ന്യൂഡൽഹി: ഗോകുലം കേരള എഫ്.സി ചരിത്ര നേട്ടത്തിൽ. എ.എഫ്.സി വനിതാ ക്ലബ്ബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഗോകുലം എഫ്.സി ഇന്ത്യയെ പ്രതിനിധീകരിക്കും. ഇതാദ്യമായാണ് ഒരു ഇന്ത്യൻ ക്ലബ്ബ് പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും എ.എഫ്.സി യോഗ്യത നേടുന്നത്.

ഇന്ത്യൻ വുമൺസ് ലീഗിൽ കിരീടം നേടിയതിന്റെ കരുത്തിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഗോകുലത്തിന്റെ പെൺപട എ.എഫ്.സി ചാമ്പ്യൻഷിപ്പിന് ഇറങ്ങുക. ഏഷ്യയിലെ മികച്ച ടീമുകളെല്ലാം ഏറ്റുമുട്ടുന്ന ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ചാമ്പ്യൻഷിപ്പ് ഒക്ടോബറിലായിരിക്കും നടക്കുക.

ഐ.ലീഗ് കിരീടം നേടിയ ഗോകുലത്തിന്റെ പുരുഷ ടീം നേരത്തേതന്നെ എ.എഫ്.സി ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയിരുന്നു.

വനിതാ ടീം ചാമ്പ്യൻഷിപ്പിന് യോഗ്യതനേടിയതിൽ അഭിമാനമുണ്ടെന്നും വനിതാ ഫുട്ബോൾ ടീമിൽ കൂടുതൽ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുമെന്നും ഗോകുലം കേരള എഫ്.സി ചെയർമാൻ ഗോകുലം ഗോപാലൻ പ്രതികരിച്ചു. വനിതാ ടീം എ.എഫ്.സി കിരീടമുയർത്തുമെന്നും അത് പുരുഷ ടീമിന് പ്രചോദനമേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു