കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ് തുടരുന്നു. തിങ്കളാഴ്ച പവന് 240 രൂപകുറഞ്ഞ് 35,760 രൂപയിലെത്തി. ഗ്രാമിന് 4470 രൂപയുമായി.തുടർച്ചയായ ദിവസങ്ങളിൽ സ്വർണവില ഇടിയുന്ന പ്രവണതയാണുള്ളത്. ശനിയാഴ്ച പവന് 360 രൂപ ഇടിഞ്ഞ് 36,000 രൂപയും വെള്ളിയാഴ്ച പവന് 120 രൂപ കുറഞ്ഞ് 36,360 രൂപയുമായിരുന്നു.

ഓഗസ്റ്റിൽ റെക്കോഡ് വിലയായ 42,000 രൂപയിൽ എത്തിയതിനുശേഷം പിന്നീട് ഇടിവാണ് ഉണ്ടായത്. നാല് മാസത്തിനുള്ളിൽ പവന് 6,240 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

അമേരിക്കൻ തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ ഏകദേശം മാറുകയും കോവിഡ് വാക്സിൻ വിവരങ്ങൾ പുറത്തുവരികയും ചെയ്തതോടെയാണ് ആഗോളതലത്തിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയത്.

ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) 24 കാരറ്റ് സ്വർണത്തിന് 1.3ശതമാം വിലയിടിഞ്ഞ് 1,766.26 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

കോവിഡ് വ്യാപനത്തെതുടർന്നുള്ള അനിശ്ചിതത്വമാണ് സ്വർണവിലയിൽ കുതിപ്പുണ്ടാക്കിയത്. കോവിഡ് വാക്സിനിലുടെ രോഗത്തെ അതിജീവിക്കാൻ കഴിയുമെന്ന ശുഭാപ്തിവിശ്വാസം സ്വർണത്തിന്റെ തിളക്കത്തെയും ബാധിച്ചു. 2021 ആദ്യപാദംവരെ വിലയിൽ സ്ഥിരത കൈവരിക്കാൻ പ്രയാസമാണെന്നും ചാഞ്ചാട്ടം തുടരുമെന്നുമാണ് റിപ്പോർട്ടുകൾ.