നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിന് നിറം മങ്ങുന്നു; ഒരു വർഷത്തിനിടെ സ്വർണ വിലയിൽ ഉണ്ടായ ഇടിവ് പവന് 6920 രൂപ! ഇന്നലെ മാത്രം കുറഞ്ഞത് 600 രൂപ
- Share
- Tweet
- Telegram
- LinkedIniiiii
കൊച്ചി: സ്വർണ്ണവിപണിയുടെ ഏറ്റവും വലിയ മാർക്കറ്റാണ് കേരളം. കോവിഡ് കാരണം കേരളത്തിൽ നടക്കേണ്ടിയിരുന്ന കല്യാണങ്ങൾ മിക്കതും മാറ്റിവെക്കുന്ന നിലയാണുള്ളത്. അതുകൊണ്ട് തന്നെ ഇപ്പോൾ സ്വർണ്ണവിലയിലും കുറവ് അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്ന പ്രതിഭാസമാണ് കുറച്ചുകാലമായി നിലനില്ക്കുന്നത്.
ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയിൽ ആണ് ഇന്നലെ വ്യാപാരം നടന്നത്. ഗ്രാമിന് 75 രൂപയും പവന് 600 രൂപയും ഇടിഞ്ഞു ഗ്രാമിന് 4385 രൂപയും പവന് 35,080 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 4,460 രൂപയിലും പവന് 35,680 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ മൂന്നുദിവസമായി ഗ്രാമിന് 105 രൂപയും പവന് 840 രൂപയുടെയും കുറവുണ്ടായി.
ജൂലൈയിൽ മുന്നേറ്റം തുടർന്ന സ്വർണം ഓഗസ്റ്റിൽ താഴേക്ക് പോകുന്ന കാഴ്ചയാണ് സംസ്ഥാനത്തെ വിപണിയിൽ കാണുന്നത്. ഓഗസ്റ്റ് ഒന്നിനു ശേഷം മാത്രം ഗ്രാമിന് 215 രൂപയുടെയും പവന് 1720 രൂപയുടെയും കുറവുണ്ടായിട്ടുണ്ട്. നിക്ഷേപമെന്ന നിലയിൽ കഴിഞ്ഞ ഒരു വർഷമായി സ്വർണത്തിന്റെ നിറം മങ്ങുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2020 ഓഗസ്റ്റ് 7,8,9 എന്നീ തീയതികളിലാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്.
ഗ്രാമിന് 5250 രൂപയായിരുന്നു സ്വർണം അന്ന് കരസ്ഥമാക്കിയത്. ഒരു വർഷത്തിനു ശേഷം 2021 ഓഗസ്റ്റ് 7ന് സ്വർണ വില പവന് 35,080 രൂപയായി താഴ്ന്നിട്ടുണ്ട്. പവന് 6920 രൂപയുടെ കുറവാണിത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്നും ഗ്രാമിനിപ്പോൾ ഇടിഞ്ഞിട്ടുള്ളത് 865 രൂപയാണ്. കഴിഞ്ഞ ഒരു വർഷമായി സ്വർണത്തിൽ കനത്ത ചാഞ്ചാട്ടങ്ങളാണ് ദൃശ്യമായത്.
കോവിഡ് ആഗോള വിപണികളിൽ വലിയ ഇടിവുണ്ടാക്കിയതിനെത്തുടർന്ന് നിക്ഷേപകർ സ്വർണത്തിലേക്ക് ചുവടുമാറ്റിയതോടെയാണ് സ്വർണവില എക്കാലത്തെയും ഉയരത്തിലെത്തിയത്. കഴിഞ്ഞ മാർച്ചിൽ സ്വർണ വില 32280 രൂപയിലേക്കു കുറഞ്ഞെങ്കിലും കോവിഡ് രണ്ടാം തരംഗം ശക്തി പ്രാപിച്ചതോടെ വില വീണ്ടും ഉയർന്നു. ഓണം സീസണിൽ വില കുറയുന്നതിനാൽ വ്യാപാരികൾ പ്രതീക്ഷയിലാണ്.
മറുനാടന് ഡെസ്ക്