ചെന്നൈ: പ്രേതബാധ ഒഴിപ്പിക്കാൻ പൂജക്കെത്തിയ സ്ത്രീയെ കബളിപ്പിച്ചു നൂറു പവൻ സ്വർണവും എട്ടു ലക്ഷം രൂപയും അടിച്ചുമാറ്റി മന്ത്രിവാദിനി അറസ്റ്റിൽ. ചെന്നൈ നീലങ്കരൈയിൽ തട്ടിപ്പു നടത്തിയ നാരായണി വീട്ടുകാരുടെ പരാതിയെത്തുടർന്ന് പൊലീസിന്റെ പിടിയിലായി. ബിസിനസുകാരനായ ശിവകുമാറിനെയും ബന്ധുക്കളെയുമാണ് നാരായണി കബളിപ്പിച്ചത്. രണ്ടു വർഷം മുമ്പ് ശിവകുമാറിന്റെ ഭാര്യ മരിച്ചിരുന്നു. സാരിയിൽ തീ പടർന്നുണ്ടായ അപകടത്തിലായിരുന്നു മരണം. ഇത് ബാധയുടെ ഉപദ്രവം മൂലമാണെന്ന് ധരിപ്പിച്ചാണ്, അയൽവാസിയായ നാരായണി തട്ടിപ്പു നടത്തിയെന്ന് പൊലീസ് പറയുന്നു.

ഭാര്യയുടെ മരണം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കു ശേഷം നാരായണി ശിവകുമാറിനെ സമീപിക്കുകയായിരുന്നു. വീട്ടിലെ ബാധ ഉപദ്രവം മൂലമാണ് ഭാര്യ മരിച്ചതെന്നും ഇതിനു പൂജ നടത്തണമെന്നുമാണ് ശിവകുമാറിനെയും മകളെയും ഇവർ ധരിപ്പിച്ചത്. നാരായണിയുടെ പൂജ 'ഫലിച്ചിട്ടുണ്ടെന്ന്' ചില അയൽവാസികൾ ഉറപ്പു നൽകുക കൂടി ചെയ്തതോടെ ശിവകുമാറിനു വിശ്വാസമാവുകയായിരുന്നു.

പരിഹാര പൂജയ്ക്കായി പതിനൊന്നര പവൻ ആഭരണവും ഒന്നര ലക്ഷം രൂപയുമാണ് നാരായണി ആദ്യം വാങ്ങിയത്. പൂജ കഴിഞ്ഞ് നാൽപ്പത്തിയഞ്ചു ദിവസത്തിനു ശേഷം തിരിച്ചുതരാമെന്നായിരുന്നു പറഞ്ഞത്. എന്നാൽ ആഭരണങ്ങളിലേക്ക് ആവാഹിച്ച ആത്മാവുകൾ പോയിട്ടില്ലെന്നും ഒരു കൊല്ലം വേണ്ടിവരുമെന്നും പിന്നീട് അറിയിച്ചു. ശിവകുമാറിന്റെ വീടു സന്ദർശിച്ച ബന്ധുക്കളുടെ വീടുകളിലും ആത്മാക്കൾ എത്തിയതായി ധരിപ്പിച്ച നാരായണി അവരിൽനിന്നും ആഭരണങ്ങളും പണവും വാങ്ങി. ആറു മാസത്തിനിടെ 90 പവൻ സ്വർണവും ആറു ലക്ഷം രൂപയുമാണ് വിവിധ ബന്ധുക്കളിൽനിന്നായി വാങ്ങിയത്.

2019 പകുതിയായിട്ടും ആഭരണങ്ങൾ തിരിച്ചുകിട്ടാതായതോടെ ശിവകുമാറിനു സംശയമായി. സ്വർണത്തിനായി നിരന്തരം നാരായണിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ വർഷം തുടക്കത്തോടെ നാരായണി മുങ്ങുകയും ചെയ്തു.തുടർന്നാണ് ശിവകുമാർ പൊലീസിൽ പരാതി നൽകിയത്.

ഒളിച്ചുകഴിയുകയായിരുന്ന നാരായണിയെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടി. സ്വർണം അവർ ഒരു ആഭരണ വ്യാപാരിക്കു വിറ്റിരുന്നു. മോഷണ മുതൽ ആണെന്ന് അറിയാതെ അയാൾ അത് ഉരുക്കി വിൽക്കുകയും ചെയ്തു.