- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ ജയിലിൽ നടക്കുന്നത് സ്വർണ്ണക്കടത്തു കേസ് അട്ടിമറിക്കാനുള്ള നീക്കമെന്ന് നിഗമനത്തിൽ കസ്റ്റംസ്; സ്വപ്ന അടക്കമുള്ള പ്രതികളെ സംസ്ഥാനത്തിന് പുറത്തെ ജയിലിൽ എത്തിക്കാൻ നീക്കം; കേന്ദ്ര ഏജൻസിയുടേത് സംസ്ഥാന സർക്കാറിനെയും സമ്മർദ്ദത്തിലാക്കുന്ന തന്ത്രപരമായ നീക്കം
കൊച്ചി: കേരളത്തിലെ ജയിലിൽ നടക്കുന്നത് സ്വർണ്ണക്കടത്തു കേസ് അട്ടിമറിക്കാനുള്ള നീക്കമെന്ന നിഗമനത്തിൽ കസ്റ്റംസ്. ഇതിന്റെ അടിസ്ഥാനത്തിൽ നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസിൽ കോഫെപോസ തടവുകാരായി പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷ്, പി.എസ്. സരിത്ത്, കെ.ടി. റമീസ് എന്നിവരെ സംസ്ഥാനത്തിനു പുറത്തെ ജയിലുകളിലേക്കു മാറ്റാൻ കസ്റ്റംസ് നിയമോപദേശം തേടി. സംസ്ഥാന സർക്കാറിനെ കൂടി സമ്മർദ്ദത്തിലാക്കുന്ന നീക്കമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തുന്നത്.
കേസിൽ മൊഴി മാറ്റാൻ പ്രതികളെ ജയിൽ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നതായുള്ള പരാതിയെ തുടർന്നാണ് ഇപ്പോഴത്തെ നീക്കങ്ങൾ. ബിജെപിയും മറ്റു പ്രതിപക്ഷപാർട്ടികളും ഈ വിഷയം ശക്തമായി ഉന്നയിച്ചു രംഗത്തുവന്നിട്ടുണ്ട്. സ്വർണക്കടത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേന്ദ്രമന്ത്രി വി. മുരളീധരൻ, ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രൻ എന്നിവരെ ബന്ധപ്പെടുത്തി മൊഴി നൽകാൻ ജയിലിനുള്ളിൽ സമ്മർദവും പീഡനവും നേരിടുന്നതായി കേസ് ഓൺലൈനായി പരിഗണിച്ചപ്പോൾ പി.എസ്. സരിത്ത് സാമ്പത്തിക കുറ്റവിചാരണക്കോടതിയോടു പരാതിപ്പെട്ടിരുന്നു.
ഇത് മുഖ്യമന്ത്രി അടക്കം വിവാദത്തിലായ കേസിൽ പ്രതിപക്ഷത്തെ നേതാക്കളെയും വലിച്ചിട്ടു രക്ഷപെടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കസ്റ്റംസ് കണക്കു കൂട്ടൽ. അഭിഭാഷകൻ മുഖേന നൽകിയ പരാതിയിൽ എൻഐഎ കോടതിയും സരിത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതോടെ കേസിന്റെ ഗൗരവം വർധിച്ചിട്ടുണ്ട്.
മൊഴി മാറ്റാൻ തയാറാകാത്തതിനാൽ ജയിലിൽ സ്വപ്നയുടെ ജീവനു ഭീഷണിയുണ്ടെന്നു സ്വപ്നയുടെ മാതാവും അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണു കോടതിയുടെ അനുവാദത്തോടെ പ്രതികളെ സംസ്ഥാനത്തിനു പുറത്തേക്കു മാറ്റാൻ ഒരുങ്ങുന്നത്. കേസിൽ സ്വപ്നയുടെ കൂട്ടുപ്രതിയായ സന്ദീപ് നായർ കേസന്വേഷിക്കുന്ന മറ്റൊരു കേന്ദ്ര ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരെ മൊഴി നൽകിയിരുന്നു.
കേസിൽ മുഖ്യമന്ത്രിയടക്കം കഴിഞ്ഞ മന്ത്രിസഭയിലെ പ്രമുഖർക്കെതിരെ മൊഴി നൽകാൻ പ്രേരിപ്പിച്ചെന്നായിരുന്നു സന്ദീപിന്റെ ആരോപണം. എൻഐഎ രജിസ്റ്റർ ചെയ്ത യുഎപിഎ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) കേസിൽ സന്ദീപിനെ മാപ്പുസാക്ഷിയാക്കിയിരുന്നു. കോഫെപോസ തടവുകാരെ മൊഴി മാറ്റാൻ പ്രേരിപ്പിച്ച ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണു കസ്റ്റംസ്.
കെ.ടി. റമീസ് ജയിലിൽ ലഹരിമരുന്ന് ഉപയോഗിച്ചെന്ന ജയിൽ ഉദ്യോഗസ്ഥരുടെ പരാതിയിൽ ലഹരി പദാർഥ നിരോധന നിയമം (എൻഡിപിഎസ്) അനുസരിച്ചു തെളിവു ശേഖരിക്കാൻ അധികാരമുള്ള കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങി. ലഹരിപദാർഥങ്ങൾ അടങ്ങിയ പാഴ്‌സൽ റമീസിനു വേണ്ടി ജയിലിൽ എത്തിയെന്ന പരാതിയിലെ പരാമർശം ഏറെ ഗൗരവമുള്ളതാണ്.
ഇതു സംബന്ധിച്ചു കേന്ദ്ര ഏജൻസികൾ ജയിൽ അധികാരികളുടെ മൊഴിയെടുക്കും. നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി), ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ), കസ്റ്റംസ് എന്നിവർക്കു സ്വന്തം നിലയിൽ ലഹരിക്കേസുകൾ അന്വേഷിക്കാൻ അധികാരമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ