കൊച്ചി: കള്ളക്കടത്തിന് നയതന്ത്ര ബാഗേജ് ഉപയോഗിച്ചതിന് പിന്നിൽ കെടി റമീസിന്റെ ബുദ്ധി. ഇതിന് വേണ്ടി യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ സഹായം കിട്ടുമോയെന്നു തിരക്കിയതും റമീസായിരുന്നു. സ്വപ്‌നാ സുരേഷിന്റെ മൊഴിയിലാണ് ഈ നിർണ്ണായക വിവരങ്ങൾ ഉള്ളത്. കസ്റ്റംസിനു നൽകിയ മൊഴി സ്വർണ്ണ കടത്ത് ഗൂഢാലോചനയ്ക്ക് വ്യക്തമായ തെളിവാണ്.

'സ്വർണം കടത്താൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ഉപയോഗിക്കാൻ കഴിയുമോയെന്നാണു സന്ദീപിനോടു റമീസ് ചോദിച്ചത്. ഇക്കാര്യം സന്ദീപ് എന്നോടും സരിത്തിനോടും ചർച്ച ചെയ്തു. പറ്റില്ലെന്നു ഞങ്ങൾ മറുപടി നൽകി. എന്നാൽ, നയതന്ത്ര പരിരക്ഷയുള്ളതിനാൽ കോൺസുലേറ്റിലേക്കുള്ള ബാഗേജുകൾ കസ്റ്റംസ് പരിശോധിക്കില്ലെന്നു പറഞ്ഞു. ഇക്കാര്യം സന്ദീപ്, റമീസിനെ അറിയിച്ചു. തുടർന്ന്, തിരുവനന്തപുരത്തെ ഹോട്ടലിൽ റമീസും സന്ദീപും നേരിട്ടു ചർച്ച നടത്തി. 2019 ജൂണിലെ ഒരു ദിവസമാണിത്. പിറ്റേന്ന്, ഒരു ജിംനേഷ്യത്തിന്റെ പാർക്കിങ് ഏരിയയിൽ വച്ച് ഞാനും സരിത്തും സന്ദീപും റമീസും കള്ളക്കടത്തിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്തുവെന്നാണ് സ്വപ്‌നയുടെ മൊഴി.

കോൺസൽ ജനറലിനെ അറിയിക്കാതെ, നയതന്ത്ര ബാഗേജിൽ സ്വർണം കടത്താൻ കഴിയില്ലെന്നു ഞാനും സരിത്തും തീർത്തു പറഞ്ഞു. കിലോഗ്രാമിന് 1000 ഡോളർ കോൺസൽ ജനറലിനു നൽകേണ്ടി വരുമെന്നും ഞാൻ പറഞ്ഞു. ഇതു കൂടിപ്പോയെന്നു പറഞ്ഞ റമീസ്, കോൺസൽ ജനറലിനും സരിത്തിനും എനിക്കും ചേർത്ത് 1000 ഡോളർ വീതം നൽകാമെന്നു സമ്മതിച്ചു. 2 കിലോഗ്രാം സ്വർണമാണ് ഓരോ തവണയും കടത്തുകയെന്നാണു റമീസ് പറഞ്ഞത്. ഓരോ കടത്തിനും 50,000 രൂപ വച്ച് സന്ദീപിനു നൽകാമെന്നും റമീസ് ഏറ്റു. റമീസിന്റെ ആവശ്യപ്രകാരം കോൺസൽ ജനറലിനെ സന്ദർശിക്കാൻ അവസരമൊരുക്കിയെങ്കിലും നടന്നില്ലെന്നും സ്വപ്‌ന സമ്മതിക്കുന്നു

സ്വർണക്കടത്തിൽ മുതൽമുടക്കുന്നവരുടെ നിർബന്ധപ്രകാരമാണു സ്വർണമില്ലാത്ത ഡമ്മി പരീക്ഷണം നടത്തിയത്. ഡമ്മി ബാഗേജുകൾക്ക് ആവശ്യമായ കോൺസുലേറ്റ് രേഖകൾ റമീസിനു നൽകി. കോൺസൽ ജനറലിന്റെ അനുമതി ലഭിച്ചുവെന്ന് ഞാനാണു സന്ദീപിനെ അറിയിച്ചത്. ഭക്ഷ്യവസ്തുക്കളടങ്ങളിയ 2 ഡമ്മി ബാഗേജുകൾ ഒരേ ദിവസമാണു തിരുവനന്തപുരം കാർഗോ കോംപ്ലക്‌സിൽ എത്തിയത്. സരിത്താണ് ബാഗേജുകൾ ഏറ്റുവാങ്ങി സന്ദീപിനെ എൽപിച്ചത്. കോൺസുലേറ്റിന്റെ വാഹനമാണുപയോഗിച്ചത്'-എന്നും സ്വപ്‌ന വെളിപ്പെടുത്തി.

വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവനപദ്ധതി കരാർ യൂണിടാക് ബിൽഡേഴ്‌സിനു നൽകി 4.48 കോടി രൂപ കമ്മിഷൻ വാങ്ങിയ മാതൃക ആവർത്തിക്കാൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ചരടുവലിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട് ഇതിനായി ഹൈദരാബാദിലെ പൊന്നാർ ഇൻഡസ്ട്രീസുമായി സ്വപ്ന സുരേഷും ശിവശങ്കറും ചർച്ച നടത്തിയതായി ഇഡിക്കു സൂചന ലഭിച്ചു. സ്ഥാപനത്തിൽ ഇഡി ഇന്നലെ പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തു. സംസ്ഥാന സർക്കാരിന്റെ പദ്ധതികളുടെ ഇടനിലക്കാരിയെന്ന നിലയിലാണു സ്വപ്ന വഴിവിട്ട സാമ്പത്തിക ഇടപാടുകൾക്കായി ചർച്ച നടത്തിയിരുന്നത്.

ശിവശങ്കറിന്റെ എൻഫോഴ്സ്മെന്റ് ഡറക്ടറേറ്റ് (ഇ.ഡി.) കസ്റ്റഡികാലാവധി വ്യാഴാഴ്ച അവസാനിക്കും. രാവിലെ 11 മണിക്കുശേഷം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കുന്ന ശിവശങ്കറിന്റെ കസ്റ്റഡികാലാവധി നീട്ടണമെന്ന് ഇ.ഡി. ആവശ്യപ്പെട്ടേക്കും. ശിവശങ്കറും സ്വർണക്കടത്ത് കേസ് പ്രതികളും തമ്മിൽ നടന്ന വാട്സാപ്പ് ചാറ്റുകളിൽ അന്വേഷണത്തിന് സഹായകരമായ പുതിയ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്നാ സുരേഷ്, പി.എസ്. സരിത്ത്, സന്ദീപ് നായർ എന്നിവരെ ചോദ്യംചെയ്തത് ഇതിന്റെ ഭാഗമാണ്. ഇവരുടെ റിമാൻഡ് കാലാവധിയും നീട്ടിയിട്ടുണ്ട്. ശിവശങ്കറിന്റെ അഭിഭാഷകൻ സമർപ്പിച്ച ജാമ്യാപേക്ഷയും വ്യാഴാഴ്ച കോടതിയുടെ പരിഗണനയ്ക്കുവരും.

കോടതിയിൽ ഹാജരാക്കിയപ്പോൾ 14 ദിവസത്തെ കസ്റ്റഡിയാണ് ഇ.ഡി. ചോദിച്ചതെങ്കിലും ഏഴു ദിവസം മാത്രമാണ് കോടതി അനുവദിച്ചത്. ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നതും കോടതിയിൽ ഉന്നയിച്ചേക്കും. അതേസമയം ഇ.ഡി.യുടെ ചോദ്യംചെയ്യൽ പൂർത്തിയാകാൻ കാത്തിരിക്കുകയാണ് കസ്റ്റംസ്. ഡോളർ കേസിൽ ശിവശങ്കറിനെ ചോദ്യംചെയ്യാൻ കസ്റ്റംസ് സംഘം കൊണ്ടുപോകവേയാണ് കുഴഞ്ഞുവീണതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നത്. ഇ.ഡി. കസ്റ്റഡിയിൽ എടുത്തപ്പോഴും കസ്റ്റംസ് സംഘം വിട്ടുകിട്ടാനും ചോദ്യംചെയ്യാനും ശ്രമം നടത്തിയിരുന്നു.

ഇ.ഡി. വീണ്ടും കസ്റ്റഡിയിൽ ചോദിക്കുന്നില്ലെങ്കിൽ കസ്റ്റംസ് സംഘം ശിവശങ്കറിനെ ഡോളർ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിൽ ആവശ്യപ്പെട്ട് സാമ്പത്തിക കുറ്റകൃത്യകേസുകൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ അപേക്ഷ നൽകിയേക്കും. അതിനിടെ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്നാ സുരേഷ്, പി.എസ്. സരിത്ത്, സന്ദീപ് നായർ എന്നിവരുടെ റിമാൻഡ് കാലവധി 13 വരെ നീട്ടി.