- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിസ്പ്ലേ മാല നോക്കിയിട്ട് ഇഷ്ടപ്പെട്ടില്ല; സുന്ദരി മാല വേണമെന്ന് സെയിൽസ് മാനോട് പറഞ്ഞത് ചതി; മാല എടുക്കാൻ പോയപ്പോൾ കൈയിലുള്ളതുമായി മുങ്ങി ദമ്പതികൾ; കണക്കെടുപ്പിൽ കള്ളം കണ്ടെത്തി; ജൂവലറിയിൽ നിന്ന് സ്വർണാഭരണം മോഷ്ടിച്ച ദമ്പതികൾ പിടിയിൽ; കൈ കുഞ്ഞുള്ള അമ്മയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി പൊലീസ്
മലപ്പുറം: ജൂവലറിയിൽനിന്ന് സ്വർണാഭരണം മോഷ്ടിച്ച കൈക്കുഞ്ഞുള്ള ദമ്പതികൾ പിടിയിൽ. മലപ്പുറം പൊന്നാനിയിലെ ജൂവലറിയിൽ നിന്ന് സ്വർണ്ണ മാല മോഷ്ടിച്ച് കടന്നുകളഞ്ഞ മോഷ്ടാക്കളായ ദമ്പതികളെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ ബി.പി അങ്ങാടി സ്വദേശി മുഹമ്മദ് ജലീലിനെ (38)യും ഭാര്യ ആസിയയേയുമാണ് അറസ്റ്റ് ചെയ്തത്.
സ്വർണ്ണാഭരണം വാങ്ങാനെന്ന വ്യാജേന പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ ജൂവലറിയിലെത്തിയ ജലീലും ഭാര്യ ആസിയയും, ഡിസ്പ്ലേക്കായി വെച്ച സ്വർണാഭരണം മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. ആദ്യം സ്വർണമാല പരിശോധിച്ച ശേഷം സുന്ദരി മോഡലിലുള്ള മാല വേണമെന്ന് ആസിയ ആവശ്യപ്പെടുകയും, ഈ മാല അലമാരയിൽ നിന്ന് എടുക്കാനായി സെയിൽസ്മാൻ പോയതോടെ നേരത്തെ പ്രദർശനത്തിനു വെച്ച മാലയുമായി ഇരുവരും മുങ്ങുകയുമായിരുന്നു.
മൂന്ന് പവൻ തൂക്കം വരുന്ന മാലയാണ് ദമ്പതികൾ ചേർന്ന് മോഷ്ടിച്ചത്. തുടർന്ന് ഇവർ കടയിൽ നിന്നും കടന്നുകളഞ്ഞു. വൈകീട്ട് സ്റ്റോക്ക് ചെക്ക് ചെയ്യുമ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽ പെട്ടത്. തുടർന്ന് സി.സി.ടി.വി പരിശോധിച്ചപ്പോൾ ഇവർ മാല മോഷ്ടിച്ചതായി കണ്ടെത്തി. വാഹനത്തിന്റെ നമ്പർ സി.സി.ടി.വി കാമറയിൽ വ്യക്തമാവാത്തതിനാൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
കൈ കുഞ്ഞുള്ളതിനാൽ ആസിയയെ മഹിളാമന്ദിരത്തിലേക്ക് മാറ്റി.ജലീലിനെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പൊന്നാനി സിഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ എസ്‌ഐ സുജിത്ത്, സി.പി.ഒമാരായ ബിനീഷ്, പ്രിയ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്