തൃശൂർ: ഗൾഫിൽ നിന്ന് കൊണ്ടു വരുന്ന സ്വർണം കേരളത്തിന് പുറത്തെത്തിക്കാനും വഴികൾ ഏറെ. നികുതിവെട്ടിച്ചു മുംബൈയിലേക്കു കടത്താൻ ശ്രമിച്ച 3.8 കിലോ സ്വർണം സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് പിടികൂടുമ്പോൾ ചർച്ചയാകുന്നത് രാജ്യത്തിന് അകത്തെ സ്വർണ്ണ തട്ടിപ്പാണ്.

ഇന്നലെ പിടിച്ച സ്വർണത്തിന്റെ മൂല്യത്തിനു തുല്യമായി 1.96 കോടി രൂപ പിഴ ചുമത്തി. നികുതി വെട്ടിച്ചു കടത്തുന്ന സ്വർണത്തിന്റെ വില തന്നെ പിഴയായി ഈടാക്കാമെന്ന പുതിയ തീരുമാനം പാലിച്ചാണ് ഇത്രയും തുക പിഴയിട്ടത്. എന്നാൽ മുംബൈയിലേക്കുള്ള സ്വർണ്ണ കടത്തിന് പിന്നിലെ പ്രതികളെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ എന്നും പൊലീസിനെ കൊണ്ട് ചെയ്യിപ്പിക്കുന്നില്ല. പകരം പിഴ വാങ്ങി കേസ് ഒഴിവാക്കുന്നു. ഇതോടെ സ്വർണം കേരളത്തിൽ നിന്ന് ഇതരസംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത് എളുപ്പമാകും.

സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഈ നടപടി. സ്വർണാഭരണ നിർമ്മാണ ശാലകൾ, മൊത്തവിതരണക്കാർ എന്നിവർ വഴി മുംബൈയിലേക്കു നികുതി വെട്ടിച്ചു സ്വർണം കടത്തുന്നതായി ജിഎസ്ടി വകുപ്പിനു വിവരം ലഭിച്ചിരുന്നു. അടച്ചുകെട്ടിയ കാർഗോ വാഹനത്തിൽ സ്വർണം കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 3846 ഗ്രാം സ്വർണം പിടികൂടിയത്. വിമാനങ്ങളിൽ എത്തുന്ന സ്വർണ്ണമാണ് ഇങ്ങനെ കൊണ്ടു പോകുന്നതെന്നും സൂചനയുണ്ട്.

വിമാനത്താവളത്തിന്റെ പുറത്തേക്ക് എത്തുന്ന സ്വർണം നിരീക്ഷിക്കേണ്ടത് ജി എസ് ടി വകുപ്പാണ്. എന്നാൽ ഇതൊന്നും ആരും ചെയ്യുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു. ഇതിനിടെയാണ് ഇന്നലെ സ്വർണം പിടിച്ചത്. എന്നിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാനൊന്നും ആരും മുതിർന്നില്ല. ദേശ വിരുദ്ധ സ്വർണ്ണ കള്ളക്കടത്ത് കേരളത്തിൽ നടക്കുന്നുവെന്ന് എൻഐഎയും കസ്റ്റംസും ആവർത്തിക്കുമ്പോഴാണ് ഇത്.

ഇന്നലെ പിടികൂടിയ സ്വർണത്തിന്റെ പർച്ചേസ് ബിൽ, സ്റ്റോക്ക് രജിസ്റ്റർ എന്നിവയൊന്നും സൂക്ഷിച്ചിരുന്നില്ല. സ്വർണക്കടത്തു തന്നെയെന്നു ബോധ്യപ്പെട്ടതോടെ ഡപ്യൂട്ടി കമ്മിഷണർ കെ. രാജീവ്, അസി. കമ്മിഷണർ പി.ജെ. ജോമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്വർണത്തിന്റെ മൂല്യത്തിനു തുല്യമായ തുകയായ 1,96,85,807 രൂപ പിഴയിട്ടു. അതിന് അപ്പുറത്തേക്ക് നടപടികൾ വേണമെന്ന ആവശ്യമാണ് ചർച്ചയാകുന്നത്.