ചലച്ചിത്ര നിർമ്മാതാവായ ഗോകുലം ഗോപാലൻ അഭിനേതാവാകുന്നു. ചലച്ചിത്ര നിർമ്മാണ, വിതരണം ഉൾപ്പെടെ വിവിധ രംഗങ്ങളിൽ വ്യക്തി മുദ്രപതിപ്പിച്ച ഗോകുലം ഗോപാലൻ 'നേതാജി' എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

'വിശ്വഗുരു' എന്ന ചിത്രത്തിലൂടെ ഏറ്റവും വേഗത്തിൽ സിനിമ പൂർത്തീകരിച്ച് റിലീസ് ചെയ്ത് ഗിന്നസ് റെക്കാർഡ് നേടിയ വിജീഷ് മണിയാണ് സുഭാഷ് ചന്ദ്രബോസിന്റെ കഥ പറയുന്ന 'നേതാജി'എന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ സുഭാഷ് ചന്ദ്രബോസായാണ് ഗോകുലം ഗോപാലൻ അഭിനയിക്കുന്നത്.

ഒട്ടേറെ പ്രത്യേകതകൾ ഉൾകൊണ്ട സിനിമയായിരിക്കും 'നേതാജി'യെന്നും സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും അണിയറ പ്രവർത്തകർ അവകാശപെടുന്നു. തെന്നിന്ത്യൻ സിനിമയിലെ മികച്ച ടെക്‌നീഷ്യന്മാരാണ് ഈ സിനിമയ്ക്ക് പിന്നിൽ അണിനിരക്കുന്നതെന്നും വാർത്തകളുണ്ട്. ചിത്രത്തെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല