- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുരുദർശനങ്ങളിൽ തീവ്രഹിന്ദുത്വം ഇല്ല; പിന്നെ എന്തിന് തൊഗാഡിയയുടെ തോളിൽ കൈയിടുന്നു; ദോഷമുണ്ടാക്കുക ഈഴവർക്ക്; ഗുരുദേവന്റെ ചിത്രം മാറ്റി വെള്ളാപ്പള്ളിയുടെ ചിത്രം താമസിയാതെ അടിച്ചുവരുമെന്നും ഗോകുലം ഗോപാലൻ മറുനാടനോട്: കാവിവൽക്കരണ വിവാദം കൊഴുക്കുന്നു
ആലപ്പുഴ :എസ് എൻ ഡി പി യോഗത്തിൽ ഗുരുദേവന്റെ ചിത്രം മാറ്റി വെള്ളാപ്പള്ളിയുടെ ചിത്രം അടിച്ചുവരുന്ന കാലം വിദൂരമല്ലെന്ന് ധർമ്മവേദി സംസ്ഥാന അദ്ധ്യക്ഷൻ ഗോകുലം ഗോപാലൻ മുറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. വെള്ളാപ്പള്ളിയും കുടുംബക്കാരും തമ്മിൽ നടത്തുന്ന ഒരു കൂട്ടുകച്ചവടത്തിൽ കേരളത്തിലെ ഈഴവസമൂഹത്തെ കൂട്ടു
ആലപ്പുഴ :എസ് എൻ ഡി പി യോഗത്തിൽ ഗുരുദേവന്റെ ചിത്രം മാറ്റി വെള്ളാപ്പള്ളിയുടെ ചിത്രം അടിച്ചുവരുന്ന കാലം വിദൂരമല്ലെന്ന് ധർമ്മവേദി സംസ്ഥാന അദ്ധ്യക്ഷൻ ഗോകുലം ഗോപാലൻ മുറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.
വെള്ളാപ്പള്ളിയും കുടുംബക്കാരും തമ്മിൽ നടത്തുന്ന ഒരു കൂട്ടുകച്ചവടത്തിൽ കേരളത്തിലെ ഈഴവസമൂഹത്തെ കൂട്ടുപിടിക്കേണ്ട ആവശ്യമില്ല. ഈഴവർ സ്വന്തം വിശ്വാസത്തിൽ അധിഷ്ഠിതമായ ജീവതം നയിക്കുന്നവരാണ്. അവർക്കിടയിൽ തീവ്രഹിന്ദുത്വം അടിച്ചേൽപ്പിക്കേണ്ടതില്ല. സംസ്ഥാനത്ത് ചില സംഘടനകളുമായി ചേർന്നു വെള്ളാപ്പള്ളി നടത്തുന്ന നീക്കങ്ങൾ സമുദായത്തിന് ഗുണത്തേക്കാളെറെ ദോഷമാണ് ഉണ്ടാക്കുന്നത്; വെള്ളാപ്പള്ളിയും പ്രവീൺ തൊഗാഡിയയും തമ്മിൽ സഹകരിച്ചു പ്രവർത്തിക്കുന്നതിനെപ്പറ്റി പരാമർശിക്കവേ ഗോകുലം ഗോപാലൻ വ്യക്തമാക്കി.
ഇവർക്ക് സമൂഹത്തിലുള്ള തീവ്രഹിന്ദു ഇമേജ് ഈഴവർക്കും വാങ്ങിക്കൊടുക്കാനുള്ള നീക്കമാണ് വെള്ളാപ്പള്ളി ഇപ്പോൾ നടത്തുന്നത്. കച്ചവട ലക്ഷ്യത്തോടെ ഇയാൾ നടത്തുന്ന നീക്കങ്ങൾ രാഷ്ട്രീയകേരളം സസൂക്ഷമം നിരീക്ഷിക്കുന്നുണ്ട്. സാമൂഹ്യ പരിഷ്‌ക്കർത്താവായ ഗുരുദേവന്റെ ദർശനങ്ങളിൽ തീവ്രഹിന്ദുത്വം ഇല്ല. പിന്നെയെന്തിനാണ് തീവ്രഹിന്ദുത്വം പ്രചരിപ്പിക്കുന്ന ചിലരെ വെള്ളാപ്പള്ളി കൂട്ടുപിടിക്കുന്നത്? ഇവർ നൽകുന്ന ഓഫറുകളുടെ അടിസ്ഥാനത്തിൽ തൊഴുത്തുകൾ മാറ്റിക്കെട്ടേണ്ടവരല്ല ഈഴവർ. ഗുരുദർശനങ്ങൾ പ്രചരിപ്പിക്കാനാണെങ്കിൽ എന്തിനാണ് കോളേജുകൾ. കാലങ്ങളായി യോഗത്തിന്റെ തലപ്പത്ത് കുടിയിരിക്കുന്ന ഇയാൾക്ക് ഇതുവരെയും കേരളത്തിൽ ജീവിക്കുന്ന ഈഴവർക്ക് ജീവിതസാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ കഴിഞ്ഞിട്ടില്ല- ഗോകുലം ഗോപാലൻ വിശദീകരിച്ചു.
സമുദായത്തിൽനിന്നും നിരവധിപേർ ഇതര മതങ്ങളിലേക്ക് ചേക്കേറാൻ തുടങ്ങിയിട്ടു കാലങ്ങളായി. ഇവരുടെ അന്യമതങ്ങളിലേക്കുള്ള ഒഴുക്ക് തടയാൻ വെള്ളാപ്പള്ളി ഒന്നും ചെയ്തില്ല. വയനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ 150 ഓളം ഈഴവർ പ്രലോഭനങ്ങൾക്ക് വഴിപ്പെട്ട് ക്രിസ്ത്യൻ മതം സ്വീകരിച്ചു. ഇല്ലായ്മയാണ് ഇവരെ ഇതിന് പ്രേരിപ്പിച്ചത്. സംസ്ഥാനത്തെ ഈഴവർക്ക് ഭക്ഷണം കഴിച്ചു ജീവിക്കാനുള്ള വകയെങ്കിലും കണ്ടെത്തിക്കൊടുക്കാനുള്ള ബാദ്ധ്യത വെള്ളാപ്പള്ളിക്കുണ്ടായിരുന്നു. ഒന്നും ചെയ്തില്ല. പകരം രാജ്യത്തുടനീളം മാറിമാറി വരുന്ന സർക്കാരുകളെ സ്വാധീനിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വന്തം പേരിലാക്കിയതല്ലാതെ ഈഴവർക്ക് എന്തു നൽകിയെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണം. സ്വന്തം പോക്കറ്റിൽനിന്നും പണം പോകുന്ന ഒരു പണിക്കും വെള്ളാപ്പള്ളി നിൽക്കില്ലെന്ന വിശ്വാസമാണ് ധർമ്മവേദിക്കുള്ളത്. ഇതുതന്നെയാണ് ധർമ്മവേദിയുടെ ഉയർത്തെഴുന്നേൽപ്പിനും കാരണമെന്നു ധർമ്മവേദി അധ്യക്ഷൻ വ്യക്തമാക്കി.
കേരളത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ചു തവണ കേരളം സന്ദർശിച്ച വിഎച്ച്പി ദേശീയനേതാവ് പ്രവീൺ തൊഗാഡിയ വെള്ളാപ്പള്ളിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനെ വിവിധഭാഗങ്ങളിൽനിന്നു വിമർശനമുണ്ടായിരുന്നു. എസ് എൻ ഡി പിയെ ബിജെപി പാളയത്തിൽ കെട്ടാനാണു വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്നു പൊതുവേ വിമർശനമുണ്ടായി. എസ്എൻഡിപിയെ ആർഎസ്എസ് വിഴുങ്ങുമെന്നു സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കുറ്റപ്പെടുത്തിയിരുന്നു. വി എച്ച് പി കേരളത്തിൽ തുടങ്ങാനുദ്ദേശിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നടത്തിപ്പുചുമതല വെള്ളാപ്പള്ളിയെയാണ് ഏല്പിച്ചിരിക്കുന്നതെന്നും വാർത്തയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് ഗോകുലം ഗോപാലൻ രംഗത്ത് വരുന്നത്.
ഇതോടെ ഈഴവ സമുദായത്തിനുള്ളിലെ വെള്ളാപ്പള്ളി വിരുദ്ധ വിഭാഗവും ശക്തമായി തന്നെ രംഗത്ത് വരും. എസ്എൻഡിപി യൂണിയന്റെ പരിപാടികളിൽ തൊഗാഡിയ സജീവ സാന്നിധ്യമാകുന്നതിനേയും ചോദ്യം ചെയ്യും. ഈ വിഷയത്തിലൂടെ യോഗം പ്രവർത്തകർക്കിടയിൽ വികാരമുയർത്തി വെള്ളാപ്പള്ളിയുടെ അധികാര സ്ഥാനത്തിന് വിള്ളലുണ്ടാക്കാമെന്നാണ് ഗോകുലം ഗോപാലന്റെ പ്രതീക്ഷ.