തിരുവനന്തപുരം: രാജ്യത്തിനുള്ളിൽ 15 സംസ്ഥാനങ്ങളിലും യുഎഇയിലും പടർന്നുകിടക്കുന്ന ഗോകുലത്തിന്റെ വേരുകൾ കടന്നുചെല്ലാത്ത മേഖലകളൊന്നുമില്ല എന്നുതന്നെ പറയാം. ഗോകുലം ഗ്രൂപ്പിന്റെ പ്രഥമ വ്യവസായമായ ചിട്ട് ഫണ്ടിന് നിലവിൽ 475 ബ്രാഞ്ചുകൾ ഉണ്ട്. ഗോകുലത്തിന് കീഴിൽ ആകെ 11000 ജീവനക്കാർ ജോലി ചെയ്യുമ്പോൾ അതിൽ എണ്ണായിരത്തോളംപേർ ജോലി ചെയ്യുന്നത് ചിട്ട് ഫണ്ടിൽ തന്നെയാണ്.

പ്രതിവർഷം 8000 - 9000 കോടി രൂപ വരെയുള്ള ഇടപാടുകളാണ് ഇവിടെ നടക്കുന്നത്. കോവിഡ് കാലത്ത് ഒരു ജീവനക്കാരന്റെ പോലും ശമ്പളം മുടങ്ങിയിട്ടില്ല എന്ന് ഗോകുലം ഗോപാലൻ അഭിമാനത്തോടെ പറയുന്നു. ആ സമയത്ത് എല്ലാ സ്ഥാപനങ്ങളും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചപ്പോൾ റിസർവ് ഫണ്ട് ഉപയോഗിച്ച് മുഴുവൻ പേർക്കും ശമ്പളം കൃത്യമായി നൽകാൻ ഗോകുലം ഗ്രൂപ്പിന് സാധിച്ചു. ഇടപാടുകാർക്കുള്ള പേമന്റുകൾക്കും അവർക്ക് ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല. പ്രത്യേകിച്ച് ഗോകുലം ചിട്ട് ഫണ്ടിൽ. റിസർവ് വളരെ പ്രധാനമാണെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ഗോകുലം ഗോപാലൻ മറുനാടനോട് പറഞ്ഞു.

ഇടപാടുകാരുടെ പണമെടുത്ത് മറ്റ് ആവശ്യങ്ങൾക്കും മറ്റ് ബിസിനസുകൾക്കും മറിക്കുന്ന പരിപാടി ചിട്ടി മേഖലയിൽ നടക്കില്ല. അങ്ങനെ ചെയ്യാൻ പാടില്ലെന്നും അദ്ദേഹം പറയുന്നു.

സിനിമാ താൽപര്യം മൂത്ത് ചെന്നൈയ്ക്ക് നാടുവിട്ട ചെറുപ്പക്കാരൻ

ഏഴാം ക്ലാസ് മുതൽ പ്രീഡിഗ്രി വരെ നാടകം ചെയ്ത കൊച്ചുപയ്യന്റെ ഏറ്റവും വലിയ ആഗ്രഹം സിനിമയായിരുന്നു. അതിന് വേണ്ടിയാണ് പ്രധാനമായും ചെന്നൈയിലെത്തിയത്. പ്രേംനസീറിനെ കണ്ട് ആഗ്രഹമറിയിച്ചു. ഇപ്പോൾ എന്തു ചെയ്യുന്നു എന്ന് ചോദ്യം.

ബിസിനസ് ചെയ്യുന്നു എന്ന് പറഞ്ഞപ്പോൾ 'എന്നാൽ അത് നന്നായി ചെയ്യടോ' എന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീട് പ്രേനസീറിന്റെ ചെന്നൈ ഫാൻ അസോസിയേഷൻ പ്രസിഡന്റായ ആ പയ്യൻ ഇന്ന് മമ്മൂട്ടിയേയും നിവിൻ പോളിയേയുമൊക്കെ വച്ച് സിനിമ നിർമ്മിക്കുന്ന ശ്രീ ഗോകുലം പ്രൊഡക്ഷൻസിന്റെ ഉടമയാണ്. ആദ്യം നിർമ്മാണം ഒരു തെലുങ്ക് പടമായിരുന്നു. സൂപ്പർ സ്റ്റാർ വിജയുടെ അച്ഛൻ ചന്ദ്രശേഖറായിരുന്നു സംവിധാനം.

അന്ന് ഗോകുലം ഗോപാലനും ചന്ദ്രശേഖറും അയൽക്കാരാണ്. വിജയ് അന്ന് കൊച്ചു പയ്യൻ. പിന്നെ വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ അതിശയൻ, പഴശ്ശിരാജ, കായംകുളം കൊച്ചുണ്ണി അങ്ങനെ നിരവധി ചിത്രങ്ങളും ശ്രീ ഗോകുലം പ്രൊഡക്ഷൻസ് നിർമ്മിച്ചു. അതിന്റിടയിൽ ക്ലിന്റിൽ അഭിനയിക്കുകയും ചെയ്തു.

മകന്റെ മരണം

സ്വിറ്റ്സർലാന്റിലെ പഠനം കഴിഞ്ഞ് മകൻ ശബരീഷ് തിരിച്ചെത്തിയിട്ട് ഒരു വർഷമെ ആയിരുന്നുള്ളു. ഹോട്ടൽ മാനേജ്മെന്റ് പഠനം കഴിഞ്ഞെത്തിയ മകന് നിരവധി വിദേശഭാഷകളും അറിയാമായിരുന്നു. എയർപോർട്ടിലെത്തിയ സുഹൃത്തിനെ വിളിക്കാൻ പോകുമ്പോഴാണ് കാർ മറിഞ്ഞ് മരിക്കുന്നത്.

ഇന്റെർവ്യൂവിൽ നിന്നും പുറത്തായതിന്റെ ഓർമയ്ക്ക് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ

ഗോകുലം ഗോപാലൻ ചെറുപ്പകാലത്ത് നാടുവിട്ട് ചെന്നൈയിലെത്തിയത് ഒന്നാം ഭാഗത്തിൽ പറഞ്ഞിരുന്നുവല്ലോ. സിനിമാ അഭിനയം എന്ന ലക്ഷ്യം കൂടി ഉണ്ടായിരുന്നു ആ നാടുവിടലിന്. അവിടെ ഏവറി ഇന്ത്യ എന്ന മൾട്ടി നാഷണൽ കമ്പനിയിൽ ജോലിക്ക് വേണ്ടി ഇന്റർവ്യുവിന് പങ്കെടുത്തു. ഇരുന്നൂറിലേറെ ഉദ്യോഗാർത്ഥികൾ ഉണ്ടായിരുന്നതിൽ അവസാന റൗണ്ടിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട പതിനൊന്നുപേരിൽ ഗോകുലം ഗോപാലനും ഉൾപ്പെട്ടിരുന്നു.

എന്നാൽ അവസാന റൗണ്ടിലേയ്ക്ക് സെലക്ഷന് വേണ്ടി കൊൽക്കത്തയിൽ നിന്നും വന്ന കമ്പനിയുടെ പ്രതിനിധികൾ പറഞ്ഞ ഇംഗ്ലീഷ് മനസിലാകാത്തതിനാൽ അദ്ദേഹം അവിടെ നിന്നും പുറത്തായി. ആ നഷ്ടം ഗോകുലം ഗോപാലനെന്ന സംരംഭകന് ഗുണകരമായിരുന്നെങ്കിലും ഇംഗ്ലീഷ് കമ്യൂണിക്കേഷന്റെ പ്രാധാന്യം മനസിലാക്കിയ അദ്ദേഹം സ്വന്തം നാടായ വടകരയിൽ അന്താരാഷ്ട്രനിലവാരത്തിൽ ഗോകുലം ഗ്രൂപ്പിന്റെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ആരംഭിച്ചു. ചിട്ടിക്ക് പുറമെയുള്ള ഗോകുലത്തിന്റെ ആദ്യ സംരംഭമായിരുന്നു ആ സ്‌കൂൾ. ഇപ്പോൾ കേരളത്തിൽ ഉടനീളം എട്ട് ഗോകുലം പബ്ലിക്ക് സ്‌കൂളുകൾ പ്രവർത്തിക്കുന്നു.

വിദ്യാഭ്യാസമേഖലയ്ക്ക് പ്രത്യേക പരിഗണന നൽകുന്ന ഗോകുലം ഗ്രൂപ്പ് ബാലുശേരി, തൃപ്പയാർ, തുറവൂർ എന്നിവിടങ്ങളിൽ മൂന്ന് ആർട്സ് കോളേജുകളും വെഞ്ഞാറമൂട് ഒരു മെഡിക്കൽ കോളേജും നടത്തുന്നുണ്ട്. ആരോഗ്യരംഗത്ത് നാല് ആശുപത്രികളും സ്ഥാപിച്ചിട്ടുണ്ട്. നാലും തിരുവനന്തപുരം ജില്ലയിലാണ് എന്നതാണ് പ്രത്യേകത. വെഞ്ഞാറമൂട്ടിലെ ഗോകുലം മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കൂടാതെ പട്ടത്തെ ജിജി ഹോസ്പിറ്റൽ, ആറ്റിങ്ങൽ ഗോകുലം മെഡിക്കൽ സെന്റർ, കല്ലറ ശ്രീ ഗോകുലം റൂറൽ ഹെൽത്ത് സെന്റർ എന്നിവയാണവ. മരുമകൻ മനോജിനാണ് അതിന്റെ ചുമതല.

വെഞ്ഞാറമൂട്ടിൽ ആരംഭിച്ച മെഡിക്കൽ കോളേജ് എസ്എൻഡിപി യോഗത്തിന്റെ പേരിൽ ആരംഭിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ പലതവണ വെള്ളാപ്പള്ളി നടേശനോട് സൂചിപ്പിച്ചിട്ടും അദ്ദേഹം താൽപര്യം കാണിക്കാത്തതുകൊണ്ടാണ് സ്വന്തമായി തന്നെ ആരംഭിക്കാൻ ഗോകുലം ഗോപാലൻ തീരുമാനിച്ചത്. മിടുക്കരായ ഫാക്കൽറ്റികളുടെ കഴിവാണ് മെഡിക്കൽ കോളേജിന്റെ വിജയത്തിന്റെ പിന്നിലെന്ന് ഗോകുലം ഗോപാലൻ പറയുന്നു.

നല്ല ഭക്ഷണം കഴിക്കാൻ ഹോട്ടൽ തുടങ്ങിയയാളുടെ കഥ

ചായ കുടിക്കാൻ ആരും ചായക്കട തുടങ്ങില്ല എന്നൊരു പഴഞ്ചോല്ല് മലയാളത്തിലുണ്ട്. എന്നാൽ നല്ല ഭക്ഷണം കിട്ടുന്ന ഹോട്ടലുകളിൽ പോകുമ്പോൾ അതുപോലെ ഒന്ന് ആരംഭിക്കണമെന്ന ആഗ്രഹത്തിൽ നിന്നാണ് ഗോകുലം ഗോപാലൻ ഹോട്ടൽ ശൃംഖല ആരംഭിക്കുന്നത്. ആദ്യം ചെന്നൈയിലായിരുന്നു തുടക്കം. ഇന്ന് 15 ഓളം ഹോട്ടലുകൾ ഉണ്ട്. അവയിൽ ഫൈവ് സ്റ്റാർ - ഫോർ സ്റ്റാർ ഹോട്ടലുകളും റിസോർട്ടുകളും ഉൾപ്പെടും.

സംരംഭം എല്ലാ മേഖലകളിലും

ഗോകുലം ഗ്രൂപ്പ് കൈവയ്ക്കാത്ത മേഖലകളില്ലെന്ന് തന്നെ പറയാം. കൊറിയർ സർവീസ്, കാർ ഡീലർഷിപ്പ്, മിനറൽ വാട്ടർ ബ്രാൻഡ്, റിയൽ എസ്റ്റേറ്റ്, കൺവെൻഷൻ സെന്ററുകൾ, മാളുകൾ, ജുവലറി, സിനിമാ നിർമ്മാണം തുടങ്ങി ഒട്ടുമിക്ക മേഖലകളിലും ഗോകുലം ഗ്രൂപ്പിന് സാന്നിദ്ധ്യമുണ്ട്.

എല്ലാ ബിസിനസുകളും നേരിട്ട് നിയന്ത്രിക്കണമെന്ന ഗോകുലം ഗോപാലന്റെ നിർബന്ധം കാണുമ്പോൾ അതിന് എങ്ങനെ സമയം ലഭിക്കുമെന്നായിരിക്കും നമ്മുടെ സംശയം. എന്നാൽ ആ സംശയങ്ങളെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ടാണ് ഗോകുലം ഗ്രൂപ്പിന്റെ മുന്നേറ്റം.