടാകും. ഒരാൾ പരാതി പറഞ്ഞാൽ അതിലെ വസ്തുത തിരിച്ചറിയും. മാനേജർമാരെ താക്കീത് ചെയ്യും. പിരിച്ചു വിടേണ്ട സാഹചര്യമുണ്ടെങ്കിൽ നടപടിയും എടുക്കും. ഇതെല്ലാം മാനേജർമാർക്കും അറിയാം.
നിരവധി ബിസിനസ്സുകളുണ്ട്. അതിന്റെ നടത്തിപ്പു പലർക്കുമായിരിക്കും. ഒരാൾ അടുത്തു വരുമ്പോൾ തന്നെ വിശ്വസ്തനാണോ പരിശ്രമിയാണോ എന്ന് മനസ്സിലാകും. അവരെ കാര്യങ്ങൾ ഏൽപ്പിക്കും. എന്നാൽ എല്ലാം പരിശോധിക്കുകയും ചെയ്യും. ഇങ്ങനെ തുടങ്ങിയ കച്ചവടത്തിൽ ഒരിടത്ത് മാത്രമേ പിഴവുണ്ടായൂള്ളൂ.-ഗോപാലൻ പറയുന്നു. ഇപ്പോഴും പരിപാടിക്കും മറ്റും പോകുമ്പോൾ നടത്തുന്ന ആശയ വിനിമയത്തിലൂടെ പൊതു ജന മനസ്സ് മനസ്സിലാക്കും. അതിന് അനുസരിച്ച് തീരുമാനം നടപ്പാക്കുകയും ചെയ്യുമെന്നും വിശദീകരിക്കുന്നു.
മറുനാടന് ഡെസ്ക്