കോതമംഗലം: അമ്മയുടെ 'സ്വർണ്ണക്കൊലുസ് 'പണയം വച്ച് ഒരു ലക്ഷം രൂപയോളം തട്ടിയെടുത്ത സംഭവത്തിൽ അന്വേഷണമെത്തുന്നു കണ്ടപ്പോൾ മകൻ മുങ്ങി. നേര്യമംഗലത്താണ് സംഭവം. നേര്യമംഗലം കോളനി ഭാഗത്തെ താമസക്കാരനായ 22 കാരനാണ് ബാങ്കുകാർ അന്വേഷിച്ചെത്തിയതോടെ നാട്ടിൽ നിന്നും മുങ്ങിയത്.

സ്വർണ്ണമെന്ന് മാതാവ് അടുപ്പക്കാർക്കു മുന്നിൽ പ്രദർശിപ്പിച്ച് സായൂജ്യമടഞ്ഞിരുന്ന സാമാന്യം തൂക്കം വരുന്ന കൊലുസാണ് മകൻ നാട്ടിലെ ദേശസാൽകൃത ബാങ്കിന്റെ ശാഖയിൽ പണയപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രഹസ്യ സൂചനയെത്തുടർന്ന് ബാങ്ക് ജീവനക്കാരൻ പണയ ഉരുപ്പടി പരിശോധിച്ചതോടെയാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. ഒറ്റ നോട്ടത്തിൽ സ്വർണ്ണമെന്ന് തോന്നും വിധത്തിലായിരുന്നു ആധുനിക ഡിസൈനിലുള്ള കൊലുസിന്റെ നിർമ്മാണം.

ഉരച്ചു നോക്കിയാൽ പോലും മുക്കെന്ന് തിരിച്ചറിയാനാവാത്ത വണ്ണമുള്ള കൃത്യതയാണ് ബാങ്ക് ജീവനക്കാരന് വിനയായത്. സംഭവം തലവേദനയാവുമെന്നു കണ്ടതോടെ ബാങ്ക് ജീവനക്കാരൻ മാനേജരുടെ സഹായത്തോടെ സംഭവം ഒതുക്കി തീർക്കാൻ നീക്കം ആരംഭിച്ചതായിട്ടാണ് അറിയുന്നത്. തട്ടിപ്പ് നടത്തിയ യുവാവിന്റെ വീട്ടുകാരിൽ നിന്നും പണം ഈടാക്കാനാണ് ബാങ്ക് അധികൃതരുടെ നീക്കം. പൊലീസിനെ ബന്ധപ്പെടുത്താതെ ബാങ്ക് സ്വന്തം നിലയ്ക്കാണ് ഇതിനുള്ള നീക്കം നടക്കുന്നത്.

ഈ നീക്കം ഇതുവരെ വിജയിച്ചിട്ടില്ലന്നാണ് വ്യാപകമായി പ്രചരിച്ചിട്ടുള്ള വിവരം. യുവാവിന്റെ മാതാവിന് സ്വർണ്ണാഭരണങ്ങളോട് അമിതമായ താൽപര്യമുണ്ടെന്നാണ് അയൽവാസികളുടെ വിവരണങ്ങളിൽ നിന്നും വ്യക്തമാവുന്നത്. പുതിയ ആഭരണങ്ങൾ അണിഞ്ഞ് ,അയൽ വീടുകളിലെത്തി എങ്ങിനെയുണ്ടെന്ന് അടുപ്പക്കാരികളോട് അ
ഭിപ്രായമാരായുകയും തൂക്കം ചൂണ്ടിക്കാട്ടി മേനി നടിക്കുകയും പതിവായിരുന്നു.

ഇതുകൊണ്ട് തന്നെ അമ്മ ധരിച്ചിരുന്നത് സ്വർണ്ണമാണെന്ന് മകനും കരുതി. ഇതായിരിക്കാം ഇയാൾക്ക് പണി കിട്ടാൻ കാരണമെന്നാണ് നാട്ടുകാരുടെ സംശയം. സംഭവത്തിൽ ബാങ്ക് അധികൃതർ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.