താനും ദിവസങ്ങളായി പാരീസ് തെരുവുകളിൽ തേരാപാര പായുന്ന സ്വർണ മിന്നലാട്ടം കണ്ട് സായിപ്പന്മാർ ഞെട്ടി. നഗരത്തിലെ ആഢംബര ഹോട്ടലായ പ്ലാസ അതെനീയുടെ മുമ്പിൽ ചെന്ന് നിന്ന ആ മിന്നലാട്ടത്തിന്റെ അടുത്ത് ചെന്നു നോക്കുമ്പോൾ അതൊരു ലംബോർഗിനിയായിരുന്നു. വെറും ലംബോർഗിനിയല്ല. 60 ലക്ഷം അമേരിക്കൻ ഡോളർ വില വരുന്ന, സ്വർണത്തിൽ പൊതിഞ്ഞ ലംബോർഗിനി അവെന്റഡോർ. ലേകത്തെ ഏറ്റവും വിലപിടിപ്പുള്ള കാർ! സൗദി അറേബ്യൻ ഉടമയുടേതാണിത്. 666 നമ്പറുള്ള ഈ കാർ ഏതാനും ദിവസങ്ങളായ പാരീസ് നഗരമൊന്നാകെ ചുറ്റിയടിച്ചു കൊണ്ടിരിക്കുകയാണ്. ഇതു കണ്ട കാർ പ്രേമികൾ വഴിയോരങ്ങളിലെല്ലാം ഒരു ക്ലിക്കിനായി ക്യാമറയുമെടുത്ത് ഇറങ്ങിയിരുന്നു. ഏറ്റവും ആകർഷണീയമായ സൂപ്പർ കാറുകൾ ഗൾഫ് രാജ്യങ്ങളിലെ മെഗാ കോടീശ്വരന്മാരുടെ മക്കൾക്കിടയിലാണ് കൂടുതലുള്ളത്.

പക്ഷേ അവർ വേനൽ കാലത്ത് ഇതുമായി പലപ്പോഴും കറങ്ങാനെത്തുന്നത് യൂറോപ്യൻ നഗരങ്ങളിലാണ്. സമ്പന്ന ഖത്തറികളും സൗദികളും കുവൈത്തികളും ഇമാറാത്തികളും കൊടും വേനലിൽ നിന്ന് രക്ഷ തേടി ഇവിടങ്ങളിലെത്തുന്നു. തങ്ങളുടെ കോടികൾ വിലമതിക്കുന്ന ആഢംബര വാഹനങ്ങളും കൂടെ കൊണ്ടു വരുന്നു. ഉടമയുടെ ഇഷ്ടാനുസരണം മിനുക്കിയെടുക്കുകയും സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്ത പ്രത്യേകമായി നിർമ്മിച്ചു നൽകുന്ന ലംബോർഗിനി, ഫെറാറി, ബുഗട്ടി, ബെന്റ്‌ലി കാറുകളാണ് ഇവരുടേത്. ഇത് ടൂറിസ്റ്റുകളേയും കാർ പ്രേമികളെയും ഒരു പോലെ ആകർഷിക്കുന്നു.

ഈ വേനലിൽ ലണ്ടനിലെ സ്ലോവൻ സ്ട്രീറ്റിൽ കണ്ട സ്വർണ ഫെറാറി ഏവരുടേയും ശ്രദ്ധാ കേന്ദ്രമായി മാറിയിരുന്നു. പക്ഷേ പാരീസിൽ സ്വർണ ലംബോർഗിനി കൂടി പ്രത്യക്ഷപ്പെട്ടതോടെ സൂപ്പർകാർ വേനൽ ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് സൂചന. കമ്പനിയുടെ 50-ാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം ദുബായിലെ ഷോറൂമിൽ സ്വർണത്തിൽ പൊതിഞ്ഞ ലംബോർഗിനിയുടെ മാതൃക പ്രദർഷിപ്പിച്ചിരുന്നു. അതിനു വിലയിട്ടിരുന്നത് 75 ദശലക്ഷം ഡോളറായിരുന്നു. 25 കിലോ സ്വർണമാണ് ഈ കാറിൽ പൂശിയിരിക്കുന്നത്. ജർമൻ മെക്കാനിക്കൾ എൻജിനീയറയാ റോബർട്ട് ഗുൽപെൻ ആണ് രൂപകൽപ്പന ചെയ്തത്.