ന്യൂഡൽഹി: കിഫ്ബിക്കെതിരായ എൻഫേഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ നടപടികളിൽ ഇടപെടാനാകില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണർ സുനിൽ അറോറ. ഇ.ഡിയുടെ നടപടികളിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തിരഞ്ഞെടുപ്പു കമ്മീഷണർക്ക് കത്തെഴുതിയിരുന്നു. ഇതോടെ അന്വേഷണത്തിൽ ഇഡി നിലപാട് കടുപ്പിക്കും. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര അന്വേഷണ ഏജൻസികളുടെ നീക്കത്തെ രാഷ്ട്രീയമായിതന്നെ നേരിടാനാണ് സിപിഎം. തയ്യാറെടുക്കുന്നത്. ഇതിന് വേണ്ടിയാണ് കമ്മീഷൻ ഇടപെടലിന് ശ്രമിച്ചത്.

കത്തിലെ ആവശ്യങ്ങൾ പരിഗണിക്കാനാവില്ലെന്നായിരുന്നു തിരഞ്ഞെടുപ്പു കമ്മീഷണന്റെ നിലപാട്. കിഫ്ബിക്കെതിരായ അന്വേഷണം മാർച്ചു മുതൽ നടക്കുന്നതാണ്, തിരഞ്ഞെടുപ്പു കണക്കിലെടുത്ത് അന്വേഷണത്തിൽ ഇടപെടാനാവില്ലെന്നും സുനിൽ അറോറ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇതോടെ കിഫ്ബിയിൽ സിപിഎമ്മിന്റെ കമ്മീഷൻ പ്രതിരോധം പാളുകയാണ്. കസ്റ്റംസ് കേസുകൾക്കും മുമ്പോട്ട് പോകാനാകും. അതുകൊണ്ടു തന്നെ സ്വർണ്ണവും ഡോളറും കടത്തു കേസിൽ പല നിർണ്ണായക ഇടപെടലുകലും ഉടൻ സംഭവിക്കും. ഇതിനെതിരെ സംസ്ഥാന സർക്കാർ കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്

കിഫ്ബിക്കെതിരായ അന്വേഷണം ധനമന്ത്രി നിർമ്മലാ സീതാരാമന്റെ രാഷ്ട്രീയ താൽപ്പര്യമാണ് ഇഡിയുടെ ഇടപെടലെന്നും ഇ.ഡി. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചെന്നുമുള്ള ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണർക്കു കത്ത് നൽകിയത്. അന്വേഷണ ഏജൻസികൾ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതിനെതിരെ കമ്മീഷൻ ഇടപെടണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതാണ് കമ്മീഷൻ തള്ളുന്നത്. ഇതോടെ ഈ പ്രചരണകാലത്ത് ഡോളറും സ്വർണ്ണവും സജീവ ചർച്ചാ വിഷയമാകുമെന്ന് വ്യക്തമാകുകയാണ്.

കിഫ്ബിക്കെതിരേയുള്ള കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിനെതിരേ സംസ്ഥാന സർക്കാർ തുറന്ന ഏറ്റുമുട്ടലിലിന്റെ പാതയിലാണ്. ചോദ്യം ചെയ്യലിന് കിഫ്ബി മേധാവികൾ ഇപ്പോൾ ഹാജരാകില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ചോദ്യംചെയ്യൽ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കിഫ്ബി സിഇഒ. ഡോ. കെ.എം. എബ്രഹാം ഇ.ഡി.ക്ക് കത്തുനൽകി. ഇപ്പോൾ നടക്കുന്ന ചോദ്യംചെയ്യൽ നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു. എന്നാൽ അന്വേഷണത്തിന് പെരുമാറ്റ ചട്ടം ബാധകമല്ലെന്ന് വന്നതോടെ എബ്രഹാമിന് പോലും ഇഡി വിളിച്ചാൽ ചോദ്യം ചെയ്യലിന് പോകേണ്ടി വരും.

കിഫ്ബി ഫെമ നിയമം ലംഘിച്ച് വിദേശവായ്പ എടുത്തെന്ന കേസിൽ വ്യാഴാഴ്ച ഹാജരാകാൻ കിഫ്ബി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ വിക്രംജിത് സിങ്ങിന് നോട്ടീസ് നൽകിയിരുന്നു. അദ്ദേഹം പോയില്ല. ഇ.ഡി. ആവശ്യപ്പെട്ടെങ്കിലും വെള്ളിയാഴ്ച കിഫ്ബി സിഇഒ. ഹാജരാകില്ല. കിഫ്ബിക്കെതിരേ പ്രത്യേക തെളിവുകളുടെ അടിസ്ഥാനത്തിലല്ല ഇ.ഡി. ചോദ്യംചെയ്യൽ നടത്തുന്നത്. ഓറൽ സബ്മിഷന് ഹാജരാകാനാണ് നോട്ടീസ്. എന്തിനെക്കുറിച്ചാണെന്ന് വ്യക്തമാക്കിയിട്ടില്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ വേണം അന്വേഷണമെന്ന സുപ്രീംകോടതി നിർദ്ദേശത്തിന് എതിരാണിതെന്നും സംസ്ഥാനം പറയുന്നു.

ചോദ്യംചെയ്യാൻ ഹാജരാകണമെന്ന് കിഫ്ബി മേധാവികൾക്ക് മൂന്നിന് ലഭിച്ച നോട്ടീസിലെ വിവരങ്ങൾ മാർച്ച് രണ്ടിനുതന്നെ മാധ്യമങ്ങളിൽ വന്നു. അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്നതിന്റെ തെളിവാണിത്. ഇ.ഡി.യിൽനിന്നാണ് ഇതു ചോരുന്നത്. ഈ ഘട്ടത്തിലെ രാഷ്ട്രീയപ്രേരിതമായ അന്വേഷണം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് പരാതി. അതിനാൽ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതുവരെ ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്നും നിലപാട് എടുത്തു. അതിനിടെ വനിതാ ഉദ്യോഗസ്ഥയുടെ പരാതിയിൽ ഇ.ഡി.ക്കെതിരേ കേസെടുക്കുന്നതും പരിഗണനയിലുണ്ട്.

ചോദ്യംചെയ്യലിനിടെ തന്നോട് ഇ.ഡി. ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കിഫ്ബി ഉദ്യോഗസ്ഥയുടെ പരാതി കിഫ്ബി സിഇഒ. സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കൈമാറി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഇ.ഡി. ഉദ്യോഗസ്ഥരുടെപേരിൽ കേസെടുക്കാനാണ് ആലോചന. ഇ.ഡി. ഉദ്യോഗസ്ഥരുടെ പ്രവൃത്തികൾ നിയമനടപടി ക്ഷണിച്ചുവരുത്തുന്നതാണെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. ഉദ്യോഗസ്ഥരെ ശാരീരികമായി ഉപദ്രവിക്കുമെന്ന ഭാവത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ പെരുമാറിയത്.

വനിതാ ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കയച്ച കത്തിൽ മുഖ്യമന്ത്രിയും ആരോപിച്ചിരുന്നു.